വുഹാൻ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊക്കെ മാറി അതിന്റെ അതിർത്തിപ്രദേശങ്ങളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഗവേഷണ കേന്ദ്രമാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(WIV). പുറമേക്കുള്ള പേര് വൈറോളജി ഗവേഷണ കേന്ദ്രമെന്നാണെങ്കിലും, അതീവ സുരക്ഷാ മേഖലയായ ഇതിന്റെ ചുവരുകൾക്കുള്ളിൽ അതിഗൂഢമായ രീതിയിൽ പ്രവർത്തിച്ചു പോരുന്നത് ചൈനയുടെ 'ബയോളജിക്കൽ വാർഫെയർ വെപ്പൺസ്' പരീക്ഷണങ്ങൾ നടത്തുന്ന ഒരു ബയോ സേഫ്റ്റി ലാബ് കൂടിയാണ് എന്ന ആക്ഷേപങ്ങൾക്ക് ഇന്നലെ വീണ്ടും കാറ്റുപിടിച്ചിരിക്കുകയാണ്. അമേരിക്കൻ ഏജൻസികൾ, 'എങ്ങനെയാണ് ഈ വൈറസ് ലോകത്തിലേക്ക് എത്തിപ്പെട്ടത്' എന്നത് സംബന്ധിച്ച് വിശദമായ ഒരു അന്വേഷണത്തിലാണ് എന്ന് പ്രസ്താവിച്ച അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയോ ആണ്, ചാരം മൂടിക്കിടന്ന വിവാദങ്ങളുടെ കനൽക്കട്ടകൾ ഇന്നലെ വീണ്ടും ഊതിയാളിച്ചത്.

 

 

ചൈനീസ് ശാസ്ത്രജ്ഞരും ഗവൺമെന്റ് പ്രതിനിധികളും ഒരേ സ്വരത്തിൽ പറയുന്നത് വുഹാനിലെ ഹ്വാനൻ സീഫുഡ് മാർക്കറ്റ് എന്നറിയപ്പെടുന്ന വലിയൊരു മത്സ്യമാംസവിപണന ശാലയിൽ നിന്നാണ് ഈ വൈറസ് ലോകത്തെമ്പാടും പടർന്നത് എന്നാണ്. കാടുകളിൽ നിന്ന് നിഷ്കാസിതരാക്കപ്പെട്ട ചിലയിനം വവ്വാലുകളിൽ നിന്ന്, സീഫുഡ് മാർക്കറ്റിലെ കൂടുകളിൽ അടച്ചിട്ട ഈനാംപേച്ചികളിലേക്ക് പകർന്നു കിട്ടിയ വൈറസുകൾ, ചൈനക്കാരുടെ വിചിത്രമായ ഭക്ഷണശീലങ്ങളിലൂടെ മനുഷ്യരിലേക്ക് പകരുകയായിരുന്നു എന്ന തിയറിയാണ് ചൈന പ്രചരിപ്പിക്കാൻ ശ്രമിച്ചുപോരുന്നത്.

