Asianet News MalayalamAsianet News Malayalam

16 -ാമത്തെ വയസിൽ തട്ടിക്കൊണ്ടുപോയി, 10 വർഷത്തെ കൊടുംദുരിതം, ഒടുവിൽ ഇന്ന്...

“മകൾ കളിക്കാനായി താഴേക്കിറങ്ങിയ ദിവസം. താഴേയ്ക്ക് പോയ ഉടനെ അവൾ മുകളിലേയ്ക്ക് ഓടി വന്നു. ഡാഡിയെ അവിടെ എങ്ങും കാണുന്നില്ല എന്ന് പറഞ്ഞു" ബെറി പറഞ്ഞു.

Amanda Berry captive for ten years
Author
Ohio, First Published Mar 16, 2021, 2:35 PM IST

ജീവിതത്തിൽ തീർത്തും അപ്രതീക്ഷിതമായി കടന്നുവന്ന ദുരന്തത്തെ ധീരമായി നേരിട്ട വ്യക്തിയാണ് അമൻഡ ബെറി. ഒഹിയോയിലെ ക്ലീവ്‌ലാൻഡിൽ വെച്ച് 2003 -ലാണ് കാസ്ട്രോ എന്നൊരാൾ ബെറിയെ തട്ടിക്കൊണ്ടുപോകുന്നത്. അന്ന് അവൾക്ക് 17 തികഞ്ഞിട്ടില്ല. അടുത്തുള്ള ഒരു ബർഗർ ഷോപ്പിൽ ജോലിക്കായുള്ള അഭിമുഖം കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആ ദുരന്തം. അന്വേഷണം നടന്നുവെങ്കിലും അവൾ എവിടെയെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. മകൾ ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ആ അമ്മ കഴിഞ്ഞു. എന്നാൽ, ദിവസങ്ങൾ മാസങ്ങളായി. മാസങ്ങൾ വർഷങ്ങളായി... ഒടുവിൽ നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം 2013 -ൽ, മറ്റ് രണ്ട് സ്ത്രീകളെയും ആറുവയസ്സുള്ള സ്വന്തം മകളെയും കൊണ്ട് ബെറി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. തടവിലായിരിക്കുന്ന സമയത്തായിരുന്നു മകളുടെ ജനനം.  

ഇപ്പോൾ ബെറി തന്നെ പോലെ യാതന അനുഭവിക്കുന്നവരെ, തട്ടിക്കൊണ്ടുപോകുന്ന മറ്റ് ഇരകളെ രക്ഷിക്കാൻ സഹായിക്കുകയാണ്. 2017 ഫെബ്രുവരി മുതൽ ക്ലീവ്‌ലാൻഡിലെ പ്രാദേശിക വാർത്താ കേന്ദ്രമായ ഫോക്സ് 8 -ൽ കാണാതായവരുടെ അഭിഭാഷകയായി അവൾ ജോലി ചെയ്യുന്നു. കാണാതായ മറ്റ് ആളുകളെ കണ്ടെത്തുമ്പോൾ സ്വന്തം ശബ്ദം തിരിച്ചുകിട്ടുന്ന പോലെയാണെന്ന് അവൾ പറയുന്നു. അതിനാൽ, കാണാതായ മറ്റ് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി 34 വയസ്സുള്ള ബെറി യുണൈറ്റഡ് സ്റ്റേറ്റ്സ് മാർഷൽസ് സർവീസുമായി സഹകരിച്ച്  ഓപ്പറേഷൻ സേഫ്റ്റി നെറ്റ് എന്ന സംരംഭം ആരംഭിച്ചിരിക്കുന്നു.  

