Asianet News MalayalamAsianet News Malayalam

എവിടേക്കായിരുന്നു ആ ലോകപ്രസിദ്ധ എഴുത്തുകാരനും വിമാനവും അന്ന് മറഞ്ഞത്?

ടൂളാനില്‍ വെച്ച് ഒരു ജര്‍മ്മന്‍ സൈനികന്‍റെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം എന്നും ഊഹമുണ്ടായി. അദ്ദേഹത്തിന് അന്ന് 44 വയസ്സായിരുന്നു. കൂട്ടത്തിലെ മുതിര്‍ന്ന ആള് കൂടിയായിരുന്നു അദ്ദേഹം. 
 

Antoine De Saint-Exupery
Author
Thiruvananthapuram, First Published Jul 31, 2019, 6:17 PM IST

ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ നോവലുകളിലൊന്നാണ് ദ ലിറ്റില്‍ പ്രിന്‍സ് (The Little Prince). ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളിലൊന്നുമാണിത്. ഏകദേശം 250 -ല്‍ കൂടുതല്‍ ഭാഷകളിലേക്കും ദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു ദ ലിറ്റില്‍ പ്രിന്‍സ്.

Antoine De Saint-Exupery 

ആന്‍റണി ഡി സെന്‍റ് എക്സുപെറിയാണ് ഈ പുസ്തകം രചിച്ചത്. ഫ്രഞ്ച് എഴുത്തുകാരനും, ജേണലിസ്റ്റും, പൈലറ്റും ഒക്കെയായിരുന്നു അദ്ദേഹം. ജനിച്ചത് 1900 ജൂണ്‍ 29 -നാണ്. മരണമാകട്ടെ 1944 ജൂലൈ 31 -നാണ് എന്ന് കരുതപ്പെടുന്നു. കാരണം, അന്നാണ് അദ്ദേഹം അപ്രത്യക്ഷനായത്.

1944 -ലാണ് ലിറ്റില്‍ പ്രിന്‍സിനെ ലോകത്തിന് നല്‍കിയ ആ മഹാനായ എഴുത്തുകാരനെയും അദ്ദേഹം സഞ്ചരിച്ച വിമാനവും കാണാതാവുന്നത്. ഫ്രാന്‍സിന്‍റെ തെക്കേയറ്റത്തുവെച്ചായിരുന്നു ഈ അപ്രത്യക്ഷമാകല്‍. പരിചയസമ്പന്നനായ പൈലറ്റായിരുന്നു അദ്ദേഹം. നാസി ജർമ്മനിക്കെതിരെ പോരാടുന്ന സ്വതന്ത്ര ഫ്രഞ്ച് വ്യോമസേനയുടെ ഒരു രഹസ്യാന്വേഷണ ദൗത്യത്തിലായിരുന്നു കാണാതാവുന്ന സമയത്ത് എക്സുപെറി.

എവിടെയാണ് ആ വിമാനം കാണാതെ പോയതെന്നോ, എന്താണ് എക്സുപെറിക്ക് സംഭവിച്ചതെന്നോ കാലങ്ങളോളം ആരും അറിഞ്ഞില്ല. പക്ഷെ, നീണ്ടുനിന്ന അനിശ്ചിതത്വത്തിനും നിഗൂഢതയ്ക്കുമൊടുവില്‍ എവിടെയായിരിക്കാം അദ്ദേഹം മറഞ്ഞതെന്ന ചോദ്യത്തിന്‍റെ ചുരുളഴിഞ്ഞു. ഫ്രഞ്ച് മുങ്ങല്‍ വിദഗ്ദനായ ലുക് വാര്‍ണെലാണ് ആ നിഗഢതയെ മറനീക്കി പുറത്തുകൊണ്ടുവന്നത്. അതിലേക്ക് അദ്ദേഹത്തെ നയിക്കുന്നത് ജീന്‍ ക്ലൗഡ് ബിയാന്‍കോ എന്നൊരു മത്സ്യത്തൊഴിലാളിയും.

ലുക് വാര്‍ണെല്‍ സംസാരിക്കുന്നു:

മെഡിറ്ററേനിയനിലെ വര്‍ഷങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആ സ്ഥലം ഞങ്ങള്‍ കണ്ടെത്തുന്നത്. ദ ലിറ്റില്‍ പ്രിന്‍സിന് ജന്മം നല്‍കിയ ആ മഹാനായ എഴുത്തുകാരന്‍ സഞ്ചരിച്ചിരുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും കണ്ടെത്തി. ഈ സമുദ്രത്തിന്‍റെ അടിത്തട്ടിലായിരുന്നു അദ്ദേഹം എത്തിപ്പെട്ടത്. ലിറ്റില്‍ പ്രിന്‍സ് എന്ന സൃഷ്ടിയിലൂടെ മാത്രമല്ല അദ്ദേഹം അറിയപ്പെടുന്നത്. ഒരു പൈലറ്റെന്ന നിലയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന, അറിയപ്പെടുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ തിരോധാനത്തെ ചൊല്ലി ഒരുപാട് നിഗൂഢതകള്‍ നിലനിന്നിരുന്നു. 