എന്നാൽ, മേൽപ്പറഞ്ഞ ബയോ സേഫ്റ്റി ലാബ് സ്ഥിതിചെയ്യുന്നത് ഈ സീഫുഡ് മാർക്കറ്റിൽ നിന്ന് വെറും 21 കിലോമീറ്റർ അകലെയാണ് എന്നത് മറ്റുപല വിവാദങ്ങൾക്കും മുമ്പുതന്നെ തിരികൊളുത്തുകയുണ്ടായിട്ടുണ്ട്. അങ്ങനെ ചില വിവാദങ്ങൾക്കാണ് പോംപെയോ ഇന്നലെ വീണ്ടും തീപിടിപ്പിച്ചത്. പതിനാറാം തീയതി നടന്ന പ്രസ് മീറ്റിൽ ഫോക്സ് ന്യൂസ് പ്രതിനിധി ജോൺ റോബർട്സ് പ്രസിഡന്റ് ട്രംപിനോട് കൊറോണ വൈറസ് എങ്ങനെ പുറംലോകം കണ്ടു എന്നതിനെപ്പറ്റി, വുഹാനിലെ ലാബുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. " വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ച കാരണമാണ് ഈ വൈറസ് രക്ഷപ്പെട്ടത് എന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ടല്ലോ. അവിടത്തെ ഒരു ഇന്റേണിന്റെ അശ്രദ്ധ വൈറസിനെ അവരിലേക്ക് പകരാനിടയാക്കി, അവർ അത് സ്വന്തം ശരീരത്തിലെ അണുബാധയുടെ രൂപത്തിൽ ആ അതീവസുരക്ഷാ ലാബിന്റെ ചുവരുകൾക്ക് പുറത്തെത്തിച്ചു, പിന്നീട് സ്വന്തം ബോയ്ഫ്രണ്ടിന് അത് പകർന്നു നൽകി. അയാളിൽ നിന്ന് ആ വൈറസ് ഹുവാനിൻ സീഫുഡ് മാർക്കറ്റിലെത്തി, അവിടെ നിന്ന് ലോകത്തെ മറ്റുഭാഗങ്ങളിലേക്കും. ഇത്തരത്തിൽ ഒരു വർത്തയുണ്ടല്ലോ. പ്രസിഡന്റ് ട്രംപ് അങ്ങയുടെ പ്രതികരണമെന്താണ്?" എന്നായിരുന്നു ചോദ്യം. അതിനോടുള്ള ട്രംപിന്റെ പ്രതികരണം ആ ഗൂഢാലോചനാ സിദ്ധാന്തത്തിന് ഊർജ്ജം പകരുന്ന തരത്തിലുള്ളതായിരുന്നു. "അങ്ങനെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും,  അങ്ങനെ ഒരു കഥ ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നുണ്ട് എന്ന് സമ്മതിക്കാതെ വയ്യ." എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇന്നലെ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയോയോട് ന്യൂസ് അവതാരക വീണ്ടും ജോൺ റോബർട്സിന്റെ ചോദ്യത്തെക്കുറിച്ച് ചോദിച്ചു. അവരോടുള്ള മൈക്ക് പോംപിയോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു," ചൈന ഇതുവരെ അങ്ങനെ ഒരു കാര്യം സ്ഥിരീകരിച്ചിട്ടില്ല. വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലെ സീഫുഡ് മാർക്കറ്റിൽ നിന്നാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ആ മാർക്കറ്റിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രമകളെയാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന അതീവ സുരക്ഷാ ബയോ സേഫ്റ്റി ലാബ് സ്ഥിതിചെയ്യുന്നത് എന്നതും എല്ലാവർക്കും അറിയാം. ഇനിയും ഒരുപാട് കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അമേരിക്കൻ ഗവണ്മെന്റ് അതിന്റെ പിന്നാലെതന്നെയുണ്ട്. ചൈനീസ് സർക്കാർ കാര്യങ്ങൾ തുറന്നുപറയേണ്ടതുണ്ട്. അവർ ഇനിയും സുതാര്യത കാണിക്കേണ്ടതുണ്ട്. ഞങ്ങളോട് സഹകരിക്കണമെന്നുണ്ട് എന്ന് ചൈനീസ് അധികാരികൾ പറയുന്നുണ്ട്. സഹകരിക്കാനുള്ള ഏറ്റവും എളുപ്പവഴി ഈ വൈറസ് എങ്ങനെ ലോകത്തേക്ക് ചോർന്നു എന്ന കാര്യം കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിൽ വസ്തുതകൾ തുറന്നു പറയുക, ഒളിച്ചു വെക്കാതിരിക്കുക എന്നതാണ്. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് കാര്യങ്ങൾ ഇത്ര കുഴപ്പത്തിലേക്ക് നയിച്ചത്. ഈ വൈറസിനെപ്പറ്റി അറിഞ്ഞത് തൊട്ട്, ലോകത്തോട് വിളിച്ചുപറയുന്നത് വരെ അവർ പാഴാക്കിയത് നിർണായകമായ ദിവസങ്ങളാണ്. അതിനിടെ നിരവധി പേര് വുഹാനിൽ നിന്ന് പലയിടത്തേക്കും വരികയും പോവുകയുമുണ്ടായി, വൈറസും അതോടൊപ്പം ലോകരാജ്യങ്ങളിൽ പാലത്തിലേക്കും സഞ്ചരിച്ചു. ആ സുതാര്യതക്കുറവിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. ഇന്ന് ഏറ്റവും അധികമായി ചൈനയിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്ന ഒന്ന് സുതാര്യതയാണ്.

