പച്ചത്തെറി, ഒപ്പം ലിംഗവും, ആയിരക്കണക്കിന് വര്‍ഷം മുമ്പുമുണ്ടായിരുന്നു ഇത്തരം തെറിവിളി!

ജനനേന്ദ്രിയങ്ങള്‍ വെച്ചുള്ള തെറിവിളി തുടങ്ങിയത് ഏത് കാലത്താണ്? ഇതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഇത്തരം തെറിവിളികള്‍ നിലവിലുണ്ടെന്നാണ് പുതിയൊരു പുരാവസ്തു കണ്ടുപിടിത്തം തെളിയിക്കുന്നത്. 1700 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു റോമന്‍ ശിലാലിഖിതത്തിലാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് നമുക്കെല്ലാം സുപരിചിതമായ വിധത്തിലുള്ള തെറിവിളി കണ്ടെത്തിയത്. വടക്കന്‍ ഇംഗ്ലണ്ടിലെ വിന്‍ഡോലാന്‍ഡയില്‍ വര്‍ഷങ്ങളായി തുടരുന്ന ഉദ്ഖനനത്തിന്റെ ഭാഗമായാണ്, ഈ ശിലാ ലിഖിതം കണ്ടെത്തിയത്. ഇതു കൂടാതെ, അക്കാലത്തെ മനുഷ്യര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിച്ച ഭാഷാരീതികള്‍ വ്യക്തമാക്കുന്ന മറ്റു ചില ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യം ബ്രിട്ടന്‍ കീഴടക്കി ഭരിച്ച കാലത്ത്, അവരുടെ കോട്ടകള്‍ നിലവിലുണ്ടായിരുന്ന സ്ഥലമാണ് വടക്കന്‍ ഇംഗ്ലണ്ടിലെ വിന്‍ഡോലാന്‍ഡ. ഇവിടെ ഏറെക്കാലം റോമക്കാര്‍ താമസിച്ചിരുന്നതായാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. യുനെസ്‌കോയുടെ പൈതൃകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഹാദ്രിയന്‍സ് മതില്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവിടെ കഴിഞ്ഞ കുറേ വര്‍ഷമായി വിന്‍ഡോലാന്‍ഡ ട്രസ്റ്റ് എന്ന സ്വകാര്യ സംരംഭത്തിന്റെ നേതൃത്വത്തില്‍ പുരാവസ്തു ഉദ്ഖനനങ്ങള്‍ നടക്കുന്നുണ്ട്. നാട്ടുകാരായ നിരവധി വളണ്ടിയര്‍മാരാണ് ഇവിടെയാകെ കുഴച്ചുമറിച്ച് പുരാവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. അങ്ങനെയുള്ള തിരച്ചിലിനിടെ, ജന്‍മദിനാഘോഷത്തിന് സഹോദരിയെ ക്ഷണിക്കുന്ന ഒരു കൈയെഴുത്ത് കിട്ടിയിരുന്നു. അതിനു പിന്നാലെയാണ്, ഡിലന്‍ ഹെര്‍ബര്‍ട്ട് എന്ന വളണ്ടിയര്‍ക്ക് ഒരു ശിലാലിഖിതം കിട്ടിയത്. 

15 സെന്റി മീറ്റര്‍ നീളവും 40 സെന്റി മീറ്റര്‍ വീതിയുമുള്ള ശിലാ ലിഖിതമാണ് ഇവിടെ കണ്ടുകിട്ടിയത്. ഈ ശിലാ ലിഖിതത്തില്‍ ഒരു ലിംഗം സൂക്ഷ്മമായി തന്നെ കൊത്തിവെച്ചത് വ്യക്തമായി കാണാനാവും. അതോടൊപ്പം ഒരു എഴുത്തും ഇതിലുണ്ട്. Secundinus എന്നയാള്‍ക്കെതിരെ ആരോ കൊത്തിവെച്ച തെറിയാണ് ആ എഴുത്തിലുള്ളത്. അയാള്‍ക്കെതിരായ തെറിയോട് ചേര്‍ന്നാണ് പുരുഷ ലിംഗം കൊത്തിവെച്ചത്. റോമന്‍ കാലത്ത് ലിംഗങ്ങള്‍ ഉര്‍വരതയുടെയും സന്താനലബ്ധിയുടെയും നല്ല ചിഹ്‌നമായാണ് കരുതിയിരുന്നത്. എന്നാല്‍, ഈ തെറിവിളി കൂടെ ഒപ്പം വരുന്നതിനാല്‍, ഇത് Secundinus എന്നയാള്‍ക്കെതിരെ ആരോ എഴുതിവെച്ച തെറിയായാണ് ചരിത്രകാരന്‍മാര്‍ കണക്കാക്കുന്നത്. 

സ്ത്രീ, പുരുഷ ജനനേന്ദ്രിയങ്ങള്‍ കൂട്ടിയുള്ള തെറിവിളി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ നിലനിന്നിരുന്നു എന്നതിന് തെളിവാണ് ഇതെന്നാണ് ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ട്രസ്റ്റ് വാര്‍ത്താ കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയാ കാലത്ത് ആളുകളെ തെറിവിളിക്കാന്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്ന വിധത്തില്‍, അക്കാലത്തും ജനനേന്ദ്രിയങ്ങള്‍ ചൂണ്ടിക്കാട്ടി തെറിവിളി നിലനിന്നിരുന്നതായി വേണം മനസ്സിലാക്കാന്‍. ഏതോ ഒരാള്‍ മറ്റൊരാളെ തെറിവിളിക്കാന്‍ ലിംഗത്തിന്റെ ചിത്രം ഉപയോഗിക്കുകയായിരുന്നുവെന്ന ഈ നിഗമനം വരുംകാലത്ത് വലിയ ചര്‍ച്ചയാവുമെന്നാണ് ട്രസ്റ്റ് വാര്‍ത്താ കുറിപ്പില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.