ഒരു മാസത്തിനുള്ളിൽ, 13 -നും 18 -നും ഇടയിൽ പ്രായമുള്ള 35 കുട്ടികളെ കണ്ടെത്താൻ അവൾ സഹായിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒമ്പത് വർഷത്തിലേറെക്കാലം ഏരിയൽ കാസ്ട്രോ എന്ന വ്യക്തിയുടെ തടവിലായിരുന്നു ബെറി. അവൾക്കൊപ്പം ഗിന ഡിജെസസ്, മിഷേൽ നൈറ്റ് എന്നിവരുമുണ്ടായിരുന്നു. 2002 -നും 2004 -നും ഇടയിലാണ് കാസ്ട്രോ അവരെ ഓരോരുത്തരെയായി തട്ടിക്കൊണ്ടുപോയത്.

വർഷങ്ങളോളം ഒരു സ്ത്രീക്കും സങ്കൽപ്പിക്കാനാവാത്ത വിധത്തിലുള്ള പീഡനങ്ങൾ അവർ ആ വീട്ടിൽ അനുഭവിച്ചു. അവരെ ചങ്ങലക്കിട്ടും, പട്ടിണി കിടത്തിയും, ശാരീരികമായി പീഡിപ്പിച്ചും കാസ്ട്രോ രസിച്ചു. പതിനേഴാം പിറന്നാളിന് ഒരു ദിവസം മുമ്പാണ് ബെറിയെ തട്ടികൊണ്ടുപോകുന്നത്. ഇന്റർവ്യൂ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു വാഹനം ബെറിയെ പിന്തുടരാൻ തുടങ്ങി. അകത്തുള്ളയാൾ അവളോട് വീട്ടിൽ കൊണ്ടാക്കണോ എന്ന് ചോദിച്ചു. ഏരിയൽ കാസ്ട്രോ എന്ന ആ മനുഷ്യൻ ഒരു സ്കൂൾ ബസ് ഡ്രൈവറും സ്കൂളിൽ ബെറിയുടെ സഹപാഠിയുടെ അച്ഛനുമായിരുന്നു. അറിയാവുന്നതുകൊണ്ട് തന്നെ അവൾ ആ ക്ഷണം സ്വീകരിച്ചു. എന്നാൽ കാസ്ട്രോ ബെറിയെ കൊണ്ടുപോയത് അവളുടെ വീട്ടിലേക്കല്ല, മറിച്ച് അയാളുടെ സ്ഥലത്തേക്കാണ്.  

അവിടെ അവൾ മറ്റൊരു സ്ത്രീയെ കണ്ടു. അത് മിഷേൽ നൈറ്റ് ആണെന്നും 21 വയസ്സുള്ളപ്പോൾ കാസ്ട്രോ തട്ടിക്കൊണ്ടുപോയതാണെന്നും ഒരു വർഷത്തോളമായി അവൾ അയാളുടെ തടവിലാണെന്നും പിന്നീട് അവൾ മനസ്സിലാക്കി.  തുടർന്ന് അയാൾ അവളെ അടുത്ത കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. അവിടെ ശരിക്കും ഇരുട്ടായിരുന്നു. അയാൾ ലൈറ്റുകൾ ഓണാക്കിയില്ല. വലിയ കിടപ്പുമുറിയോട് ചേർന്ന് ഒരു ചെറിയ മുറിയും, ഒരു വലിയ ക്ലോസറ്റുമുണ്ടായിരുന്നു. “അയാൾ എന്നെ അവിടേക്ക് കൊണ്ടുപോയി, എന്റെ പാന്റ് താഴ്ത്താൻ പറഞ്ഞു. കാര്യങ്ങൾ പന്തിയല്ലെന്ന് എനിക്ക് മനസിലായി. പക്ഷേ ഞാൻ നിസ്സഹായയായിരുന്നു” ബെറി പറഞ്ഞു.

