വീഡിയോ ശ്രദ്ധയിൽ പെട്ട മെറ്റാ ആസ്ഥാനത്ത് നിന്നും ഉടൻ തന്നെ ഉത്തർപ്രദേശ് പൊലീസ് വകുപ്പിന്റെ സോഷ്യൽ മീഡിയ സെന്ററിലേക്ക് ഇമെയിൽ വഴി അലര്‍ട്ട് അയച്ചു. ശുക്ലയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അടക്കമായിരുന്നു ഇമെയിൽ.

ഇൻസ്റ്റ​ഗ്രാമിൽ ലൈവിട്ട് ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഉത്തർ പ്രദേശ് പൊലീസ്. പൊലീസിന് വിവരം നൽകിയത് ഫേസ്‍ബുക്കിന്റെയും ഇൻസ്റ്റയുടെയും മാതൃസ്ഥാപനമായ മെറ്റയുടെ കാലിഫോർണിയ ഹെഡ്ക്വാട്ടേഴ്സിൽ നിന്നും. 

ആത്മഹത്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും പോസ്റ്റ് ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ കണ്ടാൽ ഉടൻ തന്നെ അറിയിക്കാൻ തക്കവണ്ണം കഴിഞ്ഞ വർഷം മാർച്ചിൽ യുപി പൊലീസ് മെറ്റയുമായി ബന്ധം സ്ഥാപിച്ചിരുന്നു. കനൗജുകാരനായ എന്നാൽ ഇപ്പോൾ ​ഗാസിയാബാദിലെ വിജയ് ന​ഗർ ഏരിയയിൽ താമസിക്കുന്ന 23 -കാരനായ അഭയ് ശുക്ലയാണ് ചൊവ്വാഴ്ച രാത്രി ഇൻസ്റ്റ​ഗ്രാമിൽ ലൈവിട്ട് കൊണ്ട് ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി കുരുക്കിട്ടത്. 

വീഡിയോ ശ്രദ്ധയിൽ പെട്ട മെറ്റാ ആസ്ഥാനത്ത് നിന്നും ഉടൻ തന്നെ ഉത്തർപ്രദേശ് പൊലീസ് വകുപ്പിന്റെ സോഷ്യൽ മീഡിയ സെന്ററിലേക്ക് ഇമെയിൽ വഴി അലര്‍ട്ട് അയച്ചു. ശുക്ലയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അടക്കമായിരുന്നു ഇമെയിൽ. ഫോണിന്റെ ലൊക്കേഷൻ നഗരത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ സോഷ്യൽ മീഡിയ സെന്റർ ആ മുന്നറിയിപ്പ് ഗാസിയാബാദ് പൊലീസ് കമ്മീഷണറേറ്റിലേക്ക് കൈമാറി. അവിടെ നിന്നും ഉടൻ തന്നെ വിജയ് ന​ഗർ പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറുകയും ഉദ്യോ​ഗസ്ഥർ ഉടനടി അവിടെത്തി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Scroll to load tweet…

ശുക്ലയുടെ മൊബൈൽ ലോക്കേഷൻ പിന്തുടർന്ന് വെറും 15 മിനിറ്റിനുള്ളിൽ സംഘം യുവാവിന്റെ വീട്ടിൽ എത്തിച്ചേർന്നു. അയാളെ രക്ഷപ്പെടുത്തിയ ശേഷം കൂടെ കൂട്ടി. തുടർന്ന് ആറ് മണിക്കൂർ നീണ്ട കൗൺസലിം​ഗ്. അതിനുശേഷം യുവാവ് സുരക്ഷിതനാണ് എന്ന് ഉറപ്പിക്കൽ. അതിനും ശേഷമാണ് യുവാവിനെ വീട്ടിലേക്ക് തിരികെ അയച്ചത്. 

സഹോദരിയുടെ വിവാഹത്തിന് വേണ്ടി മാറ്റിവച്ച തുകയിൽ നിന്നും 90,000 രൂപ ശുക്ല വാങ്ങിയിരുന്നു. ബിസിനസിലെ നഷ്ടത്തെ തുടർന്നായിരുന്നു ഇത്. സാമ്പത്തികമായ ഈ പ്രയാസമാണ് യുവാവിനെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)