Asianet News MalayalamAsianet News Malayalam

ഗർഭിണിയെ കൊന്ന ശേഷം വയറുകീറി കുഞ്ഞിനെ സ്വന്തമാക്കിയ ലിസ; 70 വർഷത്തിന് ശേഷം അമേരിക്കയിൽ ഒരു സ്ത്രീക്ക് വധശിക്ഷ

വിളയന്നൂർ രാമചന്ദ്രൻ എന്ന വിശ്വപ്രസിദ്ധ ബിഹേവിയറൽ ന്യൂറോളജി, സൈക്കോഫിസിക്സ് ശാസ്ത്രജ്ഞന്റെ വിദഗ്ധാഭിപ്രായം കോടതി തേടിയ ഒരു കേസ് എന്ന നിലയിലും ഇത് പ്രസിദ്ധമാണ്...

America to execute a woman after 7 decades, a gory  murder case where vilayannur ramachandran was consulted
Author
Missouri, First Published Oct 20, 2020, 5:38 PM IST

അമേരിക്കയിൽ വധശിക്ഷ കാത്തുകിടന്ന രണ്ടു ജയിൽപുള്ളികളുടെ ശിക്ഷ നടപ്പിലാക്കാനുള്ള തീയതി ഉറപ്പിച്ചിരിക്കുകയാണ്. അതിക്രൂരമായ കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന ഈ രണ്ടുപേരിൽ ഒരാൾ ഒരു സ്ത്രീയാണ്. പേര് ലിസ മോണ്ട് ഗോമറി. ഇത് നടപ്പിലായാൽ കഴിഞ്ഞ എഴുപതു വർഷത്തിനിടെ അമേരിക്കയിൽ ആദ്യമായി മരണശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ആദ്യത്തെ വനിതയാകും ലിസ. 2004 -ൽ ഗർഭിണിയായ ഒരു യുവതിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, അവളുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത് അതിനെയും കൊണ്ട് സ്ഥലം വിട്ടു എന്നുള്ളതാണ് ലിസ ചെയ്ത കുറ്റം. വിഷം കുത്തിവെച്ചായിരിക്കും ലിസയെ വധശിക്ഷക്ക് വിധേയയാക്കുക.

ആരായിരുന്നു ലിസ മോണ്ട്ഗോമറി?

കാൻസസിലെ മെൽവെൺ സ്വദേശിയാണ് ലിസ. വളരെ കരുതിക്കൂട്ടിയായിരുന്നു, അന്ന് മുപ്പത്താറുവയസ്സു പറയമുണ്ടായിരുന്ന ലിസ ആ  കൊലപാതകം നടത്തിയത്. സ്റ്റെറിലൈസേഷൻ വിധേയമായിരുന്നു ലിസ എങ്കിലും, 2004 -ൽ താൻ ഗർഭിണിയാണ് എന്ന് അവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ധരിപ്പിക്കുന്നു. അക്കൊല്ലം ഡിസംബറിൽ അവർ ഒരു ഓൺലൈൻ പരസ്യത്തെ പിന്തുടർന്ന്, 'റാറ്റർ ചാറ്റർ' എന്ന ചാറ്റ് റൂമിലൂടെ ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റ് എന്ന 23 -കാരിയെ സമീപിക്കുന്നു. ബോബിയിൽ നിന്ന് ഒരു റാറ്റ് ടെറിയർ നായക്കുട്ടിയെ വാങ്ങാനാണ് താൻ വന്നത് എന്നായിരുന്നു, ഡാർലിൻ ഫിഷർ എന്ന് പരിചയപ്പെടുത്തിയ ലിസ അവരോട് പറഞ്ഞത്. വടക്കുപടിഞ്ഞാറൻ മിസൗറിയിലെ സ്കിഡ്മോറിൽ ഉള്ള ബോബിയുടെ വീട്ടിലേക്ക് ചെന്ന ലിസ അവിടെ വെച്ച് അവളെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം, വയറുകീറി ബോബിയുടെ എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പുറത്തെടുക്കുന്നു. അതിനു ശേഷം ആ കുഞ്ഞിനേയും കൊണ്ട് വീട്ടിൽ എത്തിയ ലിസ അവിടെ എല്ലാവരോടും കുഞ്ഞിനെ താൻ കഴിഞ്ഞ ദിവസം രാത്രി പ്രസവിച്ചതാണ് എന്ന് ബോധിപ്പിക്കുന്നു. 

എന്നാൽ, ബോബിയുടെ മൃതദേഹം അവളുടെ അമ്മ കണ്ടെത്തിയ അന്ന് തൊട്ടേ പൊലീസ് ബോബിയുടെ കമ്പ്യൂട്ടർ ചാറ്റ് ഹിസ്റ്ററി വെച്ച് നടത്തിയ 'ഫോറൻസിക് കമ്പ്യൂട്ടർ ഇൻവെസ്റ്റിഗേഷനിലൂടെ' മണിക്കൂറുകൾക്കകം, മുഖ്യ പ്രതിയായി ലിസയെ സംശയിച്ചു. അവർ ബോബിയോട് പറഞ്ഞ പേര് വ്യാജമായിരുന്നു എന്നുകൂടി വന്നതോടെ പൊലീസിന്റെ സംശയം ഇരട്ടിച്ചു.  അടുത്ത ദിവസം തന്നെ അവർ ലിസയുടെ വീട് സെർച്ച് ചെയ്ത് അവരെ അറസ്റ്റു ചെയ്തു. കുഞ്ഞിനെ ജീവനോടെ വീണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചു. 