തുടർന്ന് അയാൾ അവളെ ബേസ്മെന്റിലേക്ക് കൊണ്ടുപോയി. അവിടെ അവളുടെ കൈത്തണ്ടയും, കണങ്കാലുകളും ടേപ്പ് കൊണ്ട് കെട്ടി.  കണങ്കാലിന് ചുറ്റും ഒരു ബെൽട്ടും ഇട്ടു. അവളുടെ തലയിൽ ഒരു ഹെൽമെറ്റും വച്ചു കൊടുത്ത് ശബ്ദമുണ്ടാക്കരുത് എന്നവളോട് പറഞ്ഞു. “ഞാൻ അലറാനും കരയാനും തുടങ്ങി. പക്ഷേ, അതാരും കേട്ടില്ല" അവൾ പറഞ്ഞു. അവളുടെ മുറിയിൽ ഉണ്ടായിരുന്ന ടെലിവിഷനിലൂടെ അവൾ അവളുടെ തട്ടിക്കൊണ്ടുപോകലിനെ കുറിച്ചുള്ള വാർത്തകൾ കണ്ടു. ബെറി അമ്മയെയും സഹോദരിയെയും ടിവിയിൽ കണ്ടു. അവർ തനിക്കായി യുദ്ധം ചെയ്യുന്നിടത്തോളം കാലം താനും തളരില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.  

തട്ടിക്കൊണ്ടുപോയതിന്റെ നാലാം ദിവസം, 2003 ഏപ്രിൽ 24 -ന്, കാസ്ട്രോ അവളെ മുകളിലത്തെ ഒരു കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി  ചങ്ങലക്കിട്ടു. “ഇത് ശരിക്കും ബുദ്ധിമുട്ടായിരുന്നു. കാരണം തുടക്കത്തിൽ ചങ്ങല എന്റെ വയറിന് ചുറ്റുമായിരുന്നു. രാത്രി ഒന്ന് തിരിയാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല" ബെറി പറഞ്ഞു. ബെറിയുടെ മുറി ഇരുണ്ടതും വൃത്തികെട്ടതുമായിരുന്നു. കട്ടിൽ പഴയതും നാറ്റമുള്ളതുമായിരുന്നു. ബാത്ത്റൂമിൽ ഉപയോഗിക്കാൻ തന്ന ബക്കറ്റ് പോലും അഴുക്കും ദുർഗന്ധവും നിറഞ്ഞതായിരുന്നു. ദിവസത്തിലൊരിക്കൽ, കാസ്ട്രോ അവൾക്ക് ഒരു ബാഗ് ചിപ്സ് അല്ലെങ്കിൽ മറ്റ് ഭക്ഷണം കഴിക്കാൻ നൽകി. എന്നാൽ, ആഴ്ചയിൽ ഒരിക്കൽ മാത്രം അവളെ കുളിക്കാൻ അനുവദിച്ചു. എന്നാൽ, അതിന് അവൾക്ക് വലിയ വില നൽകേണ്ടി വന്നിരുന്നു.

അയാൾ അവളെ ക്രൂരമായി പീഡിപ്പിച്ചു. ഓരോ ദിവസവും എത്ര തവണ അവളെ ബലാത്സംഗം ചെയ്തുവെന്ന് അവൾ ഡയറിയിൽ രേഖപ്പെടുത്തി. “ഞാൻ എല്ലായ്പ്പോഴും ഈ നമ്പറുകൾ പേജുകളുടെ മുകളിൽ എഴുതി. ഒരു ദിവസം അധികാരികൾ ഇത് വായിക്കുമെന്നും അയാൾ ശിക്ഷിക്കപ്പെടുമെന്നും ഞാൻ കരുതി” ബെറി പറഞ്ഞു. ബെറി തടവുകാരിയായി ഏകദേശം ഒരു വർഷത്തിനുശേഷമാണ്, അയാൾ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നത്. കാസ്ട്രോയുടെ മകളുടെ അടുത്ത സുഹൃത്തതായിരുന്നു അവൾ. അവളോടും അയാൾ ഇത് തന്നെ ആവർത്തിച്ചു. അവർ മൂന്നുപേരെയും പരസ്പരം അകറ്റി നിർത്താൻ കാസ്‌ട്രോ പ്രത്യേക ശ്രദ്ധിച്ചു. അവർക്ക് തമ്മിൽ സംസാരിക്കാൻ അനുവാദമുണ്ടായില്ല. അയാൾ എല്ലായ്‌പ്പോഴും അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. പെൺകുട്ടികൾ ഇടയ്ക്കിടെ അവരുടെ മുറി വിട്ട് ജോലികൾ ചെയ്യാൻ പുറത്ത് വരുമായിരുന്നുവെങ്കിലും അവർക്ക് കർശനമായ നിയമങ്ങൾ അനുസരിക്കേണ്ടിവന്നു.