ചൈന ഇതുവരെ ലോകരാഷ്ട്രങ്ങളിലെ സയന്റിസ്റ്റുകളെ ആ ലബോറട്ടറിക്കുള്ളിലേക്ക് കടത്തിവിടുകയോ ഈ ആരോപണം അന്വേഷിക്കാൻ അനുവദിക്കുകയോ ചെയ്തിട്ടില്ല. നമ്മൾ ഇപ്പോൾ സംസാരിക്കുമ്പോൾ പോലും ആ ലാബിനുള്ളിൽ എന്താണ് നടക്കുയാണതെന്ന് ആർക്കുമറിയില്ല".

വാഷിങ്ടൺ പോസ്റ്റും ഫോക്സ് ന്യൂസും ഒരുപോലെ ആവർത്തിക്കുന്നത് ഒരേകാര്യമാണ്. "ഇതൊരു ബയോളജിക്കൽ വാർഫെയർ ആക്രമണം ഒന്നും ആവാൻ തരമില്ല. സാധ്യതയുള്ളത് ചൈനീസ് ശാസ്ത്രജ്ഞരുടെ ഭാഗത്തു നിന്നുണ്ടായ ഒരു സൂക്ഷ്മതക്കുറവ്. അതിന്റെ ഫലമായി ആ ഹൈ സെക്യൂരിറ്റി ബയോ സേഫ്റ്റി ലാബിൽ നിന്ന് ചോർന്നു പുറംലോകത്തെത്തിയ ഒരു ജനിതകമായ മ്യൂട്ടേഷനു വിധേയമാക്കിയ കൊറോണാ വൈറസ്, അതാണ് ഇന്നത്തെ ഈ കൊവിഡ് 19  ഭീതിക്ക് അടിസ്ഥാനം". ലാബിൽ നിന്ന് 'അബദ്ധവശാൽ ചോർന്നു' എന്ന തിയറിക്ക്, ചൈന സ്വന്തം പൗരന്മാർക്കുമേൽ ജൈവായുധ ആക്രമണം നടത്തി' എന്ന സിദ്ധാന്തത്തെക്കാൾ വിശ്വാസ്യത അമേരിക്കക്കാർക്കിടയിൽ ആർജ്ജിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊവിഡ് 19  മഹാമാരിയുടെ ലോകത്തിലെ തന്നെ പേഷ്യന്റ് സീറോ ഈ ഗവേഷണസ്ഥാപനത്തിൽ പഠനപരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വവ്വാൽ വൈറസിൽ നിന്ന് സംക്രമിതനായതാകാം എന്ന വാദമാണ്  ന്യൂസ് ആവര്തിക്കുന്നത്.

എന്താണീ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ബയോ സേഫ്റ്റി ലാബ് ?

