"ഈ മാന്യൻ", "നിങ്ങൾ പറഞ്ഞ കഥാപാത്രം", "ഒരു രാഷ്ട്രീയ നേതാവ്", "പ്രതികാരബുദ്ധ്യാ പ്രവർത്തിക്കുന്ന ഒരാൾ" - കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി വ്ലാദിമിർ പുടിൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആരോപണങ്ങളുടെ കരിനിഴൽ വീഴ്ത്തിയ അലക്സി നവൽനിയെ അതി നിശിതമായി തിരിച്ചു വിമർശിക്കുമ്പോഴും അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതിരിക്കാൻ, ആ നാമം അബദ്ധവശാൽ പോലും നാവിൽ വരാതിരിക്കാൻ സൂക്ഷിച്ചിട്ടുണ്ട്.  

 

 

തന്റെ നേർക്ക് ആരോപണങ്ങളുടെയും പരിഹാസങ്ങളുടെയും കൂരമ്പുകൾ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഉന്നയിച്ചു കൊണ്ടിരുന്ന ഒരാൾ, റഷ്യൻ മണ്ണിൽ വച്ച് നോവിച്ചോക്ക് എന്ന മിലിട്ടറി ഗ്രേഡ് നെർവ് ഏജൻറ് (മാരകവിഷം) കൊണ്ട് മരണാസന്നനായിട്ടും ഇതുവരെ അതേപ്പറ്റി റഷ്യൻ പ്രസിഡന്റ് പുടിൻ വാ തുറന്നൊരു പരാമർശം പോലും നടത്തിയിട്ടില്ല. നവൽനി ചികിത്സയിൽ കഴിയുന്നത് ജർമനിയിലെ ഒരു ആശുപത്രിയിലാണ്. ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ വരെ ഈ കൊലപാതകശ്രമത്തെ അപലപിച്ച് പ്രസ്താവന ഇറക്കിക്കഴിഞ്ഞിട്ടും പുടിന് അനക്കമില്ല. അങ്ങനെ ഒരു സംഭവമേ നടന്ന മട്ടില്ല അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ കണ്ടാൽ. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ' എന്ന മട്ടിൽ പുടിൻ സ്വാഭാവികമായും പ്രതിക്കൂട്ടിൽ വന്നിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ ഈ മൗനമെന്നത് ശ്രദ്ധേയമാണ്. 

ഇത്രയും കാലത്തിനിടക്ക് ഒരേയൊരു തവണയാണ് പൊതുമണ്ഡലത്തിൽ പുടിൻ തന്റെ എതിരാളിയായ അലക്സി നവൽനിയുടെ പേര് ഉച്ചരിച്ചു കേട്ടിട്ടുള്ളത്. ഒരേയൊരു വട്ടം. അതും നേരിട്ടുള്ള ഒരു ചോദ്യത്തിനുള്ള മറുപടി എന്ന നിലക്ക് മാത്രം. 2013 -ൽ ഒരു മദ്യപാന സദസ്സിൽ വെച്ച്, അവിടെ സന്നിഹിതയായിരുന്ന ഒരു ജേർണലിസ്റ്റ് വളരെ കാഷ്വലായി "അങ്ങേക്ക് നവൽനിയുടെ പേര് പരാമർശിക്കാൻ വല്ലാത്തൊരു വൈക്ലബ്യം ഉണ്ടല്ലേ ?" എന്ന് ചോദിച്ചപ്പോൾ, "ഹേ.. ഇല്ല.. എന്തിന്..? അലക്സി നവൽനി പ്രതിപക്ഷനിരയിലെ പ്രധാനപ്പെട്ട ഒരു നേതാവല്ലേ..." എന്ന് ഒരു വട്ടം പറഞ്ഞത് മാത്രമാണ് ആദ്യമായും അവസാനമായും ആ പേര് പുടിന്റെ നാവിൽ വന്നതിനുള്ള സാക്ഷ്യം.

കാലം കഴിയുന്തോറും തന്റെ രാഷ്ട്രീയ എതിരാളിയുടെ പേര് പരാമർശിക്കാനുള്ള പുടിന്റെ വിമുഖത ഏറിവരികയാണ് ചെയ്യുന്നത്. ഒരിക്കൽ ഒരു പത്രസമ്മേളനത്തിൽ വെച്ച് ഒരു മാധ്യമപ്രവർത്തകൻ നേരിട്ട് നവൽനിയെപ്പറ്റി ചോദിച്ചപ്പോൾ പുടിൻ പറഞ്ഞത്,"നിങ്ങളിപ്പോൾ പറഞ്ഞയാൾ, അയാൾ സാകഷ്‌വിലിയെപ്പോലെയാണ്. അയാളുടെ റഷ്യൻ വേർഷൻ മാത്രമാണ് ഇയാൾ" എന്നായിരുന്നു. പുടിൻ പറഞ്ഞത് നവൽനി ജോർജിയയിലെ പ്രസിഡന്റ് മിഖയിൽ  സാകഷ്‌വിലിയെപ്പോലെയാണ് എന്നായിരുന്നു. ആ പ്രസ് കോൺഫറൻസ് തീർന്നയുടനെ നവൽനി പുടിനെ ലക്ഷ്യമിട്ട് ഒരു ട്വീറ്റ് ഇട്ടിരുന്നു. "എന്റെ പേരൊഴിവാക്കാൻ വേണ്ടി പറയപ്പെടുന്ന വാക്കുകളുടെ പട്ടികയിലേക്ക് ഇന്നുമുതൽ 'നിങ്ങളിപ്പോൾ പറഞ്ഞയാൾ' എന്ന സംജ്ഞ ചേർക്കുകയാണ്." എന്നായിരുന്നു ആ ട്വീറ്റിലെ പരിഹാസം.

