ആദ്യ മാരത്തണിലേക്കുള്ള ക്ഷണം ലഭിച്ചതും അപ്പോഴാണ് എന്നും അലിഗ ഓര്‍ക്കുന്നു. അപ്പോഴാണ് തനിക്ക് എന്തെങ്കിലും ചെയ്യാനുറപ്പുള്ള ഒരു മനസുണ്ട് എന്ന് തിരിച്ചറിഞ്ഞത്.
ജീവിതത്തിലെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് നമുക്കെല്ലാം ഒരു കാഴ്ചപ്പാടുണ്ടാവും. ചിലര്‍ എത്ര തന്നെ പ്രയാസങ്ങള്‍ വന്നാലും ധൈര്യത്തോടെയും പൊസിറ്റീവായും ജീവിതത്തെ നേരിടും. അലിഗ പ്രസന്ന(Aliga Prasanna) എന്ന യുവാവും അങ്ങനെയാണ്. ഹൈദരാബാദിൽ(Hyderabad) നിന്നുള്ള 28 -കാരനായ അലിഗയ്ക്ക് 2013 -ലാണ് ഒരു അപകടത്തിൽ കാൽ നഷ്ടപ്പെടുന്നത്. സുഹൃത്തിനൊപ്പം ഡിന്നറിന് പോയതായിരുന്നു അലിഗ. എന്നാല്‍, അദ്ദേഹവും സുഹൃത്തും ഒരാൾ മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ അപകടത്തിന്‍റെ ഇരകളായി മാറി. സുഹൃത്തിന്റെ തലയ്ക്കും കൈകൾക്കും പരിക്കേറ്റപ്പോൾ അലിഗയുടെ കാൽ നഷ്ടപ്പെട്ടു.
അപകടം നടന്നയുടൻ തന്നെയും സുഹൃത്തിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കൂട്ടാക്കാതെ വാഹനമോടിച്ചവര്‍ കടന്നുകളഞ്ഞുവെന്നും അതാണ് തന്നെ കൂടുതല്‍ നിരാശനാക്കിയത് എന്നും അലിഗ പറയുന്നു. ANI-യോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു, “2013 -ൽ ഒരു ദാരുണമായ അപകടത്തിൽ എനിക്ക് എന്റെ കാൽ നഷ്ടപ്പെട്ടു. രക്ഷപ്പെടാനുള്ള സാധ്യത 20 ശതമാനം മാത്രമായിരുന്നു. കാല്‍ മുറിച്ചു മാറ്റി, ഞാൻ രക്ഷപ്പെട്ടു. അങ്ങനെയാണ് കൃത്രിമക്കാലാവുന്നത്.''
പ്രൊഫഷണൽ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറും ഒരു വീഡിയോ എഡിറ്ററുമായ അലിഗ അപകടത്തിന് ശേഷമുള്ള ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു എന്ന് പറയുന്നു. ഒരു കുഞ്ഞിന്‍റെ അവസ്ഥയായിരുന്നു എന്നും അലിഗ പറയുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹം വിഷാദാവസ്ഥയിലായി. പക്ഷേ, അമ്മാവന്റെ നിർദ്ദേശപ്രകാരം, ആറ് മാസത്തിന് ശേഷം കൃത്രിമക്കാൽ ലഭിക്കുന്നതുവരെ അലിഗ ജിമ്മിൽ ചേർന്നു.
ആദ്യ മാരത്തണിലേക്കുള്ള ക്ഷണം ലഭിച്ചതും അപ്പോഴാണ് എന്നും അലിഗ ഓര്‍ക്കുന്നു. അപ്പോഴാണ് തനിക്ക് എന്തെങ്കിലും ചെയ്യാനുറപ്പുള്ള ഒരു മനസുണ്ട് എന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹം പറഞ്ഞു, “എന്റെ സുഹൃത്തുക്കളും കുടുംബവും എന്നെ വളരെയധികം പിന്തുണച്ചു. എന്റെ ആദ്യത്തെ മാരത്തൺ 5 കി.മീ ആയിരുന്നു. സദസ്സും പങ്കെടുത്തവരും എന്നെ പ്രോത്സാഹിപ്പിച്ചു. മാരത്തണിന്റെ അഞ്ച് കിലോമീറ്റർ ഒരു മണിക്കൂർ കൊണ്ട് ഞാൻ പൂർത്തിയാക്കി.“
ആദ്യ ഓട്ടത്തിന് ശേഷം അലിഗയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടർന്നു കൂടുതൽ ദൂരം പിന്നിടാൻ തുടങ്ങി. “പിന്നീട് ഞാൻ 10 കിലോമീറ്റർ മാരത്തണില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കാൻ ആഗ്രഹിച്ചു. 10 കിലോമീറ്റർ മാരത്തൺ ഞാൻ ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കി. ഒരുപാട് പരിശീലിച്ചു. ഞാൻ ആളുകൾക്ക് ഒരു പ്രചോദനമായി മാറിയെന്നു പറഞ്ഞു. ഈ സന്തോഷം പ്രകടിപ്പിക്കാവുന്നതിനും അപ്പുറമാണ്.”
എന്നിരുന്നാലും, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി ബെംഗളൂരുവിൽ പോയ 21 കിലോമീറ്റർ മാരത്തണായിരുന്നു. അലിഗ മാരത്തണുകളിൽ പങ്കെടുക്കുക മാത്രമല്ല, കുതിരസവാരി ആസ്വദിക്കുകയും അത് ഒരു 'സ്ട്രെസ് ബസ്റ്റർ' ആണ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. മാരത്തണുകളിൽ പങ്കെടുക്കാനും അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
