ധാരാളം ഔഷധഗുണങ്ങളുള്ള കറ്റാര്‍വാഴ സാധാരണയായി സൗന്ദര്യ സംരക്ഷണത്തിനാണ് നമ്മള്‍ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴ ജെല്ലുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. നിറം വര്‍ധിപ്പിക്കാനും തലയിലെ താരന് പരിഹാരമായും ഇത് ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴ ചട്ടിയിലും ഗ്രോബാഗിലും നന്നായി വളര്‍ത്തി വിളവെടുക്കാം. ഇപ്പോള്‍ ടിഷ്യു കള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചും കറ്റാര്‍വാഴ തൈകള്‍ വളര്‍ത്തുന്നുണ്ട്.

വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കയ്പുകുറഞ്ഞ കുമാരിപത്രം എന്ന പേരിലുള്ള കറ്റാര്‍വാഴ മദ്ധ്യപ്രദേശിലെ നര്‍മദ നദീതീരത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

ദഹനസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, വ്രണങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴയുടെ മാംസളമായ ഭാഗം അച്ചാറിനും ചമ്മന്തിക്കും ഉപയോഗിക്കുന്നവരുണ്ട്. ഇതിനോടൊപ്പം നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കിയാലും ആരോഗ്യത്തിന് നല്ലതാണ്. കറ്റാര്‍വാഴയുടെ ഇലയില്‍ നിന്നെടുക്കുന്ന കയ്പുരസമുള്ള ചാറ് ഉണക്കിപ്പൊടിച്ചെടുക്കുന്നതാണ് ചെന്നിനായകം.

കൃഷിരീതി

'കറ്റാര്‍വാഴയ്ക്ക് വളരെ പരിമിതമായ പരിചരണം മതി. ഇതിന്റെ വേരുപടലം മുകളില്‍ ആയതിനാല്‍ നീര്‍വാര്‍ച്ച ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട രീതിയില്‍ വളരുകയുള്ളു. ചിനപ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ടിഷ്യുകള്‍ച്ചര്‍ സാങ്കേതിക വിദ്യയിലൂടെ ദ്രുതപ്രവര്‍ത്തന മാര്‍ഗങ്ങള്‍ അവലംബിച്ച് കറ്റാര്‍വാഴയുടെ തൈകള്‍ ഉണ്ടാക്കാനുള്ള രീതി കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഉണ്ടാക്കിയ തൈകള്‍ മൂന്നുമാസം പ്രായമായാല്‍ കൃഷിയിടത്തിലേക്ക് മാറ്റി നടാവുന്നതാണ്' കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജലജ എസ്.മേനോന്‍ കറ്റാര്‍വാഴ കൃഷിയെക്കുറിച്ച് വ്യക്തമാക്കുന്നു.

'നമ്മുടെ വീട്ടിലെ ഉപയോഗത്തിനാണെങ്കില്‍ ചട്ടികളിലും പോളിത്തീന്‍ കവറുകളിലും ഇവ നടാം. ഒന്നരയടി അകലത്തിലാണ് തൈകള്‍ നടേണ്ടത്. ആറുമാസം പ്രായമായാല്‍ ഇലപ്പോളകള്‍ മുറിച്ചെടുക്കാം. മൂന്ന് വര്‍ഷത്തോളം നമുക്ക് ഇത്തരത്തില്‍ ചെടിയില്‍ നിന്ന് ഇലകള്‍ കിട്ടുന്നതാണ്' ടിഷ്യുകള്‍ച്ചര്‍ രീതിയില്‍ വികസിപ്പിച്ചെടുത്ത കറ്റാര്‍വാഴയെക്കുറിച്ച് ഡോ. ജലജ വിശദമാക്കുന്നു.

സാധാരണ ഗതിയില്‍ കറ്റാര്‍വാഴ വളര്‍ത്തുമ്പോള്‍ നമ്മള്‍ മണ്ണ് കിളച്ചൊരുക്കി ചാണകവും ആട്ടിന്‍കാഷ്ഠവും അടിവളമായി ചേര്‍ക്കാറുണ്ട്. മഴമറയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം. ഒരു വര്‍ഷത്തില്‍ മൂന്ന് തവണ പോള മുറിച്ചെടുക്കുന്നവരുണ്ട്. വേരുകള്‍ മുറിയാത്ത രീതിയില്‍ ചെറുതായി മണ്ണ് ഇളക്കിക്കൊടുത്താല്‍ നന്നായി വളരുന്നതാണ്.

