Asianet News Malayalam

അന്താരാഷ്ട്ര മാർക്കറ്റിൽ 10 ലക്ഷം രൂപവരെ കിട്ടുന്ന ഈനാംപേച്ചി, കടത്തുകാർക്ക് പേടിസ്വപ്നമായ ഓഫീസർ...

ഒരു ആവാസവ്യവസ്ഥയില്‍ ഈനാംപേച്ചികളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നതിനെ കുറിച്ചും അവ നേടുന്ന ഭീഷണിയെക്കുറിച്ചുമെല്ലാം സസ്മിത പ്രദേശവാസികളെ ബോധവല്‍ക്കരിച്ചു. 

an officer working to protect the pangolin
Author
Odisha, First Published Feb 4, 2021, 2:38 PM IST
  • Facebook
  • Twitter
  • Whatsapp

ലോകത്തില്‍ ഏറ്റവുമധികം കടത്തപ്പെടുന്ന മൃഗം ഒരുപക്ഷേ ഈനാംപേച്ചി ആയിരിക്കും. ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍, റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈനാംപേച്ചിയെ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ളതാണ് ഇവയുടെ മാംസം, ചോര, പുറംതോട് എന്നിവയ്ക്ക്. ഇവയുടെ ഔഷധഗുണം തന്നെ കാരണം. ഇന്ത്യയില്‍ ഹിമാലയന്‍ പ്രദേശങ്ങളിലാണ് സാധാരണയായി ഈനാംപേച്ചിയെ കാണുന്നത്. ഒഡീഷയിലാണ് ഏറ്റവുമധികം ഇവയെ കാണുന്നത്. 

അതുപോലെ തന്നെ ഈനാംപേച്ചിയുടെ കടത്തും സജീവമാണ് ഇവിടെ. 2019 -ലാണ് സസ്മിത ലെങ്ക, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായി 
ഇവിടെ ജോലിക്ക് കയറുന്നത്. 47 -കാരിയായ ഈ ഓഫീസര്‍ കള്ളക്കടത്തുകാരടക്കം 28 പേരെയാണ് ഈനാംപേച്ചിയെ കടത്തുന്നതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അഞ്ച് ഈനാംപേച്ചികളെയാണ് രക്ഷപ്പെടുത്തിയത്. 2019 ആഗസ്തിനും 2020 ഏപ്രിലിനുമിടയില്‍ Athagarh, Khunpunni മേഖലയില്‍ കള്ളക്കടത്തുകാരെ നിലയ്ക്ക് നിര്‍ത്താന്‍ പറ്റുന്നതെല്ലാം അവര്‍ ചെയ്തു. 

“ഈ പ്രദേശത്ത് ഈനാംപേച്ചികളുടെ സാന്നിധ്യത്തെക്കുറിച്ച് കൃത്യമായ ഒരു വിവരവും ഇല്ലായിരുന്നു. അനധികൃത കച്ചവടവുമായി ബന്ധപ്പെട്ട് അധികാരികളുടെ ഒരു നടപടിയും റിപ്പോർട്ട് ചെയ്തിട്ടുമില്ല. പല നാട്ടുകാർക്കും ഈനാംപേച്ചിയെ കുറിച്ച് അറിയില്ലായിരുന്നു. അവ വംശനാശം നടന്നു കൊണ്ടിരിക്കുന്ന ജീവിയാണെന്നും അറിയില്ലായിരുന്നു. ചിലർ ഇത് ഒരു പക്ഷിയാണെന്ന് പോലും കരുതി” സസ്മിത ദി ബെറ്റർ ഇന്ത്യയോട് പറഞ്ഞു.

എന്നിരുന്നാലും, വനമേഖലയിൽ കള്ളക്കടത്തു ശൃംഖലയുണ്ടെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു, അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സൂചനകൾ ലഭിക്കുന്നതിന് തന്റെ അധികാരപരിധിയിലുടനീളം ഇൻഫോർമർമാരെ വിന്യസിച്ചു അവർ. ഒരുമാസത്തിനുള്ളിൽ, ഖരോദ് ഗ്രാമത്തിൽ നിന്ന് ഒരു ഈനാംപേച്ചിയെ രക്ഷപ്പെടുത്തി. രഹസ്യമായി തുടര്‍ന്നിരുന്ന സംഘങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. 

