വാക്‌സിനേഷനെ പിന്തുണക്കാത്തതില്‍ അദ്ദേഹം ഖേദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. 'അദ്ദേഹത്തിന് ഇത് നിങ്ങളോട് പറയാന്‍ കഴിയുമായിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞേനെ,

കൊവിഡ് വാക്‌സിനെതിരെ തന്റെ റേഡിയോ പരിപാടിയിലൂടെ വ്യാപക പ്രചാരണം നടത്തുകയും പിന്നീട് കൊവിഡ് ബാധിച്ചപ്പോള്‍ കുറ്റസമ്മതം നടത്തുകയും ചെയ്ത അമേരിക്കന്‍ റേഡിയോ അവതാരകന്‍ കൊവിഡ് ബാധിച്ചു മരിച്ചു. നാഷ്വില്ലിലെ റേഡിയാ ചാനലില്‍ സൂപ്പര്‍ ടോക്ക് 99.7 ഡബ്ല്യുടിഎന്നിലെ പരിപാടിയുടെ അവതാരകന്‍ ഫില്‍ വാലന്റൈന്‍ ആണ് കൊവിഡിനു മുന്നില്‍ കീഴടങ്ങിയത്. 

ടെന്നസി സ്വദേശിയായ അദ്ദേഹം കടുത്ത യാഥാസ്ഥികനായിരുന്നു. കൊവിഡ് വാക്‌സിന്‍ വരുന്നതിനു മുമ്പേ തന്നെ അദ്ദേഹം അതിനെതിരെ രംഗത്തുവന്നു. വാക്സിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. കൊവിഡ് വാക്‌സിനുകളുടെ വിശ്വാസ്യതയില്‍ സംശയാലുവായിരുന്നു വാലന്റൈന്‍ അതിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു. 

അതിനിടെയാണ്, അദ്ദേഹത്തിന് കൊവിഡ് വന്നത്. അതോടെ കഥ മാറി. ഒരിക്കലും കൊവിഡ് വന്ന് മരിക്കില്ലെന്ന് കരുതിയാണ് താന്‍ വാക്‌സിന്‍ വിരുദ്ധ നിലപാട് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് പിടിപെടുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം ശ്രേതാക്കളോട് പറഞ്ഞത് ഇങ്ങനെയാണ്: 'എനിക്ക് കോവിഡ് വന്നാല്‍, ഞാന്‍ മരിക്കാനുള്ള സാധ്യതയുണ്ടോ?' അങ്ങനെയാണെങ്കില്‍, വാക്‌സിനേഷന്‍ എടുക്കണം.''

എന്നാല്‍ മറ്റുള്ളവരെ പോലെ തന്നെ അദ്ദേഹവും അസുഖത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടില്ല. അദ്ദേഹത്തിന് കോവിഡ് -19 ബാധിച്ചു. അപ്പോഴാണ് തന്റെ വാക്സിന്‍ നിലപാടിലുള്ള തെറ്റ് അദ്ദേഹം തുറന്നു സമ്മതിച്ചത്. എന്നാല്‍, അപ്പോഴേക്കും വളരെ വൈകിയിരുന്നു. കൊവിഡിനോട് മല്ലിട്ട് അദ്ദേഹം മരണത്തിനു കീഴടങ്ങി. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 61 വയസ്സായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന സൂപ്പര്‍ ടോക്ക് 99.7 ഡബ്ല്യുടിഎന്‍ റേഡിയോ മരണവാര്‍ത്ത സ്ഥിരീകരിച്ചു. 

ഫിലിനെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതിനു പിന്നാലെയാണ് അദ്ദേഹം മനംമാറ്റം പുറത്തുവന്നത്. വാക്‌സിനേഷനെ പിന്തുണക്കാത്തതില്‍ അദ്ദേഹം ഖേദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. 'അദ്ദേഹത്തിന് ഇത് നിങ്ങളോട് പറയാന്‍ കഴിയുമായിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞേനെ, 'വാക്‌സിനേഷന്‍ എടുക്കാന്‍ പോകൂ. രാഷ്ട്രീയത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഉപേക്ഷിക്കൂ. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വെച്ച് ഉല്‍ക്കണ്ഠപ്പെടുന്നത് അവസാനിപ്പിക്കൂ'' -സഹോദരന്‍ മാര്‍ക്ക് വാലന്റൈന്‍ പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്തതില്‍ അദ്ദേഹം ഖേദിച്ചതായി സഹോദരന്‍ പറഞ്ഞു. 20 വയസ്സുമുതല്‍ റേഡിയോ രംഗത്തു പ്രവര്‍ത്തിക്കുന്ന ഫില്‍ വാലന്റൈന്‍ മേഖലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു. ഫില്‍ വാലന്റൈന്‍ നിരവധി ടെന്നസിക്കാരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി യുഎസ് സെനറ്റര്‍ മാര്‍ഷ ബ്ലാക്ക്‌ബേണ്‍ ട്വീറ്റ് ചെയ്തു.