1980 -ല്‍ ആലുവയിലും ഒരു സയനൈഡ് കൂട്ടക്കൊല നടന്നിരുന്നു. 'മെര്‍ലി കൊലക്കേസ്' എന്നറിയപ്പെടുന്ന, അന്ന് ആലുവയെ ആകെ ഞെട്ടിച്ച ആ കൊലപാതകങ്ങളും കൂടത്തായി കൊലക്കേസും തമ്മില്‍ സാമ്യതകളുണ്ട്. കളപ്പറമ്പത്ത് അമ്മിണിയെന്ന സ്ത്രീ ഭര്‍തൃസഹോദരന്‍റെ ഭാര്യയേയും രണ്ട് മക്കളേയും സയനൈഡ് നല്‍കി കൊന്ന കേസാണ് ആലുവയിലെ സയനൈഡ് കൊലക്കേസ്.  സ്വത്തിനെച്ചൊല്ലിയാണ് ഈ കൊലപാതകം നടന്നത്. അമ്മിണിയുടെ ഭര്‍ത്താവിന്‍റെ അനുജനായ ടോമിയുടെ ഭാര്യ മെര്‍ലി, അവരുടെ മക്കളായ എട്ടും അഞ്ചും വയസുള്ള സോണ, റാണ എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മിണി തനിച്ചായിരുന്നില്ല കൊലപാതകം നടത്തിയത്. കൂടെ മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. 

എന്തിനായിരുന്നു ഈ അരുംകൊല?

അമ്മിണിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ്, അനുജനായ ടോമി (കൊല്ലപ്പെട്ട മെര്‍ലിയുടെ ഭര്‍ത്താവ്) എന്നിവര്‍ ചേര്‍ന്ന് 1969 മുതല്‍ തന്നെ നഗരത്തില്‍ രണ്ട് തുണിക്കടങ്ങള്‍ നടത്തിയിരുന്നു. റാണി സില്‍ക് ഹൗസ്, മഹാറാണി ടെക്സ്റ്റൈല്‍സ്, റാണി അംബ്രല്ലാ മാര്‍ട്ട് എന്നീ കടകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍, 1975 -ല്‍ ഫ്രാന്‍സിസ് മരിച്ചു. പക്ഷേ, അമ്മിണിക്ക് ഈ കടകളില്‍ നിന്നുള്ള ലാഭവിഹിതം നല്‍കുന്നുണ്ടായിരുന്നു. ഈ ലാഭവിഹിതം പോരാ എന്ന് തോന്നിയിരുന്നു അമ്മിണിക്ക്. മാത്രവുമല്ല, റാണി അംബ്രല്ലാ മാര്‍ട്ട് റാണി കട്ട്പീസ് സെന്‍ററാക്കി, അതില്‍ അമ്മിണിയെ പാര്‍ട്ണറാക്കിയതുമില്ല. ഇതൊക്കെയാണ് ഈ അരുംകൊലയിലേക്ക് നയിച്ചത്. 

അമ്മിണി, കാര്‍ത്തികേയന്‍, തോമസ്, ജോണി എന്നീ നാലുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടത്താനായി വൈകുന്നേരം ഏഴരയോട് കൂടിയാണ് ഈ നാല്‍വര്‍ സംഘം ടോമിയുടെ വീട്ടിലെത്തിയത്. ആ സമയത്ത് ടോമി വീട്ടിലുണ്ടായിരുന്നില്ല. മെര്‍ലി വെള്ളമെടുക്കാനായി അകത്തേക്ക് പോയപ്പോള്‍ കൂടെ ചെന്ന തോമസും ജോണിയും നിര്‍ബന്ധമായി സയനൈഡ് നല്‍കി. അതുപോലെ കുട്ടികളെ മുറിയിലിട്ട് പൂട്ടിയ ശേഷം സയനൈഡ് നല്‍കിയത് അമ്മിണിയും കാര്‍ത്തികേയനും ചേര്‍ന്നാണ്. ടോമി കടയില്‍നിന്ന് തിരികെയെത്തിയ ശേഷം അയാളെക്കൂടി വകവരുത്തിയിട്ട് പോകാമെന്നായിരുന്നു സംഘത്തിന്‍റെ പ്ലാനെങ്കിലും കുട്ടികളിലൊരാള്‍ കാര്‍ത്തികേയന്‍റെ കയ്യില്‍ കടിച്ചതിനെത്തുടര്‍ന്ന് അവരിറങ്ങിപ്പോവുകയായിരുന്നു. 

അന്ന് ഇതൊരു കൂട്ട ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തില്‍ ബലപ്രയോഗം നടന്നതായി തെളിഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അമ്മിണിയുടെ പങ്ക് വെളിപ്പെടുന്നത്. അന്വേഷണത്തില്‍ മെര്‍ലി വെള്ളമെടുത്ത ഗ്ലാസില്‍ തോമസിന്‍റെ വിരലടയാളം കണ്ടെത്തിയിരുന്നു. മാത്രവുമല്ല, കൊലപാതകം നടന്ന ദിവസം ടോമിയുടെ വീട്ടില്‍നിന്നും രാത്രി മഴയിലൂടെ ഒരാള്‍ നടന്നുപോകുന്നത് കണ്ടതായി അയല്‍വാസി മൊഴിയും നല്‍കിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് നാലുപേരും അറസ്റ്റിലായിരുന്നു.

1987 -ല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അമ്മിണിയുടെ അനാഥരായ മൂന്ന് മക്കളെയോര്‍ത്ത് മാത്രമാണ് വധശിക്ഷ നല്‍കാത്തതെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍, ശിക്ഷ തീരുന്നതിന് ആറ് മാസം മുമ്പ് പരോളിലെത്തിയ അമ്മിണി വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.