പാകിസ്ഥാൻ സ്വദേശിയായ യുവാവും ഇന്ത്യൻ യുവതിയും തമ്മിലുള്ള വിവാഹവേദിയിലെ വെൽക്കം ബോർഡ് വലിയ വിവാദത്തിന് തിരികൊളുത്തി. ബോർഡിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നത്. വരന്റെ ബന്ധു പങ്കുവെച്ച ചിത്രം വൈറലായതോടെയാണ് സംഭവം ചർച്ചയായത്.
പാകിസ്ഥാൻ സ്വദേശിയായ യുവാവും ഇന്ത്യൻ യുവതിയും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ, വിവാഹവേദിയിലെ ബോർഡിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം. വരന്‍റെ ബന്ധു എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ചിത്രമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ഇവിടെ വരൻ പാകിസ്ഥാൻ സ്വദേശിയും വധു ഇന്ത്യക്കാരിയുമാണ്. ഇരുവരുടെയും വിവാഹത്തിന് വച്ച ഇന്ത്യ - പാക് ഭൂപടങ്ങളുടെ ചിത്രങ്ങൾ പതിച്ച ബോർഡാണ് വിവാദത്തിന് തിരികൊടുത്തിരിക്കുന്നത്.
ഇന്ത്യാ - പാക് ഭൂപടം
വിവാഹം നടന്ന ഹോട്ടലിൽ സ്ഥാപിച്ചിരുന്ന വെൽക്കം ബോർഡിൽ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ഭൂപടങ്ങളെ ഒരു ഹൃദയചിഹ്നം കൊണ്ട് ബന്ധിപ്പിച്ച് കൊണ്ടുള്ള ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ ചിത്രീകരിച്ചിരിക്കുന്ന ഭൂപടം ഇന്ത്യയുടെ യഥാർത്ഥ അതിർത്തികളെയും പരമാധികാരത്തെയും പൂർണ്ണമായും തെറ്റായി ചിത്രീകരിക്കുന്നതാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിക്കുന്നു. "എന്‍റെ കസിൻ ഇന്നലെ ഇന്ത്യയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഹോട്ടലുകാർ മനോഹരമായ ഒരു വെൽക്കം ബോർഡാണ് ഒരുക്കിയിരുന്നത്," എന്ന കുറിപ്പോടെയാണ് യുവാവ് ചിത്രം പങ്കുവെച്ചത്. 'സുമയ്യ & മോഹിസ്' എന്നിവരുടെ നിക്കാഹ് ചടങ്ങിനെ സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു ബോർഡ്.
'അത് ഇന്ത്യയുടെ ഭൂപടമല്ല'
ബോർഡിലെ ഭൂപടം ശ്രദ്ധയിൽപ്പെട്ടതോടെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുമായി നിരവധി ഇന്ത്യൻ ഉപയോക്താക്കൾ രംഗത്തെത്തി. ഹോട്ടൽ അധികൃതർ മനഃപൂർവം തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതാണെന്നും ചിലർ ആരോപിച്ചു. "ഇത് ഇന്ത്യയുടെ ഭൂപടമല്ല, രാജ്യത്തെ വളരെ തെറ്റായ രീതിയിലാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ദയവായി ഇത് തിരുത്തുക." എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൊന്ന്. "ഇന്ത്യയുടെ ഭൂപടം ഇത്തരത്തിൽ വികൃതമാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും വിവാഹം കഴിക്കാം, പക്ഷേ അതിലേക്ക് ഇന്ത്യയുടെ പരമാധികാരത്തെ വലിച്ചിഴയ്ക്കരുത്," എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഭൂപടത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്.


