കഴിഞ്ഞ വേനൽക്കാലത്ത് കൊച്ചിയിൽ പതിവ് തീരദേശ സർവേകൾ നടത്താൻ ഇറങ്ങിയതായിരുന്നു ഒരു കൂട്ടം ഗവേഷകർ. അപ്പോഴാണ് ഒരു വിചിത്രമായ കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടത്. കറുത്തതും ചെറുതുമായ ചിപ്പികൾ മരത്തടികളിലും, പ്ലാസ്റ്റിക് കുപ്പികളിലും, ബോട്ടുകളിലും വലകളിലും എല്ലാം വലിയ കൂട്ടങ്ങളായി പറ്റിപ്പിടിച്ചിരുന്നു. അവരുടെ സംശയം ശരിയായിരുന്നു.  

ചിപ്പിയുടെ ഷെല്ലും ഡിഎൻഎ -യും പരിശോധിച്ചപ്പോൾ ഇത് അമേരിക്കൻ ഉപ്പുവെള്ള മുത്തുച്ചിപ്പി (മൈറ്റെല്ല സ്ട്രിഗാറ്റ) ആണെന്ന് ഗവേഷകർക്ക് മനസ്സിലായി. മധ്യ, തെക്കേ അമേരിക്കയിൽ  കാണുന്ന ഇവ അടുത്ത കാലത്തായി തായ്‌ലൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതായി അറിവ് ലഭിച്ചു. ഇപ്പോൾ, ഏറ്റവും പുതിയ പഠനം അനുസരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നു.

കൊച്ചി കായലിൽ കാണപ്പെടുന്ന മിക്ക അമേരിക്കൻ ഉപ്പുവെള്ള ചിപ്പികൾക്കും കറുത്ത ഷെല്ലുകളാണെങ്കിലും ചിലതിന് പച്ചനിറത്തിലുള്ള ഷേഡുകളും കാണാറുണ്ട്. അവയുടെ ഷെല്ലുകൾക്ക് 5.9 സെന്റിമീറ്റർ (2.3 ഇഞ്ച്) നീളവും 2.6 സെന്റീമീറ്റർ (0.6 ഇഞ്ച്) ഉയരവും ഉണ്ട്. പച്ച ചിപ്പികളുടെ കട്ടിയുള്ള ഷെല്ലുകളിൽ നിന്ന് വ്യത്യസ്തമായി, ആക്രമണകാരികളായ ഈ ജീവികളുടെ ഷെല്ലുകൾ വളരെ പെട്ടെന്ന് പൊട്ടുന്നവയാണ്.

കൊച്ചിയില്‍ വെള്ളത്തിൽ ആദ്യമായി എപ്പോഴാണ് ഇവയുടെ അധിനിവേശം നടന്നതെന്ന് ഗവേഷകർക്ക് അറിയില്ല. പക്ഷേ, ഇവ കപ്പൽ ജലത്തിൽനിന്ന് വ്യാപിച്ചിരിക്കാമെന്ന് അവർ കരുതുന്നു. കപ്പൽ ഉലയാതിരിക്കാനായി കപ്പലിൽ സമുദ്രജലം നിറക്കുന്ന പതിവുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന ജലം പിന്നീട് വിദൂര തുറമുഖങ്ങളിൽ എത്തുമ്പോൾ പുറന്തള്ളുന്നു. കപ്പലുകളിൽ നിന്ന് പുറന്തള്ളുന്ന ജലം പിന്നീട് സമുദ്രത്തിൽ കലരുന്നു. ഇവക്കൊപ്പം ആക്രമണകാരികളായ ജീവജാലങ്ങളും വെള്ളത്തിൽ കലരുകയാണ് ചെയ്യുന്നത്. പരിമിതമായ ഭക്ഷണത്തിലൂടെ പോലും അവയ്ക്ക് വളരെ വേഗത്തിൽ വളരാനും കഴിയുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

സർവേ നടത്തിയ സ്ഥലങ്ങളില്‍ 25 ചതുരശ്ര സെന്‍റിമീറ്ററിൽ (4 ചതുരശ്ര ഇഞ്ച്) 120 ഓളം അമേരിക്കൻ ഉപ്പുവെള്ള മുത്തുച്ചിപ്പികളുണ്ടെന്ന് ഗവേഷകർ കണക്കാക്കുന്നു. അടുത്ത വേനൽക്കാലത്ത് ഈ സംഖ്യ പിന്നെയും കൂടും. ഈ ഇനം ഉടൻ തന്നെ പ്രാദേശിക പച്ച ചിപ്പിയെ നശിപ്പിച്ച് അതിനെ പൂർണ്ണമായും ഇല്ലാതാക്കും. കൊച്ചി തീരത്ത് വളരെ ലാഭകരമായ ഒരു വ്യവസായമാണ് പച്ച മുത്തുച്ചിപ്പി കൃഷി. എന്നാൽ ഇത്തരമൊരു സാഹചര്യം ഒരുപാട് പേരുടെ ഉപജീവനമാർഗത്തെ ബാധിച്ചേക്കാം. ഈ ജീവികളുടെ വ്യാപനം കേരള തീരത്തെ ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചേക്കാം.