കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിച്ചാൽ 10 ലക്ഷം രൂപ. വാഗ്ദാനത്തില്‍ വീണത് അനവധി യുവാക്കള്‍. മാനഹാനി ഭയന്ന് പലരും പരാതിപ്പെട്ടില്ല. എന്നാലിപ്പോള്‍, തട്ടിപ്പുസംഘം ബിഹാറില്‍ അറസ്റ്റില്‍.
കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 'ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്' (All India Pregnant Job) എന്ന പേരിൽ യുവാക്കളെ വലയിലാക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ ബിഹാർ പോലീസ് പിടികൂടി. നവാഡ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിക്കുന്ന പുരുഷന്മാർക്ക് 10 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി ഇവർ വാഗ്ദാനം ചെയ്തിരുന്നത്. ഇനി ഗർഭിണിയാക്കുന്നതിൽ പരാജയപ്പെട്ടാൽ പോലും വാഗ്ദാനം ചെയ്ത തുകയുടെ പകുതി ഉറപ്പായും നൽകുമെന്നും ഇവർ വിശ്വസിപ്പിച്ചിരുന്നു. മോഡലുകളുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുത്ത് യുവാക്കളെ പ്രലോഭിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.
കുറഞ്ഞ സമയം കൊണ്ട് ലക്ഷപ്രഭുവാകാം എന്ന് കരുതിയ പലരും തങ്ങളുടെ സമ്പാദ്യം മുഴുവൻ ഈ തട്ടിപ്പുകാർക്ക് നൽകി. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ആദ്യം രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും. പിന്നീട് ഹോട്ടൽ വാടക, ടാക്സ്, ഫയൽ ചാർജ് എന്നിങ്ങനെ വിവിധ പേരുകളിൽ പണം തട്ടിക്കൊണ്ടിരിക്കും. ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാലും, മാനഹാനി ഭയന്ന് പലരും പോലീസിൽ പരാതിപ്പെടാനോ മറ്റുള്ളവരോട് പറയാനോ തയ്യാറാകാത്തത് തട്ടിപ്പുകാർക്ക് ഗുണകരമാവുകയായിരുന്നു.
'പ്രഗ്നന്റ് ജോബ്' കൂടാതെ മറ്റ് പല പേരുകളിലും ഇവർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. 'പ്ലേ ബോയ് സർവീസ്' എന്ന പേരിലും 'ധനി ഫിനാൻസ്', 'എസ്.ബി.ഐ ചീപ്പ് ലോൺസ്' തുടങ്ങിയ പേരുകളിൽ കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്തും ഇവർ പണം തട്ടിയിരുന്നു. നവാഡ സ്വദേശിയായ രഞ്ജൻ കുമാർ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിനായി ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി എസ്.പി അഭിനവ് ധീമൻ അറിയിച്ചു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.
മുൻപും നവാഡ ജില്ലയിൽ സമാനമായ നിരവധി സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാറുണ്ടെങ്കിലും ഇത്തരം സംഘങ്ങൾ വീണ്ടും സജീവമാകുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവിശ്വസനീയമായ ഓഫറുകളിലോ വാഗ്ദാനങ്ങളിലോ വിശ്വസിക്കരുതെന്നും ഇത്തരം സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സൈബർ പോലീസിൽ വിവരം അറിയിക്കണമെന്ന് നവാഡ സൈബർ പോലീസ് സ്റ്റേഷൻ ഇൻചാർജ് നിഷു മല്ലിക് അഭ്യർത്ഥിച്ചു.
