ഹൗസിംഗ് സൊസൈറ്റികളിലെ കർശന നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്ന് ബെംഗളൂരു സ്വദേശി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്. വിരമിച്ച പ്രായമായവർ നിയന്ത്രിക്കുന്ന മാനേജ്മെന്റ് കമ്മിറ്റികൾ, കുട്ടികൾ കളിക്കുന്നതിനും പുല്ലിലിരിക്കുന്നതിനും പോലും വിലക്കേര്‍പ്പെടുത്തുകയാണ്. 

ഹൗസിംഗ് സൊസൈറ്റികളിലെ മാനേജ്മെന്റ് കമ്മിറ്റികളുടെ അമിത ഇടപെടലുകളും അവർ അടിച്ചേൽപ്പിക്കുന്ന കർശനമായ നിയമങ്ങളും ചോദ്യം ചെയ്തുകൊണ്ട് ബെംഗളൂരു സ്വദേശി പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വ്യാപകമായി വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അപ്പാർട്ട്മെന്റുകളിലെ ഇത്തരം ഭരണസമിതികൾ പലപ്പോഴും കാലഹരണപ്പെട്ട ചിന്താഗതികളാണ് പിന്തുടരുന്നതെന്നും, ഇത് സൊസൈറ്റികളിലെ പൊതുജീവിതം കൂടുതൽ വീർപ്പുമുട്ടിക്കുന്നതാക്കി മാറ്റുകയാണെന്നും അദ്ദേഹം എക്സിൽ കുറിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നത്തെ യുവാക്കളായ താമസക്കാർ പലരും ഉയർന്ന ജോലിത്തിരക്കുകളിലും, വീട്ടുകാര്യം നോക്കുന്നതിലും, കുട്ടികളുടെ കാര്യങ്ങളിലും മുഴുകിയിരിക്കുന്നതിനാൽ മാനേജ്മെന്റ് കമ്മിറ്റികളിൽ സജീവമായി പങ്കെടുക്കാൻ അവർക്ക് സാധിക്കാറില്ല. ഇതിന്റെ ഫലമായി ഇത്തരം സമിതികളിൽ ഭൂരിഭാഗവും വിരമിച്ച പ്രായമായ ആളുകളുടെ നിയന്ത്രണത്തിലാവുകയാണ്. കൂടുതൽ സമയമുള്ള ഇവർ പലപ്പോഴും പ്രായോഗികമല്ലാത്തതും വിചിത്രവുമായ നിയമങ്ങളാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

തന്റെ വാദങ്ങൾക്ക് ഉദാഹരണമായി അദ്ദേഹം ചില നിയമങ്ങളും ചൂണ്ടിക്കാണിച്ചു. പൂന്തോട്ടത്തിലെ പുൽത്തകിടിയിൽ ഇരിക്കാൻ പാടില്ല, ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങളിൽ കുട്ടികൾ കളിക്കരുത്, സ്വിമ്മിംഗ് പൂളുകളിൽ ഇൻഫ്ലേറ്റബിൾ പന്തുകൾ ഉപയോഗിക്കരുത് തുടങ്ങിയ വിലക്കുകൾ അപ്പാർട്ട്മെന്റുകളിലെ സമാധാനാന്തരീക്ഷം കെടുത്തുന്നതാണെന്ന് അദ്ദേഹം പറയുന്നു. ഇത്തരം നിയന്ത്രണങ്ങൾ പൊതു ഇടങ്ങളുടെ യഥാർത്ഥ ലക്ഷ്യത്തെ ഇല്ലാതാക്കുന്നുവെന്നും കുടുംബങ്ങളുടെ സ്വാതന്ത്ര്യം കെടുത്തുന്നുവെന്നും അദ്ദേഹം വാദിച്ചു.

'ഇന്ത്യൻ അപ്പാർട്ട്മെന്റ് സൊസൈറ്റികൾ കാലഹരണപ്പെട്ട നിയമങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. പുല്ലിൽ ഇരിക്കരുത്, ഒഴിഞ്ഞ സ്ഥലങ്ങളിൽ കുട്ടികൾ കളിക്കരുത്, പൂളുകളിൽ പന്തുകൾ പാടില്ല തുടങ്ങി നിരവധി വിഡ്ഢിത്തം നിറഞ്ഞ നിയമങ്ങളാണ് അവർ ഉണ്ടാക്കി വെച്ചിരിക്കുന്നത്. നിർഭാഗ്യവശാൽ യുവാക്കൾ ജോലി, വീട്, കുട്ടികൾ എന്നിവ നോക്കുന്ന തിരക്കിലാണ്. ഈ 'ഡൈനോസർ കൂട്ടത്തെ' മാറ്റി യഥാർത്ഥ കാഴ്ചപ്പാടുള്ള ആളുകൾ വരാൻ ഇനിയും ഒരു 10 വർഷമെങ്കിലും എടുക്കും' എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Scroll to load tweet…

ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് സമാനമായ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. കുട്ടികൾ സൊസൈറ്റി കോമ്പൗണ്ടിൽ സൈക്കിൾ ചവിട്ടുന്നതിനെ വിലക്കിയതും, ബഹളമുണ്ടാക്കാതെ കളിക്കണം എന്ന് നിർബന്ധിച്ചതുമായ നിരവധി സംഭവങ്ങൾ ആളുകൾ കമന്റുകളിലൂടെ പങ്കുവെച്ചു. അവിവാഹിതരായ താമസക്കാർക്കും വളർത്തുമൃഗങ്ങൾ ഉള്ളവർക്കും ഏർപ്പെടുത്തുന്ന അനാവശ്യ നിയന്ത്രണങ്ങളും പലരും ചൂണ്ടിക്കാണിച്ചു.