Antoine De Saint-Exupery

LUC VANRELL

1944 ജൂലൈ 31 -ന് വൈകുന്നേരം 7.45 -നാണ് എക്സുപെറി ബാസ്റ്റിയക്കടുത്തുള്ള ബോര്‍ഗോയില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടുന്നത്. പ്രത്യേകം മിഷനുമായായിരുന്നു ആ പറക്കല്‍. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അന്ത്യഘട്ടമായിരുന്നു അത്. അദ്ദേഹം അപ്രത്യക്ഷമായി എന്നത് മാത്രമായിരുന്നു അന്ന് ലഭിച്ച വിവരം. എവിടെവെച്ച്, എങ്ങോട്ട് എന്നൊന്നും തന്നെ യാതൊരു വിവരവുമില്ല. വിമാനം തകര്‍ക്കുകയായിരുന്നോ, അദ്ദേഹത്തെ ശത്രുക്കള്‍ വെടിവെച്ചിടുകയായിരുന്നോ എന്നതിനൊന്നും തന്നെ മറുപടി ലഭിച്ചില്ല. അവയെല്ലാം ദുരൂഹമായിത്തന്നെ അവശേഷിച്ചു. 

ടൂളാനില്‍ വെച്ച് ഒരു ജര്‍മ്മന്‍ സൈനികന്‍റെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം എന്നും ഊഹമുണ്ടായി. അദ്ദേഹത്തിന് അന്ന് 44 വയസ്സായിരുന്നു. കൂട്ടത്തിലെ മുതിര്‍ന്ന ആള് കൂടിയായിരുന്നു അദ്ദേഹം. 

അന്ന്, സമുദ്രത്തിലെ ആ സ്ഥലത്തേക്ക് പൊയപ്പോള്‍ വിമാനത്തിന്‍റെ കുഞ്ഞുകുഞ്ഞു ഭാഗങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ഞാന്‍ കരുതിയിരുന്നത് അതേതോ ജര്‍മ്മന്‍ വിമാനത്തിന്‍റേതാണ് എന്നാണ്. 

1998 -ല്‍ ഒരു മത്സ്യത്തൊഴിലാളിയാണ് അദ്ദേഹത്തിന്‍റെ വലയില്‍ കുടുങ്ങിയ വിമാനത്തിന്‍റെ ഭാഗം കണ്ടെത്തുന്നത്. അതിനൊപ്പം ഒരു കുഞ്ഞ് ബ്രേസ്‍ലെറ്റ് കൂടിയുണ്ടായിരുന്നു. ഞങ്ങളെയെല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ ബ്രേസ്‍ലെറ്റ് ആന്‍റണി-ഡേ-എക്സുപെറിയുടേതായിരുന്നു. അദ്ദേഹത്തിന്‍റെ പേര് അതിലുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്‍റെ തിരോധാനത്തെ കുറിച്ചും, ആ വിമാനത്തിന്‍റെ ബാക്കിയെ കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിക്കുന്നത്. 87 മീറ്ററുള്ള ഭാഗമാണ് വിമാനത്തിന്‍റെ കിട്ടിയതിലേറ്റവും വലിയ ഭാഗം. അത് സമുദ്രാതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയാണ് കിടന്നിരുന്നത്. മനുഷ്യരുമായി ബന്ധപ്പെട്ട ഒന്നും അവിടെ അപ്പോള്‍ അവശേഷിച്ചു കണ്ടില്ല. പക്ഷെ, ആ അവശിഷ്ടങ്ങളുടെ പുറകുവശത്തെത്തിയതും ഒരു വെളുത്ത വസ്ത്രത്തിന്‍റെ കഷ്ണം കിട്ടി. ഞാനത് എടുക്കാന്‍ ശ്രമിച്ചു. എന്‍റെ മനസ്സില്‍ അപ്പോള്‍ കടന്നുവന്ന ദൃശ്യം ലിറ്റില്‍ പ്രിന്‍സിലെ ആ കഴുത്തില്‍ ചുറ്റിയിരുന്ന സ്കാര്‍ഫാണ്. ആ നിമിഷം ഞാനെത്തിയിരിക്കുന്നത് ശരിയായ വിമാനത്തിലാണ് എന്നെനിക്ക് ഒരു തോന്നലുണ്ടായി. 

Antoine De Saint-Exupery

2000 -ത്തില്‍ ഞാന്‍ ആ വിമാനം കണ്ടെത്തി, തിരിച്ചറിഞ്ഞു. സാങ്കേതിക വശങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് എക്സുപെറി ഉപയോഗിച്ചിരുന്ന വിമാനമാണ് എന്ന് തെളിയിക്കപ്പെട്ടു. അതോടെ, കാലത്തോളം നിലനിന്ന ദുരൂഹതയ്ക്കും അവസാനമായി.

ജൂലൈ 31 -ന് ദ ലിറ്റില്‍ പ്രിന്‍സ് ചെറുപ്പക്കാര്‍ക്കുള്ളൊരു സമ്മാനമായി നല്‍കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.  എല്ലാവരും അത് വായിക്കട്ടെ. ലോകത്തിലാകെ സത്യമായിട്ടുള്ള കാര്യങ്ങളടങ്ങുന്ന പുസ്തകമാണത്. കണ്ണുകള്‍ കൊണ്ടല്ല, ഹൃദയം കൊണ്ടാണ് അത് വായിക്കേണ്ടത്. 

Follow Us:
Download App:
  • android
  • ios