ഈ തീവ്രസുരക്ഷാ സ്ഥാപനത്തിന്റെ അകത്തളങ്ങളിലാണ് 'ചൈനാ സെന്റർ ഫോർ വൈറസ് കൾച്ചർ കളക്ഷൻ' (China Centre for Virus Culture Collection) എന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് പ്രവർത്തിക്കുന്നത്. WIV 'യുടെ വെബ്സൈറ്റ് തന്നെ പറയുന്നത് ഈ ലാബിനുള്ളിൽ 1500 -ലധികം വൈറസുകളുടെ സ്ട്രെയിനുകൾ ഉണ്ടെന്നാണ്. എബോള പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർച്ച സാധ്യതയുള്ള ക്‌ളാസ് 4 പാത്തോജൻസ്‌ ഈ ലാബിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. മുപ്പതു കോടി യുവാൻ(ഏകദേശം 300 കോടി രൂപയോളം) ചെലവിട്ട് 2015 -ൽ ചൈന പണിപൂർത്തിയാക്കിയ ഈ ലാബ്, തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തന സജ്ജമാകുന്നത് 2018 -ൽ മാത്രമാണ്. 2012 മുതൽ ഒരു P3 ലാബ് ഈ പരിസരത്തു പ്രവർത്തിച്ചു വരുന്നുണ്ട്. 32000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇപ്പോഴുള്ള P4  ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

 

 

അമേരിക്കൻ അധികാരികളുടെ ഇന്നലത്തെ പ്രസ്താവനയോട് ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾ പ്രതികരിച്ചിട്ടില്ല എങ്കിലും, ഫെബ്രുവരിയിൽ അവർ ഇതുസംബന്ധിച്ച് ഒരു പ്രസ് റിലീസ് പുറപ്പെടുവിച്ചിരുന്നു. അതിൽ പറയുന്നത് തങ്ങൾക്ക് കൊറോണവൈറസിന്റെ സാമ്പിൾ സ്‌ട്രെയിൻ കിട്ടുന്നത് ഡിസംബർ 30 നാണ് എന്നും, ജനുവരി 2 -ന് തന്നെ അതിന്റെ വൈറൽ ജീനോം സീക്വൻസ് കണ്ടെത്തുന്നതിൽ തങ്ങൾ വിജയിച്ചു എന്നുമാണ്. ജനുവരി 11 തങ്ങളുടെ ഗവേഷണങ്ങളുടെ ഫലം WHO 'യെ തങ്ങൾ അറിയിച്ചിരുന്നു എന്നും ലാബ് അധികൃതർ അറിയിച്ചിരുന്നു. ചൈനീസ് വിദേശകാര്യ പ്രതിനിധി സാവോ ലിജിയാൻ ഇന്നലെ ഈ ആരോപണം ശക്തിയായി നിഷേധിക്കയുണ്ടായി. " ഇത് ശ്രദ്ധ തിരിച്ചു വിടാനും, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുമുള്ള ചിലരുടെ പരിശ്രമമാണ്. ആശയക്കുഴപ്പമുണ്ടാക്കുക എന്ന ഒരേയൊരു ലക്‌ഷ്യം മാത്രമാണ് ഇതിനുള്ളത്" അദ്ദേഹം പ്രതികരിച്ചു.

ശാസ്ത്രജ്ഞരുടെ അഭിപ്രായം എന്താണ് ?

നോവൽ കൊറോണാ വൈറസ് അഥവാ സാർസ് കോവ് 2 (SARS-CoV-2) എന്നറിയപ്പെടുന്ന ഈ മാരകരോഗാണു ചില പ്രത്യേകയിനം കാട്ടുവവ്വാലുകളിൽ ഉത്ഭവിച്ച് അവയിൽ നിന്ന് വംശനാശ ഭീഷണി നേരിടുന്ന ചില ഈനാംപേച്ചികളിലേക്ക് പടർന്നു കിട്ടി, അവയിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാകാം എന്നാണു ശാസ്ത്രജ്ഞർ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ചൈനയിലെ പാരമ്പര്യ വൈദ്യത്തിൽ കൂട്ടുചേർക്കാനാണ് ഈനാംപേച്ചിയുടെ ഇറച്ചി പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.

