മോസ്റ്റ് റെവറന്റ് ജസ്റ്റിൻ വെൽബി, കാന്റർബറിയിലെ ആർച്ച് ബിഷപ്പ്, ഇന്നലെ അമൃത്സറിലെ ജാലിയൻവാലാബാഗ് മെമ്മോറിയലിനു മുന്നിൽ സാഷ്ടംഗം നമസ്കരിച്ചു. നൂറുവർഷങ്ങൾക്കു മുമ്പ് അവിടെ പിടഞ്ഞുവീണു മരിച്ചവരുടെ ആത്മാക്കളോടെന്നോണം അദ്ദേഹം പറഞ്ഞു, "മാപ്പ്..!" ആ ക്ഷമാപണത്തിനു ശേഷം, വളരെ ശ്രദ്ധിച്ച് തെരഞ്ഞെടുത്ത വാക്കുകളാൽ അദ്ദേഹം, രാജ്ഞിയെക്കാളും, ഡേവിഡ് കാമറോണിനെക്കാളും, തെരേസാ മേയേക്കാളും കൃത്യമായി, ജാലിയൻ വാലാബാഗിനെപ്പറ്റി പറഞ്ഞു. "യുകെയ്ക്കു വേണ്ടിയോ, അവിടത്തെ ഗവണ്മെന്റിനുവേണ്ടിയോ, ചരിത്രത്തിനുവേണ്ടിയോ ഒന്നും സംസാരിക്കാൻ ഞാനാളല്ല. പക്ഷേ, വ്യക്തിപരമായി, ഈ കൊടുംക്രൂരതയുടെ പേരിൽ ഞാൻ സങ്കടപ്പെടുന്നുണ്ട്."അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയതുതന്നെ ആ നിഷ്ഠൂരമായ കൂട്ടക്കൊലയെപ്പറ്റി പരാമർശിച്ചുകൊണ്ടാണ്, "1919-ൽ ബ്രിട്ടീഷ് പട്ടാളം ആയിരക്കണക്കിന് സിഖുകാരെയും, ഹിന്ദുക്കളെയും, മുസ്ലിംകളെയും വെടിവെച്ചുകൊന്നുകളഞ്ഞ ഈ അമൃത്സറിലെ ജാലിയൻ വാലാബാഗ് മൈതാനത്തിൽ നിൽക്കുമ്പോൾ ഇന്നെനിക്ക്, വല്ലാത്ത വിഷമമുണ്ട്.."അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം കാന്റർബറി ചർച്ചിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ്. 

സ്മാരകത്തിൽ സന്ദർശക ഡയറിയിൽ അദ്ദേഹം കുറിച്ച വാക്കുകളിലും പശ്ചാത്താപഛായ നിഴലിക്കുന്നുണ്ട്. "പതിറ്റാണ്ടുകൾ മുമ്പ് കടുത്ത അക്രമങ്ങൾ പ്രവർത്തിച്ച ഈ ഇടത്തിൽ വരുമ്പോൾ അതേക്കുറിച്ചോർത്ത് എന്റെ തല കുനിഞ്ഞു പോകുന്നു..." ബിഷപ്പ് എഴുതി. "അന്നിവിടെ മരിച്ചുവീണവരുടെ ബന്ധുക്കളുടെ ഹൃദയവ്രണങ്ങൾ ഉണങ്ങാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ചരിത്രത്തിൽ നിന്നും നമ്മൾ പാഠങ്ങൾ ഉൾക്കൊള്ളുകയും, വെറുപ്പിന്റെ അടിവേരറുത്തുകളയുകയും, ആഗോളതലത്തിൽ തന്നെ സമാധാനവും സന്തോഷവും നിലനിർത്താൻ പ്രയത്നിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു."

മുൻകാലങ്ങളിലും ബ്രിട്ടീഷ് ഭരണാധികാരികൾ പതിറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ പൂർവികർ പ്രവർത്തിച്ച ഈ അതിക്രമത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. തെരേസാ മെയ് ജാലിയൻ വാലാബാഗ് സംഭവത്തിൽ "അഗാധമായ പശ്ചാത്താപം" രേഖപ്പെടുത്തിയിരുന്നു. ഡേവിഡ് കാമറോൺ പ്രസ്തുത കൂട്ടക്കൊലയെ "കടുത്ത നാണക്കേടുണ്ടാക്കിയ ഒരു അതിക്രമം" എന്ന് വിളിച്ചിരുന്നു. 1997 -ൽ എലിസബത്ത് രാജ്ഞി ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ നിർഭാഗ്യകരമായ ഒരു ഉദാഹരണം എന്ന് വിളിച്ചിരുന്നു. ചരിത്രം തിരുത്തിയെഴുതാനാവില്ലല്ലോ എന്നും അന്ന് രാജ്ഞി പരിതപിക്കുകയുണ്ടായി.  

