ഈ സ്ത്രീയുടെ പേര്, പ്രൊഫ. ജെസ്സീക്ക ക്രഗ്. ജോർജ് വാഷിംഗ്ടൺ സർവകലാശാലയിലെ ആഫ്രിക്കൻ സ്റ്റഡീസ് വിഭാഗം പ്രൊഫസറാണിവർ. 2012 മുതൽ യൂണിവേഴ്സിറ്റിയിലെ കുട്ടികൾക്ക് ആഫ്രിക്കൻ ജനതയുടെ പ്രവാസത്തെക്കുറിച്ചും അവരുടെ ചരിത്രത്തെക്കുറിച്ചുമൊക്കെ വിദ്യാർത്ഥികൾക്ക് ക്ലസ്സെടുത്തിരുന്നു അവർ. യൂറോപ്യൻ ജനതയുടെ കൊളോണിയലിസത്തിനും അടിമത്തത്തിനുമെതിരെയുള്ള ആഫ്രിക്കയുടെ ചെറുത്തുനിൽപ്പിന്റെ അടയാളപ്പെടുത്തുന്ന ജെസ്സീക്കയുടെ പുസ്തകം 'ഫ്യൂജിറ്റീവ് മോഡെർണിറ്റിസ്' നിരവധി പതിപ്പുകളിറങ്ങിയ ഒരു ബെസ്റ്റ് സെല്ലറാണ്. എന്തുകൊണ്ടും പ്രചോദനകരമായ ഒരു ജീവിതം, അല്ലേ? ഒരൊറ്റ കുഴപ്പം മാത്രം. പ്രൊഫ. ജെസീക്ക ക്രഗ് എന്ന ഈ സ്ത്രീ, അവരുടെ കരിയർ മൊത്തം കെട്ടിപ്പടുത്തിരിക്കുന്ന നിലപാടുതറ, അവരുടെ 'ആഫ്രിക്കൻ' സ്വത്വമാണ്.  അത് മുഴുവൻ പച്ചക്കള്ളമായിരുന്നു എന്നതാണ് പ്രശ്നം. അവർ അതുവരെ അവകാശപ്പെട്ടിരുന്ന പോലെ ഒരു ആഫ്രിക്കൻ പാരമ്പര്യം അവർക്കില്ല. കൻസാസ് സിറ്റിയിൽ ജനിച്ചു വളർന്ന ഒരു വൈറ്റ് ജൂത യുവതിയായ അവർ തന്റെ ജീവിതത്തിലെ നേട്ടങ്ങൾക്ക് വേണ്ടി മനഃപൂർവം കെട്ടിച്ചമച്ച ഒന്ന് മാത്രമായിരുന്നു സ്വന്തം ബ്ലാക്ക് ഐഡന്റിറ്റി. 

 

 

ജെസ്സീക്കയുടെ മീഡിയം ബ്ലോഗ് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്,"പ്രായപൂർത്തിയായ ശേഷമുള്ള എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും, അക്കാലത്ത് ഞാൻ എടുത്ത ഓരോ തീരുമാനവും, ഞാൻ പറഞ്ഞതും പ്രവർത്തിച്ചതുമായ പച്ചക്കള്ളങ്ങളുടെ ചേടിമണ്ണിലാണ് വേരുറപ്പിച്ചിട്ടുള്ളത്. " ഇങ്ങനെയൊരു വ്യാജ വംശീയ പശ്ചാത്തലം സ്വീകരിക്കാനും, ആ കള്ളം ജീവിതകാലം മുഴുവൻ പറയാനും, ഒരു പരിധിവരെ അത് അവനവനെത്തന്നെ വിശ്വസിപ്പിക്കാനുമുള്ള കാരണം താൻ അനുഭവിച്ചുപോന്നിട്ടുള്ള മാനസികരോഗമാണ് എന്നൊരു ജാമ്യം ഇതേ പോസ്റ്റിൽ തന്നെ അവർ എടുക്കുന്നുണ്ട്. അത് ഒന്നിനുമുള്ള ജാമ്യമില്ലാ എങ്കിലും, അതും പറയേണ്ടതുണ്ട് എന്ന മട്ടിലാണ് ജെസ്സിക്ക തന്റെ മാനസികമായ അസന്തുലിതാവസ്ഥ ഈ അസത്യപ്രഘോഷണത്തിനു മുന്നിൽ ഒരു പരിചയായി എടുത്ത് പിടിക്കുന്നത്. "I am not a culture vulture. I am a culture leech."എന്നാണ് അവർ ലേഖനത്തിൽ ഒരിടത്ത് പറയുന്നത്.

