Asianet News MalayalamAsianet News Malayalam

ഇത്തിരിക്കുഞ്ഞനാണെങ്കിലും ഭയക്കണം, ഉറുമ്പുകൾ കാരണം കെനിയയിൽ സംഭവിച്ചത്, ഞെട്ടി ​ഗവേഷകരും..!

ഈ ചെറിയ ആക്രമണകാരികളായ ഉറുമ്പുകൾ 15 വർഷം മുമ്പായിരിക്കാം പ്രത്യക്ഷപ്പെട്ടത് എന്ന് പ്രൊഫസർ പാമർ പറഞ്ഞു. അവ മനുഷ്യൻ ഉൾപ്പെടെയുള്ള വലിയ ജീവികളെ അക്രമിക്കാത്തതിനാലാവാം ഇതുവരെയും അവയെ ആരും ശ്രദ്ധിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

ants are impacting kenya ecosystem rlp
Author
First Published Jan 28, 2024, 2:17 PM IST

കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻമാരാണെങ്കിലും ഉറുമ്പുകളെ ആരും അത്ര നിസ്സാരക്കാരായി കാണരുത്. കാരണം ഒരു ആവാസവ്യവസ്ഥയെ തന്നെ അടിമുടി മാറ്റാനുള്ള ശേഷി ഇവയ്ക്കുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പുതിയ പഠനം. 

30 വർഷം നീണ്ട ​ഗവേഷണത്തിനൊടുവിലാണ് ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ ടോഡ് പാമറും ഒരു സംഘം ശാസ്ത്രജ്ഞരും ചേർന്ന് ഇത്തരത്തിലൊരു കണ്ടെത്തൽ നടത്തിയത്. കെനിയയിലെ ഓൾ പെജെറ്റ കൺസർവൻസിയിലെ ഉറുമ്പുകളും മൃഗങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ചായിരുന്നു ഇവർ പഠനം നടത്തിയത്. പഠനത്തിൽ ആനകളുടെയും സിംഹങ്ങളുടെയും ഭക്ഷണക്രമത്തെ കാര്യമായി സ്വാധീനിക്കാൻ ഉറുമ്പുകൾക്ക് കഴിഞ്ഞതായും അതുവഴി മൊത്തം ആവാസവ്യവസ്ഥയിൽ തന്നെ മാറ്റങ്ങൾ സംഭവിച്ചതായും ​പഠന റിപ്പോർട്ട് പറയുന്നു. 

വിവിധ ഉഷ്ണമേഖല പ്രദേശങ്ങളിലും ഉപോഷ്ണമേഖല പ്രദേശങ്ങളിലും കണ്ടുവരുന്ന വലിയ തലയുള്ള ഉറുമ്പുകളെയാണ് നിരീക്ഷണവിധേയമാക്കിയത്. പ്രൊഫസർ ടോഡ് പാമർ പറയുന്നതനുസരിച്ച്, "ഈ ചെറിയ ആക്രമണകാരികൾ ഒരു ആഫ്രിക്കൻ ആവാസവ്യവസ്ഥയെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളെ സ്വാധീനിക്കുന്നുണ്ട്, ആര് ആരെയാണ് ഭക്ഷിക്കുന്നത് എന്നത് അവ നിർണ്ണയിക്കുന്നു." ഒളിക്യാമറകൾ, ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ലയൺ കോളറുകൾ, സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ് എന്നിവ ഉപയോഗിച്ചാണ് ​ഗവേഷക സംഘം  പഠനം നടത്തിയത്.

പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രദേശത്തെ സ്വദേശികളായ അക്കേഷ്യ ഉറുമ്പുകളെ വലിയ തലയുള്ള ഉറുമ്പുകൾ ആക്രമിച്ചു. ക്രമേണ അക്കേഷ്യ ഉറുമ്പുകൾ പ്രദേശത്ത് നിന്നും അപ്രത്യക്ഷമായി തുടങ്ങി. ഈ ഉറുമ്പുകൾ കൂടുതലായും കൂടുകൂട്ടിയിരുന്നത് അക്കേഷ്യ ഡ്രെപനോലോബിയം അല്ലെങ്കിൽ വിസിൽ ത്രോൺ എന്നറിയപ്പെടുന്ന ഒരു തരം അക്കേഷ്യ മരത്തിലായിരുന്നു. ഉറുമ്പുകൾ കുടുകൂട്ടുന്നതുകൊണ്ട് തന്നെ ഈ മരങ്ങളെ ആനകൾ തങ്ങളുടെ ആഹാരമാക്കുന്നത് നന്നേ കുറവായിരുന്നു. 

എന്നാൽ, അക്കേഷ്യ ഉറുമ്പുകൾ അപ്രത്യക്ഷമായതോടെ ആനകൾ ഇത് യഥേഷ്ടം ഭക്ഷിച്ചു തുടങ്ങി. മരങ്ങളുടെ കുറവ് വന്നതോടെ ഇവിടുത്തെ മറവ് ഇല്ലാതായി. ഇത് സിംഹങ്ങൾക്ക് സീബ്രകളെ വേട്ടയാടുന്നത് ബുദ്ധിമുട്ടാക്കി. കാരണം സിംഹങ്ങൾ വേട്ടയാടുമ്പോൾ മറഞ്ഞിരിക്കാനും കുതിക്കാനും ഈ മരങ്ങളെ ആയിരുന്നു കൂടുതലായും സീബ്രകൾ ആശ്രയിച്ചിരുന്നത്. സീബ്രകളെ വേട്ടയാടാൻ കഴിയാതെ വന്നതോടെ ഇവ കാട്ടുപോത്തുകളെ കൂട്ടത്തോടെ വേട്ടയാടാൻ തുടങ്ങി.

ഈ ചെറിയ ആക്രമണകാരികളായ ഉറുമ്പുകൾ 15 വർഷം മുമ്പായിരിക്കാം പ്രത്യക്ഷപ്പെട്ടത് എന്ന് പ്രൊഫസർ പാമർ പറഞ്ഞു. അവ മനുഷ്യൻ ഉൾപ്പെടെയുള്ള വലിയ ജീവികളെ അക്രമിക്കാത്തതിനാലാവാം ഇതുവരെയും അവയെ ആരും ശ്രദ്ധിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഇവ പ്രകൃതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്നും അത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പാമർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios