ലിങ്ക്ഡ്ഇനിൽ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കായി പ്രസംഗങ്ങളും മറ്റ് ഉള്ളടക്കങ്ങളും തയ്യാറാക്കുക, എഡിറ്റ് ചെയ്യുക, പുതിയ ആശയങ്ങൾ രൂപപ്പെടുത്തുക എന്നിവയാണ് പ്രധാന ചുമതലകൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് എക്സിക്യൂട്ടീവ് കമ്മ്യൂണിക്കേഷൻസ് റൈറ്ററെ നിയമിക്കുന്നു. സാൻ ഫ്രാൻസിസ്കോയിൽ മുഴുവൻ സമയം പ്രവർത്തിക്കേണ്ട തസ്തികയിലേക്ക് 2.78 കോടി രൂപ മുതൽ 3.25 കോടി രൂപ വരെ വാർഷിക ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് എട്ടുവർഷത്തെ എക്സ്പീരിയൻസുള്ളവരെയാണ് പരിഗണിക്കുന്നത്.
പ്രസംഗങ്ങളും ലേഖനങ്ങളും നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാൻ എഐയ്ക്ക് കഴിയുന്ന കാലത്തും മികച്ച ആശയവിനിമയത്തിന് മനുഷ്യന്റെ സർഗാത്മകതയും ഇടപെടലും പ്രധാനമാണെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു നിയമനം. സങ്കീർണമായ സാങ്കേതികാശയങ്ങൾ വേഗത്തിൽ മനസ്സിലാക്കി അവ ലളിതമായും ഫലപ്രദമായും അവതരിപ്പിക്കാൻ കഴിയുന്നവരെയാണ് കമ്പനി തേടുന്നത്.
ലിങ്ക്ഡ്ഇനിൽ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കായി പ്രസംഗങ്ങളും മറ്റ് ഉള്ളടക്കങ്ങളും തയ്യാറാക്കുക, എഡിറ്റ് ചെയ്യുക, പുതിയ ആശയങ്ങൾ രൂപപ്പെടുത്തുക എന്നിവയാണ് പ്രധാന ചുമതലകൾ. എക്സിക്യൂട്ടീവ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവിയോടും മറ്റ് മുതിർന്ന നേതാക്കളോടും ചേർന്നായിരിക്കും പ്രവർത്തനം.
എഐ ഗവേഷണരംഗത്തെ ആന്ത്രോപിക്കിന്റെ സ്ഥാനം, വാണിജ്യരംഗത്തെ മുന്നേറ്റം, പൊതുനന്മയോടുള്ള പ്രതിബദ്ധത എന്നിവ വിവിധ പ്രേക്ഷകരിലേക്ക് ഫലപ്രദമായി എത്തിക്കുകയാണ് ജോലിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പ്രധാന പരിപാടികൾക്കായി ഉന്നത ഉദ്യോഗസ്ഥരെ ഒരുക്കുക, പരിപാടികൾ നടക്കുന്ന വേദികളിൽ കമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, അടിയന്തര വാർത്താ സാഹചര്യങ്ങളിൽ കമ്പനിയുടെ പ്രതികരണം ഏകോപിപ്പിക്കുക തുടങ്ങിയ ചുമതലകളും ഉണ്ടാകും.
സങ്കീർണമായ സാങ്കേതിക വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്ന വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ഉള്ളടക്കങ്ങൾ തയ്യാറാക്കാനുള്ള കഴിവും ആവശ്യമാണ്. അതിവേഗം മാറുന്ന സാഹചര്യങ്ങളിൽ സമ്മർദമില്ലാതെ പ്രവർത്തിക്കാനും വ്യക്തതയില്ലാത്ത സാഹചര്യങ്ങളിൽ വിവേകപൂർവം തീരുമാനങ്ങളെടുക്കാനും കഴിയണം.
വിസ സ്പോൺസർഷിപ്പും പരിഗണനയിൽ
വിസ സ്പോൺസർഷിപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എല്ലാ തസ്തികകൾക്കും എല്ലാ ഉദ്യോഗാർഥികൾക്കും വിസ ഉറപ്പുനൽകാൻ കഴിയില്ലെന്ന് ജോലി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ജോലി വാഗ്ദാനം ലഭിക്കുന്നവർക്കായി വിസ നേടുന്നതിന് സാധ്യമായ എല്ലാ ന്യായമായ ശ്രമങ്ങളും നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഉയർന്ന തലത്തിലുള്ള ആശയവിനിമയ മേഖലയിൽ എട്ടുവർഷത്തിലധികം എക്സ്പീരിയൻസ്, മികച്ച എഴുത്തും ആശയവിനിമയശേഷിയും, നിർണായക സാഹചര്യങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവയാണ് പ്രധാന യോഗ്യതകൾ.
