ഈദിനു തൊട്ടുമുമ്പുള്ള ദിനങ്ങളിൽ ദക്ഷിണ കശ്മീരിലെ അനന്ത് നാഗ് സന്ദർശിച്ച് ജനങ്ങളോട് അടുത്തിടപഴകി പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ.  അനന്ത് നാഗിലെ  കർഷകരോടും ആടുമാട്  വ്യാപാരികളോടുമൊക്കെ ഡോവൽ ക്ഷേമാന്വേഷണങ്ങൾ നടത്തി. വ്യാപാരികളോട് അദ്ദേഹം ആടുമാടുകളുടെ വില്പന വിലയും, ശരാശരി തൂക്കവും, തീറ്റക്രമങ്ങളും ഒക്കെ വിശദമായി ചോദിച്ചറിഞ്ഞു. 

അവിടെ കൂടിനിന്നവരിൽ മിക്കവർക്കും ഇത് അജിത് ഡോവലാണെന്നോ, അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണെന്നോ ഒന്നും അറിയില്ലായിരുന്നു. അക്കൂട്ടത്തിൽ ഒരു കച്ചവടക്കാരൻ  തന്റെ പുതിയ രണ്ടു ആട്ടിൻകുട്ടികളെ  താൻ വാങ്ങിയത് കാർഗിലിലെ ദ്രാസിൽ നിന്നുമാണ് എന്ന വിശേഷം ഡോവലുമായി പങ്കുവെച്ചു. എന്നിട്ടയാൾ അദ്ദേഹത്തോട് ചോദിച്ചു, "ദ്രാസ് എന്ന് കേട്ടിട്ടുണ്ടോ? അത് എവിടെയാണെന്ന് അറിയുമോ?" 

ഡോവൽ മറുപടി പറയാൻ തുടങ്ങും മുമ്പുതന്നെ അനന്ത്‌നാഗിലെ ഡെപ്യൂട്ടി കമ്മീഷണർ ഖാലിദ് ജഹാംഗീർ ഇടപെട്ടു, "ഇത് ആരാണെന്ന് വല്ല അറിവുമുണ്ടോ? ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടാണ് നിങ്ങൾ സംസാരിക്കുന്നത്..." പരുങ്ങിപ്പോയ ആ കച്ചവടക്കാരന്റെ പുറത്ത് തട്ടി, അയാൾക്ക് കയ്യും കൊടുത്ത് ഡോവൽ അവിടെ നിന്നും പുറപ്പെട്ടു. 

കേന്ദ്രം ആർട്ടിക്കിൾ 370 റദ്ദാക്കിയ അന്നുതൊട്ട് അജിത് ഡോവൽ കശ്മീരിൽ ക്യാമ്പുചെയ്തുവരികയാണ്.  മാധ്യമങ്ങളിലൂടെ പുറത്തുവന്ന അനന്തനാഗിലെ ഡോവലിന്റെ സന്ദർശനങ്ങളുടെ ഒരു വീഡിയോ:


റോഡരികിൽ വണ്ടി നിർത്തി അവിടെ കണ്ട ഒരു കുട്ടിയോടായി, ഡോവൽ: "സ്‌കൂളൊക്കെ അടച്ചിരിക്കുകയാണോ?"   

സ്‌കൂൾ കുട്ടി : "അതെ..." 

ഡോവൽ : "സന്തോഷമായോ?"  

സ്‌കൂൾ കുട്ടി : "ഉവ്വ്..." 

അതേസമയം, കുട്ടിയുടെ അടുത്ത് നിൽക്കുന്ന മുതിർന്നയാൾ  : " സന്തോഷമോ? ഇവിടെ ആർക്കുണ്ട് സന്തോഷം..."  

ഡോവൽ  :  "കുട്ടികൾക്ക് സ്‌കൂൾ അടച്ചാൽ സന്തോഷമാവില്ലേ പിന്നെ..."  

ആദ്യമായിട്ടാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീർ താഴ്വരയിലെ ജനങ്ങളോട് നേരിട്ട് സംവദിക്കാൻ തെരുവിലേക്കിറങ്ങുന്നത്. 

തുടർന്നുള്ള വീഡിയോകളിൽ തീർത്തും സാധാരണസ്ഥിതി പുനഃസ്ഥാപിക്കപ്പെട്ട തെരുവുകളും അങ്ങാടികളും മറ്റും കാണിക്കുന്നുണ്ട്. തുറന്നുപ്രവർത്തിക്കുന്ന ഒരു എടിഎമ്മിനു മുന്നിൽ ക്യൂ നിൽക്കുന്ന ജനങ്ങളെയും, ആശുപത്രിക്കുമുന്നിലും മാർക്കറ്റുകളിലും ഒക്കെ തങ്ങളുടെ ആവശ്യങ്ങൾക്കായി വന്നിരിക്കുന്ന പൊതുജനങ്ങളെയും ഒക്കെ ഈ വീഡിയോകളിൽ കാണിക്കുന്നുണ്ട്. പശ്ചാത്തലത്തിൽ കേൾക്കുന്ന വിവരണങ്ങളിലും അതുതന്നെയാണ് ആവർത്തിക്കുന്നതും, "കശ്മീരിൽ എല്ലാം നോർമലാണ്, എല്ലാവരും സന്തോഷത്തിലാണ്..." 

"

"