1989 -ലും 1990 -ലുമായി ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു നദീതീരത്ത് നിന്ന് കണ്ടെത്തിയ രണ്ട് ഫോസിലുകളിൽ ഒന്നാണ് യുൻഷ്യൻ 2 എന്നറിയപ്പെടുന്ന ഈ തലയോട്ടി.
മനുഷ്യപരിണാമത്തിന്റെ കഥകൾ തിരുത്തിയെഴുതി പുതിയ കണ്ടെത്തലുകൾ. ചൈനയിലെ നദീതീരത്ത് നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ടെത്തിയ തകർന്ന തലയോട്ടിയിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ. മനുഷ്യന്റെ വംശാവലിയെ (family tree) തിരുത്തി എഴുതുന്നതാണ് കണ്ടെത്തലെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു. ഹോമോ സാപ്പിയൻസ്, ഡെനിസോവൻസ്, നിയാണ്ടർത്താൽസ് എന്നിവയുടെ ഉത്ഭവം ഇതുവരെ കരുതിയിരുന്നതിനേക്കാൾ വളരെ മുമ്പാണ് എന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ മൂന്ന് സ്പീഷീസുകളും ഏകദേശം 700,000 നും 500,000 നും ഇടയിൽ ഒരു പൊതു പൂർവ്വികനിൽ നിന്ന് (Ancestor x) വേർതിരിയാൻ തുടങ്ങി എന്ന പരമ്പരാഗത കാഴ്ചപ്പാടിനെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തൽ.
ഡെനിസോവൻസും ആധുനിക മനുഷ്യരും അവസാനമായി ഒരു പൊതു പൂർവ്വികനുമായി ബന്ധം പങ്കിട്ടത് ഏകദേശം 1.32 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാെണന്നാണ് ഈ പുതിയ പഠനം പറയുന്നത്. നിയാണ്ടർത്താലുകൾ ഈ പരിണാമരേഖയിൽ നിന്ന് ഏകദേശം 1.38 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുതന്നെ വേർപിരിഞ്ഞു എന്നും പഠനം വ്യക്തമാക്കുന്നു. നിയാണ്ടർത്താലുകളേക്കാൾ മനുഷ്യരുമായി കൂടുതൽ അടുത്ത് നിൽക്കുന്നത് ഡെനിസോവൻസ് ആണെന്നാണ് ഈ കണ്ടെത്തലുകൾ സമർത്ഥിക്കുന്നത്. നിലവിൽ നിയാണ്ടർത്താലുകളെയാണ് ഹോമോ സാപ്പിയൻസിന്റെ ഏറ്റവും അടുത്ത സഹോദര സ്പീഷീസായി കണക്കാക്കുന്നത്.
യുൻഷ്യൻ 2
1989 -ലും 1990 -ലുമായി ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു നദീതീരത്ത് നിന്ന് കണ്ടെത്തിയ രണ്ട് ഫോസിലുകളിൽ ഒന്നാണ് യുൻഷ്യൻ 2 എന്നറിയപ്പെടുന്ന ഈ തലയോട്ടി. ഭൂമിക്കടിയിൽ ആയിരക്കണക്കിന് വർഷങ്ങൾ കിടന്നതു കാരണം ഇതിന് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ, അത്യാധുനിക സി.ടി. സ്‌കാനിംഗ് (CT scanning), ലൈറ്റ് ഇമേജിംഗ്, വെർച്വൽ സാങ്കേതികവിദ്യകളുടെയൊക്കെ സഹായത്തോടെ ഈയിടെ ഈ തലയോട്ടി വിശദപരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു.
ഫോസിലിനെ ആവരണം ചെയ്തിരുന്ന പാറയിൽ നിന്ന് അസ്ഥികളെ വേർതിരിക്കാനും, ഫോസിലിൽ ഉണ്ടായിരുന്ന സ്വാഭാവിക രൂപഭേദങ്ങൾ തിരുത്താനും ഇതിലൂടെ ഗവേഷകർക്ക് സാധിച്ചു. ഇത് ചൈനയിലെ ഹെർബിനിലെ നദീതീരത്തുനിന്നും ലഭിച്ച 'ഡ്രാഗൺ മാൻ' എന്നറിയപ്പെടുന്ന ചരിത്രപ്രധാനമായ തലയോട്ടിയുടെ അതേ വംശപരമ്പരയിൽ പെട്ടതാണെന്ന് തുടർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇവ ഡെനിസോവൻസ് (Deniosvans) എന്ന ചരിത്രാതീത മനുഷ്യവർഗ്ഗത്തിന്റെ വംശപരമ്പരയിൽ (lineage) പെട്ടതാണെന്നും പഠനത്തിൽ വ്യക്തമായി.
പുനഃസൃഷ്ടിച്ച തലയോട്ടിയും 100 -ലധികം വരുന്ന മറ്റ് തലയോട്ടികളുടെ ഫോസിലുകളും അടിസ്ഥാനമാക്കി തങ്ങൾ നടത്തിയ പഠനം മനുഷ്യപരിണാമത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് നൽകുന്നതെന്ന് 'ദി ജേണൽ സയൻസി'ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കി.
ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പാലിയോ ആന്ത്രോപോളജിസ്റ്റും, ഹ്യൂമൻ എവല്യൂഷൻ റിസർച്ച് ലീഡറുമായ ക്രിസ് സ്ട്രിംഗറാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഹോമോ സാപ്പിയൻസിനെയും ഹോമോ നിയാണ്ടർത്താലെൻസിസിനെയും പോലുള്ള സ്പീഷീസുകളുടെ ടൈംലൈനിൽ പുതിയ പഠനം കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് പഠനം വ്യക്തമാക്കുന്നു.
10 ലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ നമ്മുടെ പൂർവികർ വ്യത്യസ്ത വംശങ്ങളായി പിരിഞ്ഞിരുന്നു എന്ന കണ്ടെത്തൽ നിലവിലെ ധാരണകളെ മാറ്റിയെഴുതുന്നതാണ്. ഈ കണ്ടെത്തലുകൾ അംഗീകരിക്കപ്പെട്ടാൽ, നമ്മുടെ സ്പീഷീസിന്റെ ഉത്ഭവം 400,000 വർഷം പിന്നോട്ട് പോകാനും, മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകൾ മാറാനും സാധ്യതയുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ക്രിസ് സ്ട്രിംഗർ പറയുന്നു.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള ഷിയാനിലെ യുൻഷിയാൻ (Yunxian) എന്ന പ്രദേശത്ത് നിന്ന് 1989 ലും 1990 ലുമായി കണ്ടെത്തിയ ഭാഗികമായി ധാതുവൽക്കരിച്ച (Partially mineralized) രണ്ട് ഫോസിലുകളിൽ ഒന്നാണ് പഠനത്തിന് വിധേയമാക്കിയത്. 2022-ൽ സമീപത്ത് നിന്ന് മൂന്നാമതൊരു തലയോട്ടി കൂടി കണ്ടെത്തിയിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം വിശദീകരിച്ചിട്ടില്ല. വിശ്വസനീയമായ ജിയോളജിക്കൽ ഡേറ്റിംഗ് ഉള്ളതിനാലും 10 ലക്ഷം വർഷം പഴക്കമുള്ളതിനാലുമാണ് യുൻഷ്യൻ 2 ഫോസിലിനെ വീണ്ടും പഠിക്കാൻ തീരുമാനിച്ചതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ചൈനയിലെ ഷാൻസി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഷിയാവോബോ ഫെങ് പറഞ്ഞു.
മനുഷ്യവംശാവലിയെ പുനഃസൃഷ്ടിക്കുന്നതിൽ ഈ ഫോസിൽ ഏറെ നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തലയോട്ടി കണ്ടെത്തിയ സ്ഥലത്തെ മൺപാളിയുടെയും അതേ പാളിയിൽ നിന്ന് ലഭിച്ച സസ്തനികളുടെ ഫോസിലുകളുടെയും ഡേറ്റിംഗ് വഴിയാണ് ഇതിന്റെ പഴക്കം നിർണ്ണയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, ആ സമയത്ത് ജീവിച്ചിരുന്നതായി കരുതുന്ന കൂടുതൽ പ്രാകൃത മനുഷ്യവർഗ്ഗമായ ഹോമോ ഇറക്റ്റസ് (Homo erectus) ന്റേതാണെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം ആദ്യമെത്തിയത്. എന്നാൽ, ഈ തലയോട്ടിയുടെ വലിയ പരന്ന തലയോട്ടികവചം (braincase) ഹോമോ ഇറക്റ്റസിന്റേതിന് സമാനമാണെങ്കിലും പരന്നതും ആഴം കുറഞ്ഞതുമായ കവിളെല്ലുകൾ പോലുള്ള മറ്റ് സവിശേഷതകൾ ഈ നിഗമനത്തെ വെല്ലുവിളിക്കുന്നതായിരുന്നു.
പുതിയ പഠനം, യുൻഷിയാൻ 2, ഡ്രാഗൺ മാന്റെ ആദ്യകാല പൂർവ്വികരുടേതാണ് എന്ന നിഗമനത്തിലാണ് എത്തിയത്. വടക്കുകിഴക്കൻ ചൈനയിലെ ഒരു കിണറിന്റെ അടിയിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയിൽ നിന്നാണ് 2021-ൽ ശാസ്ത്രജ്ഞർ ഡ്രാഗൺമാനെ തിരിച്ചറിഞ്ഞത്. 2025 ജൂണിൽ നടത്തിയ ഒരു ഡി.എൻ.എ പഠനത്തിൽ ഡ്രാഗൺമാന് ഡെനിസോവൻസ് വംശവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചില ഫോസിൽ ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ജനിതക വിവരങ്ങളിലൂടെ മാത്രം അറിയപ്പെടുന്നതും, ഏഷ്യയിലുടനീളം ജീവിച്ചിരുന്നതായി കരുതപ്പെടുന്നതുമായ ഒരു നിഗൂഢ വംശമാണ് ഡെനിസോവൻസ്. യുൻഷിയാനിൽ കണ്ടെത്തിയ മൂന്നാമത്തെ തലയോട്ടി വിശദമായി പഠിച്ചാൽ, ഇക്കാര്യം കുറച്ചുകൂടി കൃത്യതയോടെ പറയാനാവുമെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു.