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13 -ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ.എച്ച്. ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. ഏകദേശം ആറേഴ് ഏക്കർ വരും ജാലിയൻ വാലാബാഗ് എന്നറിയപ്പെട്ടിരുന്ന ആ മൈതാനം ചുറ്റിനും പത്തടിയെങ്കിലും ഉയരമുള്ള ചുവരാണ്. അഞ്ച് പ്രവേശന കവാടങ്ങളുണ്ടങ്കിലും ഒരെണ്ണമൊഴികെ മറ്റെല്ലാം അടഞ്ഞുതന്നെ കിടക്കും. അന്നും അങ്ങനെ തന്നെയായിരുന്നു. ആ മൈതാനത്തിന്റെ നടുക്കായി ഇരുപതടി വ്യാസമുള്ള ഒരു പൊതുകിണറും ഉണ്ടായിരുന്നു.

ബൈസാഖി (വൈശാഖി) മാസമായിരുന്നു അത്. ജനറൽ ഡയർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നെങ്കിലും ഉത്സവകാലമായിരുന്നതിനാല്‍ ജനം ആഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകുന്നേരമായപ്പോഴേക്കും സ്ഥലത്തെ മേളകളെല്ലാം പോലീസ് ബലമായി അടപ്പിച്ചു. അതോടെ മേള കാണാൻ നഗരത്തിലെത്തിയ ജനമെല്ലാം കൂടി വിശ്രമിക്കാനായി ജാലിയൻ വാലാബാഗിലെത്തി. ഏകദേശം പതിനയ്യായിരത്തിനും ഇരുപത്തിനായിരത്തിനുമിടയിൽ ആളുകൾ ജനറൽ ഡയർ വന്നപ്പോഴേക്കും  ആ പ്രദേശത്തു വന്നെത്തിക്കഴിഞ്ഞിരുന്നു. തന്റെ നിരോധനാജ്ഞ ലംഘിച്ച് അവിടെ തടിച്ചുകൂടിയ ഇന്ത്യക്കാരെ പിരിച്ചുവിടാനല്ല, ശിക്ഷിക്കാൻ വേണ്ടി ഒരു മുന്നറിയിപ്പോ പിരിഞ്ഞു പോവാനുള്ള ആജ്ഞയോ കൂടാതെ അവർക്കു നേരെ വെടിയുതിർക്കാനുള്ള ഉത്തരവാണ് ജനറൽ ഡയർ  നൽകിയത്. പട്ടാളം വെടിവെപ്പു തുടങ്ങിയതോടെ ജനം ചിതറിയോടി. പക്ഷേ, അവർക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. പത്തടി ഉയരമുള്ള ആ മതിൽ ചാടിക്കടക്കുക അസാധ്യമായിരുന്നു. പ്രാണരക്ഷാർത്ഥം പലരും മൈതാനമധ്യത്തിലുള്ള  കിണറിലേക്ക് എടുത്തുചാടി. 1650  റൗണ്ട് വെടിയുതിർത്തുകഴിഞ്ഞ്, ഇനി വെടിവെക്കാൻ വെടിയുണ്ടകളില്ല എന്ന സ്ഥിതി വന്നതുകൊണ്ട് മാത്രമാണ് ഡയറിന്റെ പട്ടാളം വെടിനിർത്തിയത്.

