കഴിഞ്ഞ വേനൽക്കാലത്ത്, വൈറ്റ് ഹൗസിനു മുന്നിൽ വളരെ സമാധാനപൂർവ്വം പ്രകടനം നടത്തിക്കൊണ്ടിരുന്ന 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' എന്ന കറുത്തവർഗക്കാരുടെ മുന്നേറ്റത്തിനു നേരെ പ്രകോപനമേതുമില്ലാതെ വർഷിക്കപ്പെട്ടത് റബ്ബർ ബുള്ളറ്റുകളായിരുന്നു. ട്രംപിന് സൈന്യത്തലവന്മാർക്കൊപ്പവും, തൊട്ടടുത്ത് പള്ളിക്കു മുന്നിൽ ബൈബിൾ കയ്യിലേന്തിക്കൊണ്ടും രണ്ടു ഫോട്ടോ ഷൂട്ടുകൾ നടത്താൻ വേണ്ടിയായിരുന്നു അന്ന് അവരെ സായുധമായി അവിടെ നിന്ന് തുരത്തിയത്. 

എന്നാൽ, ബുധനാഴ്ച ദിവസം, അടഞ്ഞു കിടന്ന കാപ്പിറ്റോളിനുള്ളിലേക്ക് ഇരച്ചുകയറാൻ ട്രംപ് അനുകൂലികളെ അനുവദിക്കാൻ ഇതേ പൊലീസ് മേധാവികൾക്ക് യാതൊരു വൈമനസ്യവും തോന്നിയില്ല. അക്കൂട്ടത്തിൽ ഒരാൾ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഓഫീസ് ചേംബറിനുള്ളിൽ കടന്നു കയറി അവരുടെ മേശപ്പുറത്ത് കാലുംകയറ്റി വെച്ച് ഇരിക്കുകപോലും ചെയ്തു. 

കഴിഞ്ഞ ദിവസം കാപിറ്റോൾ ഹില്ലിൽ ഉണ്ടായ ലഹളയോട് അമേരിക്കൻ നിയമപാലന സംവിധാനം പ്രതികരിച്ചത് തികഞ്ഞ ഉദാസീനതയോടെയാണ്. അത് കഴിഞ്ഞ തവണ ബ്ലാക്ക് ലൈവ്‌സ് മാറ്ററിനോട് പ്രതികരിച്ചതിന് നിന്നൊക്കെ എത്രയോ സൗമനസ്യത്തോടെയാണ്. അത് ഏറെക്കാലമായി ട്രംപ് വിരുദ്ധരും മാധ്യമങ്ങളും പറയുന്ന ഒരു വംശീയവിവേചന മനോഭാവം ട്രംപ് അഡ്മിനിസ്ട്രേഷനിൽ നിലനിൽക്കുന്നുണ്ട് എന്നതിന്റെ പ്രകടമായ ലക്ഷണം എന്നുതന്നെയാണ് പലരും ഇപ്പോൾ കാണുന്നത്. 

കൊവിഡ്  കാരണമുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ വേണ്ടിയല്ലാതെ ട്രംപ് അമേരിക്കയിലെ ക്രമസമാധാന വ്യവസ്ഥയുടെ പരിപാലനത്തിൽ കാര്യമായ താത്പര്യമൊന്നും പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആക്ഷേപം. ക്രമസമാധാന പാലനത്തിന്റെ കാർക്കശ്യം പ്രകടകനത്തിനിറങ്ങുന്നവരുടെ വംശീയസ്വത്വത്തിനനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ ദിവസത്തെ പൊലീസിന്റെ സമീപനം തെളിയിക്കുന്നത് എന്ന് അവർ ആരോപിക്കുന്നു. 

കാപ്പിറ്റോൾ ബിൽഡിങ്ങിനുള്ളിൽ കടന്നു കയറിയ ട്രംപ് അനുകൂലികൾ അവിടെ ജനൽ ചില്ലുകൾ അടിച്ചു തകർത്തും, അമേരിക്കൻ ദേശീയ പതാകക്കു പകരം ട്രംപിന്റെ പതാക സ്ഥാപിക്കാൻ ശ്രമിച്ചും പ്രതിഷേധക്കാർ അഴിഞ്ഞാടിയപ്പോൾ അതിനോട് വളരെ സഹിഷ്ണുതയോടെ പെരുമാറിയ പൊലീസിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. ഈ കാണുന്നതിനെ ഇരട്ടത്താപ്പ് എന്നതിൽ കുറഞ്ഞൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാനാവില്ല എന്ന് അമേരിക്കയിലെ അറിയപ്പെടുന്ന പല ചരിത്രകാരന്മാരും, രാഷ്ട്രീയ നിരീക്ഷകരും ആക്ടിവിസ്റ്റുകളുമൊക്കെ പ്രതികരിച്ചു.  

"പ്രതിഷേധക്കാർക്കെതിരെ 'ബലം പ്രയോഗിക്കരുത്' എന്ന കൃത്യമായ നിർദേശം പൊലീസിന് മേലാവിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നത് വളരെ വ്യക്തമായിരുന്നു " എന്നാണ് ബ്ലാക്ക് ലൈവ്സ് മാറ്ററിലെ സജീവ പ്രവർത്തകനായ കോറി ബുഷ് ആരോപിച്ചത്. "ഞങ്ങളായിരുന്നു ആ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നത് എങ്കിൽ, പൊലീസ് ഞങ്ങളെ ആ പടികൾക്കടുത്തേക്കുപോലും എത്താൻ അനുവദിക്കില്ലായിരുന്നു എന്നുറപ്പാണ്. അതിനു മുമ്പേ ഞങ്ങളെ അവർ വെടിവെച്ചിട്ടേനെ. ഞങ്ങൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചിരുന്നേനെ. ഈ ഒരു വ്യത്യാസത്തെയാണ് ഞങ്ങൾ വെള്ളക്കാരുടെ മേധാവിത്വം എന്ന് വിളിക്കുന്നത്." അദ്ദേഹം പൊളിറ്റിക്കോ മാസികയോട് പറഞ്ഞു.