 

 

എന്നാൽ,  'ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ' എന്ന മട്ടിൽ പ്രൊഫ. ജെസ്സീക്ക നടത്തിയ ഈ കുറ്റസമ്മതം അവരുടെ മഹാമനസ്കതയൊന്നും ആയിരുന്നില്ല എന്ന വസ്തുത പ്രൊഫസറുടെ മീഡിയം പോസ്റ്റിനു തൊട്ടുപിന്നാലെ അവരുടെ സുഹൃദ്‌വൃന്ദത്തിൽ ഉള്ള ചിലർ തന്നെ ചെയ്ത ചില ട്വീറ്റുകളിലൂടെ പുറത്തുവന്നു. ആദ്യം വന്ന ട്വീറ്റ് ജെസ്സീക്കയുടെ പഴയ സ്നേഹിതനും, കറുത്തവർഗക്കാരനായ എഴുത്തുകാരനും തിരക്കഥാ കൃത്തുമായ ഹാരി സിയാദ് ആയിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു.  "ജെസീക്ക എല്ലാം തുറന്നു പറഞ്ഞത് അവരുടെ ഉദാരമനസ്കത കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അവരുടെ പൂച്ച് പുറത്താകാൻ പോകുന്നു എന്ന് മനസ്സിലായി, അതിനു കണക്കാക്കി കളിക്കുന്ന പുതിയ കളിയാണിത് "

 

ഹാരിയെ പിന്തുണച്ചുകൊണ്ട് പ്രൊഫ. ജെസീക്കയുടെ ശിഷ്യയായ ഡോ. യോമിറ ഫിഗ്വേറോയുടെ ട്വീറ്റും വന്നു. "അവർ ഒരുമുഴം കൂട്ടിയെറിയുന്നതാണ്. ഏത് നിമിഷവും പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ, നിൽക്കക്കള്ളിയില്ലാതെ നടത്തുന്ന ഒടുക്കത്തെ കളി മാത്രമാണിത്.   പിടിക്കപ്പെടുന്ന സാഹചര്യം ഇപ്പോൾ വന്നില്ലായിരുന്നു എങ്കിൽ അവർ മരിക്കും വരെ ഇതേ കള്ളങ്ങളിൽ കടിച്ചു തൂങ്ങി കിടന്നേനെ" എന്ന് ഡോ. യോമിറ തന്റെ ആദ്യ ട്വീറ്റിൽ പറഞ്ഞു. തുടർന്ന് ചെയ്ത തുടർച്ചയായ ട്വീറ്റുകളിൽ അവർ താൻ പറഞ്ഞത് കൂടുതൽ വ്യക്തമാക്കി.

 

"പ്രൊഫ. ജെസ്സിക്കയുടെ ഒരു ലാറ്റിൻ ആഫ്രിക്കൻ വിദ്യാർത്ഥിനിക്ക് അവർ പറഞ്ഞ കാര്യങ്ങളിൽ തോന്നിയ സംശയവും, അവർ തന്റെ സീനിയർ വിദ്യാർത്ഥികളോട് അത് ചെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ അവർ ആഴത്തിൽ നടത്തിയ അന്വേഷണങ്ങളുമാണ് ഇന്ന് ഈ ഒരു കുറ്റസമ്മതത്തിലേക്ക് അവരെ നയിച്ചത്. അതിനു കാരണം, ഈ കുട്ടികൾ ചെന്ന് ചോദ്യങ്ങൾ ചോദിച്ചിടങ്ങളിൽ നിന്ന് അവർക്ക് നേരിടേണ്ടി വന്ന ചോദ്യം ചെയ്യലുകളിൽ നിന്നുണ്ടായ സമ്മർദ്ദം മാത്രമാണ്. അവർ ഒരു കരിയർ തന്നെ ഉണ്ടാക്കിയെടുത്ത കറുത്തവരുടെ ത്യാഗങ്ങൾക്കു മേൽ ചവിട്ടി നിന്ന്, അതിനെ അനുകരിച്ച്, അഭിനയിച്ച്, പച്ചക്കള്ളം പറഞ്ഞുകൊണ്ടാണ്. ആ വസ്തുത എന്നിൽ വല്ലാത്ത ക്രോധമുണ്ടാക്കുന്നുണ്ട്. അവർ നേടിയ അവാർഡുകൾ, അവർക്ക് ഗവേഷണത്തിന് അനുവദിക്കപ്പെട്ട ഗ്രാന്റുകൾ, ഫെല്ലോഷിപ്പുകൾ - അതൊക്കെ നഷ്ടപ്പെടുത്തിയത് എത്ര ആഫ്രിക്കൻ ഗവേഷകരുടെ അവസരങ്ങളാണ് എന്നോർക്കണം. എനിക്ക് ഈ സ്ത്രീയെ വ്യക്തിപരമായി അടുത്ത് പരിചയമില്ലായിരുന്നു എന്നത് ഇപ്പോഴാണ് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നത്" ഡോ. യോമിറ പറഞ്ഞു.

 

താൻ എന്തുകൊണ്ടാണ് ഇപ്പോൾ പെട്ടെന്നിങ്ങനെ ഒരു കുറ്റസമ്മതം നടത്തിയത് എന്ന് പ്രൊഫ. ജെസ്സിക്ക തന്റെ 'മീഡിയം' പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നില്ല. ഹാരി സിയാദിന്റെയോ ഡോ. യോമിറയുടെയോ ആക്ഷേപങ്ങളോടും അവർ പിന്നീട് പ്രതികരിച്ചതുമില്ല. "നിങ്ങൾ എല്ലാവരും എന്നെ തികച്ചും റദ്ദാക്കണം, ഞാൻ എന്നെത്തന്നെ ഇതോടെ റദ്ദാക്കിയിരുന്നു" എന്നാണ് അവർ പിന്നീട് പറഞ്ഞത്.