ജാലിയൻ വാലാബാഗിൽ നിരപരാധികളും നിരായുധരും നിരുപദ്രവകാരികളുമായ നൂറുകണക്കിന് ഇന്ത്യക്കാരെ നിർദ്ദയം വെടിവെച്ചുകൊന്നതിനു ശേഷം ലാഹോറിൽ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഓഡ്വയറിനയച്ച റിപ്പോർട്ടിൽ ജനറൽ ഡയർ രേഖപ്പെടുത്തിയത് 200 -നും 300-നും ഇടയ്ക്ക് ആളുകൾക്ക് ജീവാപായമുണ്ടായിട്ടുണ്ട് എന്നായിരുന്നു. സേവാ സമിതി സൊസൈറ്റി എന്നൊരു സംഘടന സ്വതന്ത്രമായ ഒരു അന്വേഷണം നടത്തി  379 പേർ മരണപ്പെട്ടു,  192 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നൊരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഹണ്ടർ കമ്മീഷന്റെ കണക്കിൽ 379 പേർക്ക് ജീവാപായം, അതിന്റെ മൂന്നിരട്ടിയോളം പേർക്ക് ഗുരുതരമായി പരിക്ക് എന്നാണ്. 1919  സെപ്തംബർ 12 -ന്  കൂടിയ ലീഗൽ ലെജിസ്ലേറ്റീവ് കൗൺസിൽ മീറ്റിങ്ങിൽ യോഗത്തിൽ മദൻ മോഹൻ മാളവ്യ അറിയിച്ചത് മരിച്ചവരിൽ 42 ആണ്‍കുട്ടികളുണ്ടായിരുന്നു എന്നാണ്. വെറും ഏഴുമാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും അന്ന് വെടിയേറ്റു മരിച്ചവരിൽ പെടും. മൈതാനത്തിനു നടുവിലെ കിണറ്റില്‍ നിന്നുമാത്രം പുറത്തെടുത്തത് 120 മൃതദേഹങ്ങളായിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസും അന്ന് സ്വതന്ത്രമായ ഒരു അന്വേഷണം അവിടെ തടിച്ചുകൂടിയ ആളുകളുടെയും എത്ര റൗണ്ട് വെടിയുതിർത്തു എന്നതിന്റെയും ഒക്കെ അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. അതിൽ അവർ പറഞ്ഞത് 1000 പേർ  മരിച്ചു, 500 പേർക്ക് പരിക്കുപറ്റി എന്നാണ്. അന്ന് ആര്യസമാജത്തിന്റെ പ്രതിനിധിയായിരുന്നു സ്വാമി ശ്രദ്ധാനന്ദ് ഗാന്ധിജിയ്ക്ക് എഴുതിയ കത്തിൽ 1500 പേർ കൊല്ലപ്പെട്ടു എന്നാണ് പറഞ്ഞത്.

അന്നവിടെ തടിച്ചുകൂടിയ ജനക്കൂട്ടം ഒരു കാരണവശാലും അക്രമാസക്തമല്ലായിരുന്നു. അവർ തീർത്തും നിരായുധരായിരുന്നു. അവർക്കുനേരെ തുരുതുരാ വെടിയുതിർത്തുകൊണ്ടിരുന്ന ജനറൽ ഡയറിന്റെ സൈന്യം  വെടിവെപ്പ് നിർത്തിയത് മരിച്ചുവീണവരുടെ, പരിക്കേറ്റവരുടെ ഒക്കെ മരണവെപ്രാളം കണ്ടിട്ടൊന്നുമല്ലായിരുന്നു. അവരുടെ വെടിയുണ്ടകൾ തീർന്നുപോയതുകൊണ്ടു മാത്രമായിരുന്നു.

ഒരു മാസം കഴിഞ്ഞു മാത്രം വിവരമറിഞ്ഞ ടാഗോർ കൽക്കട്ടയിൽ പ്രതിഷേധ സമ്മേളനം വിളിച്ചുകൂട്ടി, ബ്രിട്ടീഷുകാർ ആദരപൂർവം തന്ന 'നൈറ്റ്' പദവി ഉപേക്ഷിച്ചു. തന്റെ രോഷാഗ്നി മൊത്തം ആവാഹിച്ചുകൊണ്ട് അന്നത്തെ വൈസ്രോയിക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തിരുന്നു. എന്തായാലും,  ഈ അതിക്രമത്തിന് ശേഷം ഡയർ ഉദ്യോഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലികളായിരുന്ന ബ്രിട്ടനിലെ ആളുകൾക്കു മുമ്പിൽ ഡയർ ഒരു നായകനായി മാറി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻ വാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.

സംഭവം നടന്നിട്ട് ഒരു നൂറ്റാണ്ട് തികയുന്ന ഈ വൈകിയ വേളയിലെങ്കിലും, ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ബന്ധപ്പെട്ടുകിടക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് വരുന്ന ഈ ഒരു ക്ഷമാപണസ്വരം ഏറെ ശ്രദ്ധേയമാണ്.