 

 

ഒരു വർഷം കഴിഞ്ഞ് മറ്റൊരു പത്രസമ്മേളനത്തിനിടെ ഒരു ഓസ്ട്രിയൻ റിപ്പോർട്ടർ വീണ്ടും നവൽനിയെപ്പറ്റി ചോദിച്ചു. ആ ചോദ്യം പക്ഷേ പുടിൻ അവഗണിക്കുകയാണ് ചെയ്തത്,. അലക്സി നവൽനി എന്ന പേരുപോലും പ്രസ് മീറ്റുകളിലും മറ്റു പൊതുപരിപാടികളിലും പറയാതിരിക്ക വഴി, നവൽനിക്ക് ആ വഴി കിട്ടുന്ന പബ്ലിസിറ്റി നിഷേധിക്കുകയാണ് പുടിൻ പാളയം ചെയ്യാനുദ്ദേശിക്കുന്നത്. ഒരിക്കൽ മോസ്‌കോ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിട്ടപ്പോൾ നവൽനി ഒരു പബ്ലിസിറ്റിയും കൂടാതെ തന്നെ 27 ശതമാനം വോട്ടുകൾ നേടിയെടുത്തത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ അലോസരപ്പെടുത്തിയിരുന്നു. അന്നുതൊട്ട് നവൽനിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ചുകൊണ്ട് അഴിമതി വാർത്തകൾ എയർ ചെയ്തുകൊണ്ടിരിക്കുന്ന റഷ്യൻ സർക്കാർ വക ടെലിവിഷൻ ചാനലുകൾ പക്ഷേ, നവൽനിക്ക് വിഷബാധയേറ്റതും, അത് നോവോചെക്ക് എന്ന മിലിട്ടറി ഗ്രേഡ് നെർവ് ഏജൻറ് ആണെന്നതും ഒക്കെ വളരെ തിടുക്കത്തിൽ ഒന്ന് പരാമർശിച്ച് പോയതേയുള്ളൂ. 

റഷ്യയുടെ നാഷണൽ ഗാർഡ്‌സ് എന്ന സുരക്ഷാ സേന അഴിമതിയിൽ  കുളിച്ച് നിൽക്കെയാണ് എന്ന് ഒരിക്കൽ നവൽനി ആക്ഷേപം ഉന്നയിച്ചിരുന്നു. അന്ന് സേനയുടെ തലവനായ വിക്ടർ സോളോടോവ് ഫുൾ യൂണിഫോമിൽ വന്നു നിന്നാണ് നവൽനിക്കെതിരെ ഭീഷണി സന്ദേശം അയച്ചുവിട്ടത്. "നിനക്ക് നീ അർഹിക്കുന്ന പ്രഹരം ഇതുവരെ ആരും തന്നിട്ടില്ല എന്ന് തോന്നുന്നു. നിന്റെ കരൾ വരെ പിടക്കുന്ന അത്ര ശക്തമായ ഒരു പ്രഹരം കിട്ടാത്തതിന്റെ കുറവുണ്ട് നിങ്ങൾക്ക്" എന്ന് ആ സന്ദേശത്തിൽ സോളോടോവ് പരസ്യമായിത്തന്നെ നവൽനിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇടിക്കൂട്ടിലേക്ക് ഫൈറ്റിനു വരാനും അന്ന് സോലോട്ടോവ് നവൽനിയെ വെല്ലുവിളിച്ചിരുന്നു. സെക്കന്റുകൾക്കകം ഇടിച്ചു പതം വരുത്തിക്കളയും എന്നായിരുന്നു അന്നത്തെ വീഡിയോയിൽ സോലോട്ടോവ് നവൽനിയെ ഭീഷണിപ്പെടുത്തിയത്.ഇന്ന് നവൽനി തീവ്രപരിചരണ വിഭാഗത്തിൽ വിഷബാധയേറ്റ് മരണത്തോട് മല്ലടിച്ച് കോമയിൽ കിടക്കുമ്പോൾ ആ ആ ഭീഷണി അറംപറ്റി എന്നാണ് തോന്നുന്നത്. ഇനി ഈ ആക്രമണത്തിന് പിന്നിലുള്ള ബന്ധങ്ങൾ നീണ്ട സോളോടോവിലേക്ക് എത്തുമോ എന്നുമാത്രമാണ് അറിയാനുള്ളത്. പുടിൻ തലപ്പത്തിരിക്കുന്ന കാലത്തോളം അത്തരത്തിൽ ഒരു അന്വേഷണവും ഉണ്ടാകും എന്നും കരുതാൻ വയ്യ. 

 

 

പുടിൻ അനുയായികൾ പലപ്പോഴായി നവൽനിയെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിട്ടുണ്ട് എങ്കിലും, പുടിൻ നേരിട്ട് ഇതുവരെ അലക്സി നവൽനി എന്ന പേര് പരാമർശിക്കുക പോലും ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ലോകരാജ്യങ്ങളുടെ തലവന്മാർ പലരും റഷ്യയോട് നവൽനി വിഷയത്തിൽ ഒരു പ്രതികരണം ആരായുന്ന സാഹചര്യത്തിൽ ചിലപ്പോൾ പുടിൻ ആ പേര് പറയാൻ ഇനിയെങ്കിലും നിർബന്ധിതനായി എന്ന് വരാം. ആ പ്രതികരണം, റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള വൈദേശിക ഗൂഢാലോചനയാണ് ഈ കൊലപാതകശ്രമം പോലും എന്ന ലൈനിൽ ആകാനാണ് സാധ്യത.