അതേ സമയം ശാസ്ത്രമാസികയായ ലാൻസെറ്റ് ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ പഠനത്തിൽ തെളിഞ്ഞ ഒരു വസ്തുത, ആദ്യത്തെ കൊവിഡ് പോസിറ്റീവ് രോഗിക്കോ, തുടർന്നുവന്ന 41 കേസുകളിൽ, 13 എണ്ണത്തിനോ വുഹാനിലെ കുപ്രസിദ്ധമായ സീഫുഡ് മാർക്കറ്റുമായി യാതൊരു ബന്ധവുമില്ല എന്നാണ്. അതേസമയം, ചൈനീസ് ഗവേഷകനും വുഹാനിലെ P4 ലാബിന്റെ ഡെപ്യൂട്ടി ഡയറക്ടറുമായ ഷി സെങ്‌ലിയാണ് ഈ വൈറസ് ഉത്ഭവിച്ചത് വവ്വാലുകളിലാണ് എന്ന് സൂചിപ്പിക്കുന്ന പഠനം നടത്തിയത്. സയന്റിഫിക് അമേരിക്കൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷി പറയുന്നത്," നോവൽ കൊറോണാ വൈറസിന്റെ ജീനോം ഘടന ലാബിലുള്ള ഒരു വവ്വാലിൽ നിന്നെടുത്തിട്ടുള്ള വൈറസുകളുടെയും ഘടനയുമായി സാദൃശ്യമുള്ളതല്ല " എന്നാണ്.

 

 

ലണ്ടനിലെ കിങ്‌സ് കോളേജിലെ ഗവേഷകയായ ഫിലിപ്പ ലെൻറ്സോസ് പറയുന്നത് ഇങ്ങനെയാണ്, "മേല്പറയുന്ന കടകവിരുദ്ധമായ സാഹചര്യങ്ങളിൽ ഈ വൈറസ് എവിടെ നിന്നുത്ഭവിച്ചു എന്നുള്ള ചോദ്യം ഇന്നും ഏറെക്കുറെ ദുരൂഹതയായിത്തന്നെ നിലനിൽക്കുന്ന ഒന്നാണ് എന്നാണ്.ഇത് ഒരു ബയോളജിക്കൽ ഗവേഷണത്തിനിടെ നടന്ന അബദ്ധമാകാനുളള വലിയൊരു സാധ്യത നിലനിൽക്കുന്നുണ്ട്. ഒരു 'ലാബ് ആക്‌സിഡന്റ്' - അതാകാം ചിലപ്പോൾ ഇത്. അത് ചൈന തുറന്നു പറയാൻ മടിക്കുന്നതാകാം. അതൊക്കെ പക്ഷേ, കൃത്യമായ അന്വേഷണങ്ങളിലൂടെ മാത്രം തെളിയുന്ന കാര്യങ്ങളാണ്.  

ചൈന കൊറോണയുടെ കാര്യത്തിൽ തുടക്കം മുതൽ കാണിച്ചിട്ടുള്ള അലംഭാവത്തിന്റെയും ഒളിച്ചുകളിയുടെയും ഒക്കെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര തലത്തിൽ തികഞ്ഞ സുതാര്യതയോടെ  ആ അന്വേഷണങ്ങൾ നടക്കാനുള്ള സാധ്യത, ഇനിയങ്ങോട്ടും വളരെ കുറവാണ്. അമേരിക്കയുടെയും ജർമനി, യുകെ, ഇറ്റലി, സ്‌പെയിൻ  അടക്കമുള്ള പ്രശ്നത്തിന്റെ തിക്തത ഏറ്റവും കൂടുതൽ അനുഭവിച്ച രാജ്യങ്ങളുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം എത്രമാത്രമാകും എന്നതിനെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. അത് കാത്തിരുന്ന് തന്നെ കാണാം.