വടക്കുപടിഞ്ഞാറന്‍ പെറുവില്‍ പുരാവസ്തു ഗവേഷകര്‍ 3000 വര്‍ഷം പഴക്കമുള്ള മെഗാലിത്തിക് ക്ഷേത്രം കണ്ടെത്തി. ജല ആരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങളാണ് ഇവിടെ നടന്നിരുന്നത്. സാന താഴ്വരയിലെ പുരാവസ്തു സൈറ്റില്‍ നിന്നാണ് ഈ ക്ഷേത്രം കണ്ടെത്തിയത്. ഈ താഴ്വരയില്‍ കാണപ്പെടുന്ന വലിയ കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ആദ്യത്തെ മെഗാലിത്തിക് ക്ഷേത്രമാണ് ഇത്. രണ്ട് നദികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സനാ എന്ന പുതിയ നദിക്കു രൂപം കൊടുത്തു.

അതിജീവനത്തിന് അത്യന്താപേക്ഷിതമായിരുന്നു ജലം എന്നതിനാല്‍ പുരാതന കാലത്തുള്ളവര്‍ ജലത്തെ ആരാധിച്ചിരുന്നു.അതുകൊണ്ടായിരിക്കാം വെള്ളം എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ സ്ഥലം ക്ഷേത്രം നിര്‍മ്മിക്കാന്‍ അവര്‍ തിരഞ്ഞെടുത്തതെന്ന് പുരാവസ്തു ഗവേഷകനായ എഡ്ഗര്‍ ബ്രാക്കാമോണ്ട് പറഞ്ഞു.  

പുരാതന അമേരിക്കന്‍ രൂപവത്കരണ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രം നദിയുടെയും മഴക്കാലം പ്രവചിക്കാനായി നിര്‍മ്മിച്ച  'പോസിറ്റോസ്' എന്ന ചെറു കിണറുകളുടെയും ഇടയിലാണ് സ്ഥിതിചെയ്തിരുന്നത്. ആ കാലഘട്ടത്തില്‍ വെള്ളം എത്ര പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.

1.86 മൈല്‍ (3 കിലോമീറ്റര്‍) അകലെയുള്ള പര്‍വതങ്ങളില്‍ നിന്ന് കൊണ്ടുവന്ന കൊത്തുപണികള്‍ ചെയ്ത വിവിധ വലുപ്പത്തിലുള്ള പാറകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചത്. 250 ബി.സിയില്‍ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടതായി കരുതുന്നു. പിന്നീട് ചുമി ആളുകള്‍ 1300 ഓടെ ഈ ഭൂമി കൈയേറുകയും അവരുടെ ശ്മശാനമായി ഉപയോഗികുകയും ചെയ്തു-ബ്രാക്കാമൊണ്ടെ പറഞ്ഞു.

ഗവേഷക സംഘം ക്ഷേത്രത്തില്‍ 21 ശവകുടീരങ്ങള്‍ കണ്ടെത്തി. അതില്‍ 20 എണ്ണം ചുമി വംശജരുടേതാണ്. ഒരെണ്ണം ക്ഷേത്രം നിര്‍മ്മിച്ച കാലഘട്ടത്തില്‍ കുഴിച്ചിട്ട പ്രായപൂര്‍ത്തിയായ പുരുഷന്റെതാണ്. ആ കാലഘട്ടത്തില്‍ മൃതദേഹങ്ങള്‍ കിടത്തിയിരുന്നത് കിഴക്ക് പടിഞ്ഞാറോട്ടാണ്. ഈ പുരുഷന്റെ അടുത്ത് ഒരു സെറാമിക് കുപ്പിയും ഉണ്ടായിരുന്നു. ബ്രാക്കാമോണ്ടിന്റെ അഭിപ്രായത്തില്‍ ഇത് അവസാന രൂപവത്കരണ കാലഘട്ടത്തിന്റെ സംസ്‌കാരചടങ്ങിന്റെ ഒരു ശൈലിയായിരുന്നു.

ഓരോ ഘട്ടത്തിലും പുതിയ സവിശേഷതകള്‍ ചേര്‍ത്തിണക്കി മൂന്ന് കാലഘട്ടങ്ങളിലായാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ആദ്യത്തേത് 1500 ബി.സി. ക്കും 800 ബി.സി.ക്കും ഇടയിലുള്ള കാലഘട്ടമാണ്. ഈ സമയത്താണ് കോണ്‍ ആകൃതിയിലുള്ള കളിമണ്ണ് ഉപയോഗിച്ച് ആളുകള്‍ അടിത്തറ നിര്‍മ്മിച്ചത്. രണ്ടാമത്തേത് 800 ബി.സി.ക്കും 400 ബി.സി. ക്കും ഇടയിലുള്ളതാണ്. ആ കാലഘട്ടത്തിലാണ്  ചാവിന്‍ എന്നറിയപ്പെടുന്ന ഒരു  സംസ്‌കാരം മെഗാലിത്തിക് ക്ഷേത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.  400 ബി.സി. ക്കും 100 ബി.സി. ക്കും ഇടയിലാണ് മൂന്നാമത്തെ കാലഘട്ടം വരുന്നത്.  ഈ സമയത്താണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്താകൃതിയിലുള്ള നിരകള്‍ ഉപയോഗിച്ച് തീര്‍ത്തത്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയാണ് ഖനനം നടന്നതെങ്കിലും ഗവേഷകര്‍ അതിനെക്കുറിച്ച് കൂടുതല്‍ വിശകലനം ചെയ്തുവരികയാണ്. 

പുരാവസ്തു ഗവേഷകര്‍ മെക്‌സിക്കോയെയും മധ്യ അമേരിക്കയുടെ സമീപ പ്രദേശങ്ങളെയും ഒരുമിച്ചു വിളിക്കുന്ന പേരാണ് മെസോഅമേരിക്ക. സ്പാനിഷ് ആക്രമണത്തിന് മുമ്പ് പ്രാദേശിക അമേരിക്കന്‍ സംസ്‌കാരത്തിന്റെ മുഖ്യ കേന്ദ്രമായിരുന്നു ഇത്. മെസോഅമേരിക്കയിലെ രൂപവത്കരണ കാലഘട്ടം സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും സ്മാരക നിര്‍മ്മാണങ്ങളുടെയും സമയമായിരുന്നു.

ഇത് ബി.സി.ഇ 2000-ല്‍ ആരംഭിച്ച് സി.ഇ 200 വരെ നീണ്ടുനിന്നതായി കണക്കാക്കുന്നു. ഈ കാലഘട്ടത്തിലാണ് ക്ഷേത്രങ്ങളും പിരമിഡുകളും നിര്‍മ്മിച്ചത്. പ്രപഞ്ച വിശ്വാസങ്ങളില്‍ പ്രധാനമായ ചില അമാനുഷിക ശക്തികളെ ആരാധിക്കുന്ന രീതി ആ യുഗത്തിലും ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലെ മണ്‍പാത്ര പാത്രങ്ങള്‍, മണ്‍പാത്ര പ്രതിമകള്‍, കല്ല് കൊത്തുപണികള്‍ എന്നിവയില്‍ അവയുടെ പ്രതിഫലനം കാണാം.