അർമേനിയ-അസർബൈജാൻ അതിർത്തിയിൽ യുദ്ധം പുകയുകയാണ്. അതിർത്തിപ്രദേശമായ നാഗോർണോ-കാരബാക്ക് 1988 മുതൽക്കേ ഒരു യുദ്ധബാധിത പ്രദേശമാണ്. അവിടെ താമസമുള്ള അർമേനിയൻ വംശീയ പാരമ്പര്യമുള്ള നാട്ടുകാരും അസർബൈജാനും തമ്മിലുള്ള കലഹങ്ങൾ യുദ്ധമാകുന്നത് 1988 -ലാകുന്നത്. ആ യുദ്ധം 1994 വരെ തുടർന്ന ശേഷം റഷ്യയുടെ മധ്യസ്ഥതയിൽ, ബിഷ്കെക്ക് പ്രോട്ടോക്കോൾ പ്രകാരം വെടിനിർത്തലിന് എത്തിയിരുന്നതാണ്. 2020 ജൂലൈ 12 തൊട്ട് വീണ്ടും പ്രദേശത്ത് അർമേനിയ - അസർബൈജാൻ പക്ഷങ്ങൾ തമ്മിൽ തർക്കങ്ങൾ തുടങ്ങി. കയ്യാങ്കളിയായി. പരസ്പരം ഒറ്റപ്പെട്ട അക്രമണങ്ങളായി. അങ്ങനെ ആകെ യുദ്ധസമാനമായ സാഹചര്യമാണ് അർമേനിയ-അസർബൈജാൻ അതിർത്തിയിൽ. 

അങ്ങനെ രാജ്യത്താകെ ആശങ്ക പരന്ന ഈ സാഹചര്യത്തിലാണ് അന്ന ഹാക്കോബ്യാൻ എന്ന, അർമേനിയൻ പ്രസിഡന്റിന്റെ 42 -കാരിയായ ഭാര്യ ഇന്ന് ഫേസ്‌ബുക്കിലൂടെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താൻ അടക്കമുള്ള 13 സ്ത്രീകൾ അടങ്ങിയ ഒരു ബാച്ച്, അടിയന്തരമായി യുദ്ധത്തിന് വേണ്ട സൈനിക പരിശീലനം നടത്താൻ പോവുകയാണ് എന്നും, എത്രയും പെട്ടെന്ന് വേണ്ട പരിശീലനം നേടി തന്റെ ഗറില്ലാ സംഘം അതിർത്തി സംരക്ഷിക്കാൻ വേണ്ടി നാഗോർണോ-കാരബാക്ക് പ്രവിശ്യയിലേക്ക് പോകുമെന്നും അവർ പറഞ്ഞു. "രാജ്യത്തിന്റെ ഒരിഞ്ചു മണ്ണോ, ആത്മാഭിമാനത്തിന്റെ ഒരു കണിക പോലുമോ, അസർബൈജാന്റെ ധാർഷ്ട്യത്തിനു മുന്നിൽ നഷ്ടപ്പെടുത്തുന്ന പ്രശ്നമേ ഉദിക്കുന്നില്ല " എന്നും അന്ന ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ഈ പരിശ്രമത്തിനിടെ മരണം വരിക്കേണ്ടിവന്നാൽ അതിനും തയ്യാറാണ് എന്നും അന്ന പറഞ്ഞു. 

 

 

അന്നയടങ്ങുന്ന ഈ പുതിയ ബാച്ച്, കഴിഞ്ഞ സെപ്റ്റംബറിൽ ഏറ്റവും ഒടുവിലായി അസർബൈജാനുമായുള്ള ബന്ധം വഷളായതിനു ശേഷം  അർമേനിയൻ സൈന്യം തുടങ്ങുന്ന രണ്ടാമത്തെ അടിയന്തര പരിശീലന കോഴ്‌സാണ്. ഹ്രസ്വകാലത്തേക്കുള്ളതെങ്കിലും  വളരെ തീവ്രസ്വഭാവമുള്ള ഈ കോഴ്സിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും, മുഷ്ടിയുദ്ധം നടത്തേണ്ടതെങ്ങനെ എന്നും അടക്കമുള്ള എല്ലാ യുദ്ധമുറകളും പഠിപ്പിക്കും. ആയിരത്തിൽ അധികം പേർ ഇതുവരെ അതിർത്തിയിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പട്ടാള പരിശീലനത്തിന് ഇറങ്ങിപ്പുറപ്പെടും മുമ്പ്, അർമേനിയൻ ടിംസ് എന്ന രാജ്യത്തെ പ്രമുഖ പത്രത്തിന്റെ പത്രാധിപരായി പ്രവർത്തിക്കുകയായിരുന്നു അന്ന.