കലുഷിതമായ ബാല്യം, ബലാത്സംഗം ചെയ്തുകൊണ്ടിരുന്ന രണ്ടാനച്ഛൻ 

വളരെ കലുഷിതമായ ഒരു ബാല്യകാലത്തിൽ വളർന്ന ലിസ മോണ്ട്ഗോമറിക്ക് ചെറുപ്പത്തിൽ തന്റെ രണ്ടാനച്ഛനിൽ നിന്നേൽക്കേണ്ടി വന്ന തുടർച്ചയായ ബലാത്സംഗങ്ങൾ അവളെ ഒരു സൈക്കോപാത് ആക്കി മാറ്റി എന്നാണ് ഈ കേസ് പഠിച്ച സൈക്യാട്രിസ്റ്റുകൾ പറയുന്നത്. ആ പീഡനങ്ങൾ ഏൽപ്പിച്ച മാനസിക വ്യഥയെ അതിജീവിക്കാൻ വേണ്ടി മദ്യത്തിൽ അഭയം തേടിയ ലിസ, താമസിയാതെ അതിന് അടിമയായി. പതിനാലാം വയസ്സിൽ അമ്മയ്ക്ക് മകൾ സഹിക്കുന്ന ലൈംഗിക ചൂഷണങ്ങളെപ്പറ്റി വിവരം കിട്ടുന്നുണ്ട് എങ്കിലും, അവർ ലിസയെ അതിൽ നിന്ന് രക്ഷിക്കുന്നതിന് പകരം തോക്കുചൂണ്ടി സ്വന്തം മകളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സിൽ വീടുവിട്ടോടിയ ലിസ പിന്നീടുള്ള ജീവിതം സ്വന്തം കാലിൽ തന്നെയായിരുന്നു. രണ്ടു വിവാഹങ്ങൾ കഴിച്ച ലിസയ്ക്ക് രണ്ടിലും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നു. 1990 -ൽ ട്യൂബൽ ലിഗേഷന് വിധേയയാകുന്നതിനു മുമ്പ് ലിസ നാലുവട്ടം പ്രസവിച്ചിരുന്നു. ഈ ഗർഭം നിർത്തൽ ശസ്ത്രക്രിയക്ക് ശേഷവും ലിസ പലവട്ടം താൻ ഗർഭിണിയാണ് എന്ന് വ്യാജമായി അവകാശപ്പെട്ടിരുന്നു. 

വിളയന്നൂർ രാമചന്ദ്രന്റെ വിദഗ്‌ദ്ധോപദേശം

ഈ കേസിൽ മലയാളിയായ പ്രസിദ്ധ ബിഹേവിയറൽ ന്യൂറോളജി, സൈക്കോഫിസിക്സ് ശാസ്ത്രജ്ഞനായ വിളയന്നൂർ രാമചന്ദ്രൻ, എംഡി വില്യം ലോഗൻ എന്നിവർ ചേർന്ന് ലിസ മോണ്ട് ഗോമറിക്ക് സ്യൂഡോസയോസിസ് എന്ന വിശേഷ മാനസികാവസ്ഥ ആയിരുന്നു എന്ന് വിദഗ്ധാഭിപ്രായം നല്കുകയുണ്ടായിരുന്നു. ഗർഭിണി അല്ലാതെയും മാനസിക പ്രശ്നങ്ങളാൽ ഗർഭത്തിന്റെ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കേണ്ടി വരുന്ന അവസ്ഥക്കാണ് സ്യൂഡോസയോസിസ് എന്ന് പറയുന്നത്. ഇതിനു പുറമെ ഡിപ്രഷൻ, ബോർഡർ ലൈൻ പഴ്സനാലിറ്റി സിൻഡ്രം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ മാനസിക രോഗങ്ങളും ലിസയ്ക്കുണ്ടെന്ന് വിളയന്നൂരും ലോഗനും നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. താൻ പ്രവർത്തിച്ചതിനെക്കുറിച്ച് പല തവണ ലിസ പല വിധത്തിൽ മൊഴി നൽകിയതിന് പിന്നിലും അവർ കടന്നുപോകുന്ന മാനസികാവസ്ഥകൾ തന്നെയാണ് കാരണം എന്നും അന്ന് വിളയന്നൂർ പറഞ്ഞിരുന്നു. 

എന്നാൽ, അന്ന് പ്രോസിക്യൂഷനുവേണ്ടി കേസ് വാദിച്ച ഫെഡറൽ പ്രോസിക്യൂട്ടർ റോസിയാൻ കെച്ച് മാർക്ക്, ഫോറൻസിക് സൈക്യാട്രിസ്റ്റ് പാർക്ക് ഡയറ്റ്സ് എന്നിവർ വിളയന്നൂരിന്റെ പാനൽ മുന്നോട്ടുവെച്ച വിദഗ്ധാഭിപ്രായം തെറ്റാണ് എന്ന് വാദിച്ചു കൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണം എന്ന് നീതിപീഠത്തോട് ശക്തിയുക്തം വാദിച്ചു. 

Follow Us:
Download App:
  • android
  • ios