ഒരു ഏജന്‍റോ ഇടനിലക്കാരനോ പ്രദേശത്തെ ആദിവാസി ജനതയെ സമീപിക്കുകയും ഈനാംപേച്ചികളെ എവിടെനിന്ന് കണ്ടെത്താൻ കഴിയുമെന്ന് അറിയാമോ എന്ന് അവരോട് ചോദിക്കുകയും ചെയ്യുന്നു. അവർ ചിലപ്പോൾ മൃഗത്തിന്റെ ഫോട്ടോകളോ വീഡിയോകളോ അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യും. കുറച്ച് നാട്ടുകാർക്ക് സാധാരണയായി ഈനാംപേച്ചികള്‍ എവിടെയാണെന്ന് അറിയാം. പക്ഷേ, ഈ ഇനം എത്രമാത്രം വംശനാശഭീഷണിയിലാണെന്ന് അറിയില്ല. എല്ലാ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നു. നാട്ടുകാര്‍ ഒരു തുകയ്ക്ക് ഈനാംപേച്ചിയെ കൈമാറുന്നു. എന്നാല്‍, വീണ്ടും വീണ്ടും കൈമാറ്റം ചെയ്യപ്പെടുന്നതിനനുസരിച്ച് വില കൂടിക്കൊണ്ടേയിരിക്കുന്നു. പ്രായപൂർത്തിയായ ഒരു ഈനാംപേച്ചിക്ക് 10 ലക്ഷം രൂപ വരെ കിട്ടുമത്രെ. 

ഒരു ആവാസവ്യവസ്ഥയില്‍ ഈനാംപേച്ചികളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നതിനെ കുറിച്ചും അവ നേടുന്ന ഭീഷണിയെക്കുറിച്ചുമെല്ലാം സസ്മിത പ്രദേശവാസികളെ ബോധവല്‍ക്കരിച്ചു. ഇവയെ കടത്തുന്നുവെന്ന് സംശയിക്കുന്നവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ റിവാര്‍ഡും പ്രഖ്യാപിച്ചു. എന്നാല്‍, സസ്മിതയ്ക്ക് നേരെ ഭീഷണികളും ഒരുപാടുണ്ടായി. ഭീഷണിക്കോളുകള്‍ വന്നുതുടങ്ങി. വീടിന് നേരെ കല്ലേറുണ്ടായി. പക്ഷേ, ഈനാംപേച്ചികളെ സംരക്ഷിക്കുന്നതില്‍ നിന്നും അവര്‍ പിന്നോട്ട് മാറിയില്ല. തന്നെക്കൊണ്ടാവുന്നതെല്ലാം ഇവയെ സംരക്ഷിക്കുന്നതിനായി ആ ഓഫീസർ ചെയ്തു. 

ഏതായാലും സസ്മിതയുടെ പ്രവര്‍ത്തനങ്ങള്‍ യുഎന്‍ തിരിച്ചറിയുകയും ഏഷ്യ എൻവയോൺമെന്റ് എൻഫോഴ്സ്മെന്റ് അവാർഡ് (Asia Environment Enforcement Awards 2020) നല്‍കി അവരെ ആദരിക്കുകയും ചെയ്തു. തന്‍റെ കഠിനാധ്വാനം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും ഈനാംപേച്ചികളെ പൂര്‍ണമായും സംരക്ഷിക്കുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സസ്മിത പറയുന്നു. ഭുവനേശ്വർ ജില്ലാ ആസ്ഥാനത്ത് ഇപ്പോൾ ഡെപ്യൂട്ടി കൺസർവേറ്ററായി നിയമിക്കപ്പെട്ടിരിക്കുകയാണ് സസ്മിത. 

(വിവരങ്ങൾക്ക് കടപ്പാട്: ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios