Asianet News MalayalamAsianet News Malayalam

ആർട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു, പസിഫിക് സീലുകളുടെ മരണത്തിന് കാരണമാകുമോ? വരാനിരിക്കുന്നത് എന്തൊക്കെ അപകടങ്ങള്‍?

ചിലപ്പോൾ 10 ദിവസത്തിനുള്ളിൽ രോഗം ബാധിച്ച സീൽ മരണപ്പെടുകയും ചെയ്യും. കട്ടേഗറ്റ് കടലിടുക്കിലെ ഡാനിഷ് ദ്വീപായ അൻഹോൾട്ടിൽ രണ്ടുപ്രാവശ്യമാണ് ഈ പകർച്ചവ്യാധിയുടെ ആക്രമണമുണ്ടായത്. 

Arctic ice melt pacific seals at risk  ?
Author
Arctic, First Published Nov 22, 2019, 2:52 PM IST

ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും കാണാം. പല ജീവിവർഗ്ഗത്തിന്റെയും തനത് ആവാസവ്യവസ്ഥക്കു ഭീഷണിയായിത്തീരുകയാണ് ഈ താപവർദ്ധനവ്. മൃഗങ്ങളിൽ പലവിധത്തിലുള്ള മാരകരോഗങ്ങൾക്കും ഇത് കാരണമാകുന്നു. ആർട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നതിന്റെ ഫലമായി കടൽ ഒട്ടറുകൾ, സീലുകൾ തുടങ്ങിയ സമുദ്ര സസ്തനികളെ ബാധിക്കുന്ന മാരകമായ ഒരു രോഗം വടക്കൻ അത്‌ലാന്റിക് സമുദ്രത്തിൽനിന്നും പസിഫിക് സമുദ്രത്തിലേക്ക് വ്യാപിച്ചതായി പഠനം തെളിയിക്കുന്നു.

“ആർട്ടിക് സമുദ്രത്തിലെ ഐസ് ഉരുകുന്നത് അറ്റ്ലാന്റിക് സമുദ്രത്തിനും പസഫിക്കിനും ഇടയിൽ രോഗം പകരാൻ ഇടയാക്കുമെന്ന ആശങ്ക വളരെക്കാലമായി നിലനിൽക്കുന്നു.” ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലെ സമുദ്ര ജന്തുരോഗങ്ങളിൽ വിദഗ്ധനും ഒരു റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ ട്രേസി ഗോൾഡ്സ്റ്റൈൻ പറഞ്ഞു. വളരെക്കാലമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ സീലുകളെ ബാധിച്ചിരുന്ന രോഗമായിരുന്നു ഫോസിൻ ഡിസ്‌റ്റെംപർ വൈറസ് അഥവാ പിഡിവി. എന്നാൽ, പസഫിക്കിൽ ഈ രോഗത്തിന്റെ സാന്നിധ്യം കുറച്ചുകാലം മുമ്പ് വരെ ഉണ്ടായിരുന്നില്ല. രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന ഈ വൈറസ്, സീലുകളിൽ ന്യുമോണിയ ഉണ്ടാകും. ചിലപ്പോൾ 10 ദിവസത്തിനുള്ളിൽ രോഗം ബാധിച്ച സീൽ മരണപ്പെടുകയും ചെയ്യും. കട്ടേഗറ്റ് കടലിടുക്കിലെ ഡാനിഷ് ദ്വീപായ അൻഹോൾട്ടിൽ രണ്ടുപ്രാവശ്യമാണ് ഈ പകർച്ചവ്യാധിയുടെ ആക്രമണമുണ്ടായത്. 1988 -ൽ 23,000 ഹാർബർ സീലുകളും 2002 -ൽ 30,000 സീലുകളും കൊല്ലപ്പെട്ടു. രോഗത്തിന്റെ വ്യാപനം തടയാനായി സ്വീഡൻ, നോർവേ, ഡെൻമാർക്ക്, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ രോഗം ബാധിച്ച മൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു.

നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, 2001 -നും 2016 -നും ഇടയിൽ അലാസ്‍കയിലെ സീലുകൾ, കടൽ സിംഹങ്ങൾ, കടൽ ഒട്ടറുകൾ എന്നിവയിൽ നിന്ന് പി‌ഡി‌വി യുടെ സാന്നിധ്യം കണ്ടെത്താനായി സാംപിളുകൾ ശേഖരിച്ചു. ശേഖരിച്ച സാംപിളുകളുടെ അടിസ്ഥാനത്തിൽ ജലത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

“സീലുകളുടെയും കടൽ സിംഹങ്ങളുടെയും എണ്ണത്തിലുള്ള ഗണ്യമായ വർധനവാണോ കടൽ ഒട്ടറുകളെ പി‌ഡി‌വി ബാധിക്കാൻ കാരണമെന്നു പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു” ഗോൾഡ്സ്റ്റൈൻ പറഞ്ഞു. “എന്നാൽ പരിശോധനയിൽ വൈറസിന്റെ ക്രമം എല്ലാ ജീവിവർഗ്ഗത്തിലും ഒരേ നിരക്കിലായിരുന്നു. കടലിൽ മഞ്ഞുരുകുമ്പോൾ മാത്രം അതിന്റെ തോത് വർധിച്ചു. ചൂടുള്ള ആർട്ടിക് വഴി വൈറസ് പസഫിക്കിൽ എത്തുമെന്നും വലിയ പസഫിക് തുറമുഖ സീലുകളെയും വടക്കൻ എലെഫന്റ്റ് സീലുകളെയും വംശനാശഭീഷണി നേരിടുന്ന ഹവായിയൻ മോങ്ക് സീലുകളെയും ബാധിക്കുമെന്നുമുള്ള ആശങ്കയാണ് ഇത്തരമൊരു ഗവേഷണത്തിന് കാരണമായത്. രോഗം വർധിക്കുന്നത് സമുദ്രത്തിലെ അടിത്തട്ടിൽ മഞ്ഞുരുക്കുന്നതുമായി ബന്ധപ്പെട്ടാണെന്ന് രോഗത്തിന്റെ ജനിതക സാംപിൾ തെളിയിക്കുന്നു.

കടലിൽ മഞ്ഞുരുകുമ്പോൾ മറ്റ് രോഗങ്ങൾ പടരാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആർട്ടിക് സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് സമുദ്രത്തിലെ മഞ്ഞുകട്ടയുടെ അളവു കുറയും. ആർട്ടിക് പ്രദേശത്തെ ഈ അവസ്ഥയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ അജ്ഞാതമാണ്, പക്ഷേ, ആർട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നത് വർദ്ധിച്ച പിഡിവി അണുബാധയോടുകൂടിയ ജലത്തിന്‍റെ നീരൊഴിക്കിനു വഴിവെക്കുകയും, തുടർന്ന് വടക്കൻ അറ്റ്ലാന്റിക്, നോർത്ത് പസഫിക് സമുദ്ര സസ്‍തനികൾക്കിടയിൽ പിഡിവിക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. 
 

Follow Us:
Download App:
  • android
  • ios