രതിക്രീഡകൾക്കിടയിൽ അനക്കോണ്ട മിഥുനങ്ങളിൽ ഒരാൾ ഞെരിഞ്ഞമർന്ന് മരിച്ചുപോകുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. വളരെ അപൂർവമാണ് എങ്കിലും, അനാക്കോണ്ടകൾക്കിടയിൽ അത് തീരെ അസ്വാഭാവികം എന്നും പറയാൻ വയ്യ. 2012-ൽ ബ്രസീലിലെ ചതുപ്പുനിലങ്ങളിലൂടെ  സാമാന്യത്തിൽ കവിഞ്ഞ വലിപ്പമുള്ള ഒരു പെരുമ്പാമ്പിനെ തിരഞ്ഞു നടന്ന സുപ്രസിദ്ധ നാഷണൽ ജിയോഗ്രഫിക് ഫോട്ടോഗ്രാഫർ ലൂസിയാനോ കാൻഡിസാനിക്ക് ഓർത്തിരിക്കാതെ ഒരു ലോട്ടറിയടിച്ചു. അന്നുവരെ അപൂർവങ്ങളിൽ അപൂർവമായി മാത്രം ക്യാമറക്കണ്ണുകൾക്ക് പകർത്താൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഒരു ദൃശ്യം അയാളുടെകണ്മുന്നിൽ വന്നുപെട്ടു. രതികേളികൾക്കൊടുവിൽ തന്റെ പങ്കാളിയെ   ഞെരിച്ചു കൊന്നുകളയുന്ന പച്ചനിറത്തിലുള്ള ഒരു പെൺ അനക്കോണ്ട. അയാൾ ആ ചരിത്ര ദൃശ്യം തന്റെ ലെൻസുകളാൽ പകർത്തി. 

PHOTOGRAPH BY LUCIANO CANDISANI, Courtesy : National Geographic  

ഒരു ട്രക്ക് ടയറിനോളം വലിപ്പമുള്ള ഒരു പച്ചപെരുമ്പാമ്പിനെ കണ്ടു എന്നും പറഞ്ഞ് സഞ്ചാരിയായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കാൻഡിസാനിയെ വിളിച്ചുകൊണ്ടുവന്നത് പ്രദേശത്തെ ഫോറസ്റ്റ് ഗൈഡുകളായ യൂക്കയും ദാനിയേലും ചേർന്നായിരുന്നു. ഫോർമോസോ നദിയിൽ പലയിടത്തും വെച്ച് അവരിരുവരും ഈ പെരുമ്പാമ്പിനുമുന്നിൽ ചെന്നുപെട്ടിരുന്നു. തിരഞ്ഞുനടന്നുനടന്ന് ഒടുവിൽ കണ്ടുമുട്ടുമ്പോൾ ചതുപ്പിലെ വെള്ളത്തിൽ പാതി മുങ്ങിയ അവസ്ഥയിലായിരുന്നു ആ പാമ്പിന്റെ കിടപ്പ്. ആ പെൺപാമ്പിന്റെ ആലിംഗനത്തിൽ അമർന്നുപോയ ഒരു മെല്ലിച്ച ആൺ അനാക്കോണ്ടയെയും കാൻഡിസാനി കണ്ടു. ഏറെനേരം ഒച്ചയുണ്ടാക്കാതെ, അനങ്ങാതെ വെറും ഒരു മീറ്റർ മാത്രം അകലത്തിരുന്നുകൊണ്ട്  ആ കോൾമയിർ കൊള്ളിക്കുന്ന ദൃശ്യങ്ങളുടെ ഒരായിരം സ്നാപ്പുകൾ  അദ്ദേഹം പകർത്തി. 

 കാൻഡിസാനി ആദ്യം കരുതിയത് ആ കിടപ്പ് രതിക്ക് ശേഷം തളർന്നുള്ള ഉറക്കമാകും എന്നാണ്. എന്നാൽ ഏറെ നേരം നിരീക്ഷിച്ച ശേഷമാണ് അദ്ദേഹത്തിന് ആ ആൺ അനക്കോണ്ടയ്ക്ക് ജീവനില്ല എന്ന സത്യം മനസ്സിലായത്. രതിക്കിടെ അതിന്റെ ഇണ ആവേശപൂർവം നടത്തിയ ഒരു ആലിംഗനത്തിൽ ഞെരുങ്ങി സംഭവിച്ച മരണമാണ് എന്നും. പിന്നെയും കുറെ നേരം കൂടി കഴിഞ്ഞപ്പോൾ, ആ പെൺ അനക്കോണ്ട   കുറ്റിക്കാടുകൾക്കിടയിലേക്ക്  തന്റെ  ഇണയുടെ ജഡവും വലിച്ചിഴച്ചുകൊണ്ട് പോയി.  ഈ ചിത്രം കാൻഡിസാനി പകർത്തിയത് 2012-ലായിരുന്നു എങ്കിലും ആദ്യമായി നാഷണൽ ജ്യോഗ്രഫിക് ചാനലിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചുവരാൻ പിന്നെയും അഞ്ചുവർഷമെടുത്തു. 