ഇരുപതാം ജന്മദിനത്തിലാണ് താൻ ഗർഭിണിയാണെന്ന് ബെറി അറിയുന്നത്. “ഞാൻ ഭയന്നുപോയി. ഞാൻ കഷ്ടിച്ച് മാത്രമേ കഴിക്കുന്നുണ്ടായിരുന്നുള്ളൂ. ഞാൻ ഒരു മതിലിൽ ചങ്ങലയിലായിരുന്നു. ഗർഭകാലം എങ്ങനെയാകുമെന്ന് ഓർത്തു ഞാൻ നടുങ്ങി," അവൾ ഓർത്തു. എന്നാൽ 2006 ൽ ക്രിസ്മസിന് അവൾ കുഞ്ഞിന് ജന്മം നൽകി. അവളുടെ കളികൾ ബെറിയെ എല്ലാം സങ്കടങ്ങളും മറക്കാൻ സഹായിച്ചു. ഒൻപത് വർഷത്തിലേറെ വർഷം തടവിൽ ജീവിതം ഹോമിച്ച ആ സ്ത്രീകൾ, ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെട്ടു.  

“മകൾ കളിക്കാനായി താഴേക്കിറങ്ങിയ ദിവസം. താഴേയ്ക്ക് പോയ ഉടനെ അവൾ മുകളിലേയ്ക്ക് ഓടി വന്നു. ഡാഡിയെ അവിടെ എങ്ങും കാണുന്നില്ല എന്ന് പറഞ്ഞു" ബെറി പറഞ്ഞു. 10 വർഷത്തിനിടെ ഇതാദ്യമായാണ് ബെറി തന്റെ കിടപ്പുമുറിയുടെ വാതിൽ പൂട്ടാതെ തുറന്ന് കിടക്കുന്നത് കാണുന്നത് അതും കാസ്ട്രോ ഇല്ലാത്ത സമയത്ത്. അവൾ സഹായത്തിനായി പുറത്തേയ്ക്ക് ഓടി. അപ്പോഴാണ് അയൽക്കാരനായ ചാൾസ് റാംസെ കണ്ടത്. അങ്ങനെ പൊലീസ് എത്തുകയും, അവരെ അവിടെ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.  

2013 ഓഗസ്റ്റ് ഒന്നിന് 937 തവണ ബലാത്സംഗം ചെയ്തതിനും, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾക്കും കോടതി കാസ്ട്രോയ്ക്ക് പരോളില്ലാത്ത 1,000 വർഷം തടവ് വിധിച്ചു. 2013 സെപ്റ്റംബർ 3 ന് അയാൾ ജയിൽ സെല്ലിൽ ആത്മഹത്യ ചെയ്തു. ഇപ്പോൾ കാസ്ട്രോയുടെ വീട് പൊളിച്ചുമാറ്റിയിരിക്കുന്നു. പകരം അവിടെ ഒരു പൂന്തോട്ടമാണ്. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം ഡിജെസസും ബെറിയും ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.  ബെറിയുടെ മകൾക്ക് ഇപ്പോൾ 14 വയസ്സായി. ഇന്ന് ആ മൂന്ന് സ്ത്രീകളും തട്ടിക്കൊണ്ടുപോകലിന് ഇരയാക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്.  

Follow Us:
Download App:
  • android
  • ios