ഒപ്പം തന്നെ നിയമ പരിരക്ഷ, ആരോഗ്യ പരിരക്ഷ, മാനസിക പിന്തുണ ഇവയെല്ലാം ഉറപ്പുവരുത്തുന്നുണ്ട് മിട്ടി കേ രംഗ് എന്ന് കോ-ഫൗണ്ടറായ സകേത് ദേശ്മുഖ് പറയുന്നു. വിധവകള്‍ക്കപ്പുറം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കും പിന്തുണ നല്‍കുന്ന തരത്തിലേക്ക് ഓര്‍ഗനൈസേഷനെ വളര്‍ത്തുന്ന പ്രവര്‍ത്തനം കൂടി ആരംഭിച്ചിട്ടുണ്ട്. 

ജൂണ്‍ 23 അന്താരാഷ്ട്ര വിധവാ ദിനമാണ്. ഇന്ത്യയില്‍ 42 മില്ല്യണിനടുത്ത് വിധവകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തിലത് 254 മില്ല്യണ്‍ ആണ്. ഇപ്പോഴും, പല സ്ഥലങ്ങളിലും വിധവകളോടുള്ള സമീപനം മോശമാണ്, മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ പോലും... 

അമിത്ത് ജയിനിന് തന്‍റെ പിതാവിനെ നഷ്ടപ്പെടുന്നത് മൂന്ന് വയസുള്ളപ്പോഴാണ്. ആ സമയത്തെല്ലാം വേദനിക്കുന്ന, ഒറ്റപ്പെടുന്ന തന്‍റെ അമ്മയെ കാണുന്നത് അവന് ഹൃദയം തകരുന്ന കാഴ്ചയായിരുന്നു. വിധവയാണെന്ന കാരണത്താല്‍ സ്വന്തം സഹോദരന്‍റെ വിവാഹ ചടങ്ങുകളില്‍ നിന്നുപോലും അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. തന്‍റെ അമ്മയ്ക്ക് സംഭവിക്കുന്നത് വേറൊരു വിധവയ്ക്കും സംഭവിക്കരുതെന്ന് അമിത്തിന് തോന്നി. അങ്ങനെയാണ് അമിത്ത് 'മിട്ടി കേ രംഗ്' (Mitti Ke Rang) എന്ന ഓര്‍ഗനൈസേഷന് രൂപം കൊടുക്കുന്നത്. 

2014 -ല്‍ പൂനെയിലാണ് 'മിട്ടി കേ രംഗ്' ആരംഭിക്കുന്നത്. വിധവകള്‍ക്ക് വിദ്യാഭ്യാസം, പുനരധിവാസം, തൊഴില്‍ പരിശീലനം തുടങ്ങിയവയെല്ലാം ഉറപ്പു വരുത്തുക, അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങളും ഒറ്റപ്പെടുത്തലുകളും അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. 

ഒപ്പം തന്നെ നിയമ പരിരക്ഷ, ആരോഗ്യ പരിരക്ഷ, മാനസിക പിന്തുണ ഇവയെല്ലാം ഉറപ്പുവരുത്തുന്നുണ്ട് മിട്ടി കേ രംഗ് എന്ന് കോ-ഫൗണ്ടറായ സകേത് ദേശ്മുഖ് പറയുന്നു. വിധവകള്‍ക്കപ്പുറം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കും പിന്തുണ നല്‍കുന്ന തരത്തിലേക്ക് ഓര്‍ഗനൈസേഷനെ വളര്‍ത്തുന്ന പ്രവര്‍ത്തനം കൂടി ആരംഭിച്ചിട്ടുണ്ട്. 

പല അമ്മമാരും കുഞ്ഞുങ്ങളെ നോക്കാന്‍ ആളില്ലാത്തതിന്‍റെ പേരില്‍ ജോലിക്ക് പോകാന്‍ കഴിയാതെ നില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്കായി ഗണിതം, ഇംഗ്ലീഷ് എന്നിവയിലെല്ലാം കഴിവ് വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങളും ഓര്‍ഗനൈസേഷന്‍ നല്‍കി വരുന്നു. അതിനാല്‍ തന്നെ അമ്മമാര്‍ ധൈര്യമായി ജോലിക്ക് പോകുന്നു. അതവര്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം നല്‍കുന്നു. അവര്‍ മിട്ടി കേ രംഗിലെത്തി ബാഗുകളും മറ്റും നിര്‍മ്മിക്കുന്നു. തുണി ബാഗുകള്‍ 300 രൂപയ്ക്കും പേപ്പര്‍ ബാഗുകള്‍ ഏഴ് രൂപയ്ക്കും വില്‍ക്കുന്നു. 

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വരുമാനം ലഭിക്കുന്നു എന്നതിനൊപ്പം തന്നെ മറ്റ് സത്രീകള്‍ക്ക് തൊഴില്‍ പരിശീലനവും ഇവര്‍ നല്‍കുന്നു. പൂനെയില്‍ മൂന്ന് സെന്‍റര്‍ കൂടി തുടങ്ങാന് ഓര്‍ഗനൈസേഷന് പദ്ധതിയുണ്ട്. തന്‍റെ അമ്മയുടെ വേദനയില്‍ നിന്നുള്ള മോചനത്തിനായി അമിത്ത് തുടങ്ങിയ ഈ ഓര്‍ഗനൈസേഷന്‍ ഇന്ന് ഒരുപാട് വിധവകള്‍ക്ക്, സ്ത്രീകള്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക് ചിറക് നല്‍കുന്നു.