കറ്റാര്‍വാഴ കര്‍ഷകര്‍ക്ക് ഡിമാന്റ്

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന വിളയാണ് കറ്റാര്‍വാഴ. ഗള്‍ഫ് നാടുകളില്‍ കറ്റാര്‍വാഴയുടെ കുഴമ്പിന് വന്‍ ഡിമാന്റാണ്. ഉഷ്ണമേഖല കാലാവസ്ഥയിലാണ് കറ്റാര്‍വാഴ നന്നായി വളരുന്നത്. തരിശുഭൂമിയിലും മണല്‍ നിറഞ്ഞ ഭൂമിയിലും വരള്‍ച്ചയുള്ള സ്ഥലത്തും കറ്റാര്‍വാഴ വളരും. കറ്റാര്‍വാഴ ഏക്കര്‍ കണക്കിന് കൃഷി ചെയ്യുന്നവരുണ്ട്. ഒരേക്കര്‍ ഭൂമിയില്‍ 15,000 കന്നുകള്‍ ഇവര്‍ കൃഷി ചെയ്യും. സാധാരണയായി രോഗബാധ കാണുന്ന ചെടിയല്ല ഇത്. പൊതുവേ വരണ്ട പ്രദേശങ്ങളിലാണ് കറ്റാര്‍വാഴ വളരുന്നത്. മരുഭൂമിയില്‍ വളരുന്ന കറ്റാര്‍വാഴയക്ക് മികച്ച ഗുണമേന്മയുണ്ട്.

അത്യപൂര്‍വമായ ചുവന്ന കറ്റാര്‍വാഴ വളര്‍ത്തുന്നയാളാണ് കോട്ടയം പൂഞ്ഞാറിലെ ആദര്‍ശ്. ഇതിന്റെ നീരിന് ചുവപ്പുനിറമാണ്. ജൈവരീതിയിലാണ് ഇവിടെയും കറ്റാര്‍വാഴ കൃഷി ചെയ്യുന്നത്. ഉണങ്ങിയ ചാണകപ്പൊടി ഇടയ്ക്കിടെ നല്‍കുന്നു. ചെടികള്‍ക്ക് വേരുപിടിപ്പിക്കാനുള്ള പ്രകൃതിദത്ത ഹോര്‍മോണ്‍ ആയും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നുണ്ട്.

കറ്റാര്‍വാഴ മുഴുവനായും ചതച്ച് പിഴിഞ്ഞാണ് ജ്യൂസ് എടുക്കുന്നത്. ഇത് അരിച്ചെടുത്ത് ഷെയ്ക്കുകളിലും ചേര്‍ക്കാറുണ്ട്. കറ്റാര്‍വാഴ ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കി ഉണക്കുക. വശങ്ങളിലുള്ള മുള്ളു പോലെയുള്ള ഭാഗം കത്തി ഉപയോഗിച്ച് ചെത്തിമാറ്റുക. മുകളില്‍ നിന്നും താഴെ നിന്നും തൊലി മാറ്റിയ ശേഷം സ്പൂണ്‍ ഉപയോഗിച്ച് ജെല്‍ ചുരണ്ടിയെടുക്കാം. ഇത് ആപ്പിള്‍, ഓറഞ്ച് ജ്യൂസ് എന്നിവയില്‍ ചേര്‍ത്തും കുടിക്കാന്‍ ഉപയോഗിക്കാം.

ശരീരത്തിലെ അസിഡിറ്റി ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് സഹായിക്കുന്നു. രോഗങ്ങളെ അകറ്റാന്‍ സഹായിക്കുകയും ഭക്ഷണം നന്നായി കഴിക്കാനും കഴിയുന്നു. കറ്റാര്‍വാഴയില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ കഴിയും. ശരീരത്തിലെ വിഷാംശം തള്ളിക്കളയാന്‍ സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തിന് ഏറ്റവും പറ്റിയ ഔഷധമാണ് കറ്റാര്‍വാഴ ജ്യൂസ്. ഫൈറ്റോന്യൂട്രിയന്റ്‌സ് അടങ്ങിയിരിക്കുന്നതുകൊണ്ടും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതുകൊണ്ടും കരളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു.

മുഖക്കുരു തടയാനും ചൊറി, ചിരങ്ങ് എന്നിവ വരാതെ സഹായിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. ആന്‍റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതുകൊണ്ട് ചര്‍മത്തിനുള്ള ഏറ്റവും നല്ല ഔഷധമാണ് ഇത്. നെഞ്ചെരിച്ചില്‍ ഒഴിവാക്കാനും അള്‍സര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നതുകൊണ്ട് കഴിയും. വയറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആസിഡുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്നു. ശരീരത്തിലെ പഞ്ചസാരയും കൊഴുപ്പും വിഘടിപ്പിക്കുന്ന എന്‍സൈമുകള്‍ കറ്റാര്‍വാഴയിലുണ്ട്.