താൻ പകർത്തിയ ചിത്രത്തിൽ കണ്ട അനാക്കോണ്ടയുടെ പെരുമാറ്റം കാൻഡിസാനിയിൽ ജിജ്ഞാസയുണർത്തി. അദ്ദേഹം സംശയനിവാരണാർത്ഥം ഒരു അനക്കോണ്ടാ വിദഗ്ധനായ ഡോ. ഹെസൂസ് റിവാസിനെ സമീപിച്ചു. ന്യൂ മെക്സിക്കോ ഹൈലാൻഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ മുപ്പതു വർഷത്തിലധികമായി വെനിസ്വെലയിലെ ഉരഗങ്ങളെപ്പറ്റി പഠനം നടത്തുകയായിരുന്നു ഡോ. ഹെസൂസ്. അദ്ദേഹമാണ് ഇത്തരത്തിലുള്ള 'നിഗ്രഹോത്സുകത' അനാക്കോണ്ടകളുടെ ജന്മവാസനയാണ് എന്ന സത്യം, താൻ നേരിട്ട് നിരീക്ഷിച്ച ഉദാഹരണങ്ങളുടെ തെളിവുകൾ സഹിതം കാൻഡിസാനിയെ ബോധ്യപ്പെടുത്തിയത്. 

പലപ്പോഴും ഇത്തരത്തിൽ ഇണയെത്തന്നെ ഞെരിച്ചു കൊന്ന ശേഷം പെൺ അനക്കോണ്ടകൾ, അവയെ ഭക്ഷിക്കുക കൂടി ചെയ്യും. മിക്കവാറും കേസുകളിൽ ഗർഭവതികളായ അനക്കോണ്ടകളാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് മുതിരുന്നത്. ഏഴെട്ടുമാസം നീണ്ടുനിൽക്കുന്ന ഗർഭകാലത്തേക്ക് വേണ്ടുന്ന പ്രോട്ടീൻ ശേഖരിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് അവർ ഈ കൊല നടത്തുന്നത്. കാരണം, പ്രസവത്തിൽ ഒരു അനാക്കോണ്ടയ്ക്ക് അതിന്റെ ശരീരഭാരത്തിന്റെ മൂന്നിലൊന്നും നഷ്ടമാകും. ആ നഷ്ടം പരിഹരിക്കാൻ വേണ്ടിയുള്ള ഒരു പരിശ്രമമാണ് ഈ കൊല്ലലും തിന്നലും ഒക്കെ. ചതുപ്പുനിലങ്ങളിലെ വെള്ളം വറ്റുമ്പോൾ ദീർഘകാലത്തേക്ക് ഭക്ഷണമൊന്നും കിട്ടാതെ പട്ടിണികിടക്കേണ്ടി വരുന്നതാണ് ഇങ്ങനെ ഭക്ഷണം ശേഖരിക്കാൻ അനാക്കോണ്ടയെ പ്രേരിപ്പിക്കുന്നത്. ആമസോൺ കാടുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാലാമത്തെ ഞെരിച്ചുകൊല്ലലായിരുന്നു കാൻഡിസാനിക്ക് പകർത്താൻ അവസരം കിട്ടിയത്,  ക്യാമറക്കണ്ണിൽ പെടുന്ന ആദ്യത്തേതും. 

ആൺ പെൺ അനാക്കോണ്ടകൾക്കിടയിലുള്ള കാര്യമായ വലിപ്പവ്യത്യാസം കാരണം, പച്ച അനാക്കോണ്ടകളിൽ ഇത്തരത്തിൽ രതിക്കിടയിലെ ഞെരുങ്ങിമരണങ്ങൾ പതിവായി നടക്കാറുണ്ടത്രെ. ആൺ അനക്കോണ്ടകൾക്ക് ശരാശരി ഒമ്പതടി നീളം വരുമ്പോൾ, പെൺ അനക്കോണ്ടകൾക്ക് പന്ത്രണ്ടടിയോളം വരും നീളം. 

അന്ന് കാൻഡിസാനിയുടെ ക്യാമറക്കണ്ണുകളിൽ നിന്നും ഇഴഞ്ഞുനീങ്ങി ചതുപ്പുനിലത്തിലെ കുറ്റിക്കാടുകളിൽ മറഞ്ഞ ആ പെൺ അനക്കോണ്ട ഇന്നും ആമസോണിൽ ഏതോ കാടുകളിൽ മറഞ്ഞിരിപ്പുണ്ട്, അടുത്ത ഒരു ആൺ അനാക്കോണ്ടയെയും പ്രതീക്ഷിച്ചുകൊണ്ട്..!