Asianet News MalayalamAsianet News Malayalam

വംശീയ വിദ്വേഷം തീർക്കുന്നത് പെൺകുട്ടികളെ പീഡിപ്പിച്ചും, കടുത്ത ശിക്ഷ നൽകണമെന്ന് ആക്ടിവിസ്റ്റുകൾ

അർജന്റീനയിലെ ജനസംഖ്യയുടെ ഏകദേശം 2.4% തദ്ദേശവാസികളാണ്, വിവേചനം, അവഗണന, പട്ടിണി, കടുത്ത ദാരിദ്ര്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഈ ജനത നേരിടുന്നു. 

Argentinas indigenous women and girls abused by non indigenous people
Author
Salta, First Published Mar 19, 2021, 11:43 AM IST

അന അവളുടെ കസിനോടൊപ്പം സ്കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. 'അവള്‍ ഓടിപ്പോയി. പക്ഷേ, എനിക്ക് ഓടാനായില്ല. അവര്‍ എന്നെ കാറില്‍ പിടിച്ചിട്ടു. അവരെല്ലാം വെളുത്ത വര്‍ഗക്കാരായ ആണുങ്ങളായിരുന്നു. അവരെന്നെ ബലാത്സംഗം ചെയ്തു.' അവള്‍ പറയുന്നു. അന എന്ന പെൺകുട്ടി ഈ പറഞ്ഞത് ഒരു ഒറ്റപ്പെട്ട സംഭവത്തെ കുറിച്ചല്ല. വടക്കൻ അർജന്റീനയിലെ തദ്ദേശീയ വിഭാഗത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രൂരമായ ബലാത്സംഗത്തിന്‍റെ നേർ സാക്ഷ്യമാണ്. തദ്ദേശീയ വിഭാഗക്കാരല്ലാത്ത പുരുഷന്മാര്‍ ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നു. 

അമേരിക്ക പിടിച്ചടക്കിയ കാലഘട്ടം മുതലുള്ള വംശീയ ആചാരമായാണ് കാമ്പയിനേഴ്സ് ഈ ലൈം​ഗികാതിക്രമങ്ങളെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ, ഇത് ഒരു പ്രത്യേക വിദ്വേഷ കുറ്റകൃത്യം (hate crime) ആക്കി മാറ്റാൻ അവർ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം അതിക്രമങ്ങൾ വംശത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. “പിടിച്ചടക്കിയതിനു ശേഷം ഞങ്ങൾ സ്ത്രീകളാണ് അവരുടെ ആദ്യത്തെ ഇരകൾ” തദ്ദേശീയരായ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള വിച്ചെ തദ്ദേശീയ വിഭാ​ഗത്തിൽ നിന്നുള്ള പ്രചാരകയായ ഒക്ടറിന സമോറ പറഞ്ഞു. 

പ്രധാനമായും വടക്കൻ അർജന്റീനിയൻ പ്രവിശ്യകളായ സാൾട്ട, ചാക്കോ എന്നിവിടങ്ങളിലാണ് ഇത്തരം അതിക്രമങ്ങൾ കൂടുതലായും നടക്കുന്നത്. ഇവിടെ സ്ത്രീകളെ വംശീയമായി അധിക്ഷേപിക്കുന്നതും അപവാദപരമായ പേരുകൾ വിളിക്കുന്നതും പോലും സാധാരണമായി തീർന്നിരിക്കുകയാണ്. അലിന, സാള്‍ട്ടയിലെ പ്രാന്തപ്രദേശത്ത് നിന്നുള്ള ഒരു വിച്ചെ സ്ത്രീയാണ്. ഇത്തരം നാലു കേസുകളെങ്കിലും അവര്‍ക്ക് അറിയാവുന്നതുണ്ട്. അതിലൊരു പെണ്‍കുട്ടിക്ക് വെറും നാല് വയസായിരുന്നു പ്രായം. 'ചിലപ്പോള്‍ ഭയം കൊണ്ടും മറ്റ് ചിലപ്പോള്‍ അക്രമി ഭീഷണിപ്പെടുത്തിയതിനാലും പലരും എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറയാറില്ല. പക്ഷേ, ഞങ്ങള്‍ അമ്മമാരല്ലേ, ഞങ്ങള്‍ അവരോട് സംസാരിക്കുന്നു. അവര്‍ ഞങ്ങളോട് മനസ് തുറക്കുകയും പീഡിപ്പിക്കപ്പെട്ട കാര്യം തുറന്നു പറയുകയും ചെയ്യുന്നു' എന്നും അലിന പറയുന്നു. 

Argentinas indigenous women and girls abused by non indigenous people

മാനസികാഘാതം, അപമാനം, പ്രതികാരഭയം എന്നിവ കാരണം ഇരകൾ സംസാരിക്കാത്തതിനാൽ അത്തരം ആക്രമണങ്ങൾ എത്രത്തോളം സാധാരണമാണെന്ന് പറയാൻ കഴിയില്ല. എന്നാൽ, ലൈംഗിക ദുരുപയോഗം ഈ പ്രദേശത്തെ ഒരു പ്രധാന പ്രശ്നമാണ്. 2016 -ലെ യൂണിസെഫ് റിപ്പോർട്ടിൽ കൗമാരക്കാരായ അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ അനുപാതം വടക്കൻ പ്രവിശ്യകളിലെ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണെന്നും ചില സ്ഥലങ്ങളിൽ ഇത് 20 ശതമാനത്തിലധികമാണെന്നും കണ്ടെത്തിയിരുന്നു.

അർജന്റീനയിലെ ജനസംഖ്യയുടെ ഏകദേശം 2.4% തദ്ദേശവാസികളാണ്, വിവേചനം, അവഗണന, പട്ടിണി, കടുത്ത ദാരിദ്ര്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഈ ജനത നേരിടുന്നു. കളിമണ്ണ്, മെറ്റൽ ഷീറ്റിംഗ്, ടാർപോളിനുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ചെറിയ വീടുകളുടെ ഒരു കൂട്ടമാണ് അലിനയുടെ കമ്മ്യൂണിറ്റി. പല സ്ത്രീകളും സ്പാനിഷ് സംസാരിക്കുന്നവരല്ല, അടുത്തുള്ള പട്ടണത്തിലേക്ക് അവിടെനിന്നും ഗതാഗത മാർഗ്ഗവുമില്ല.

Argentinas indigenous women and girls abused by non indigenous people

അതിക്രമികള്‍ പലപ്പോഴും പണവും അധികാരവുമുള്ളവരായിരിക്കും. അവര്‍ ഇരകള്‍ക്ക് പണവും ഭക്ഷണവും വാഗ്ദ്ധാനം ചെയ്യുന്നു. അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പണമുള്ളവരോട് പ്രതികരിച്ചുകൊണ്ട് നില്‍ക്കുക എന്നത് പലപ്പോഴും ഈ പാവങ്ങളെ സംബന്ധിച്ച് സാധ്യമാവാതെ വരുന്നു എന്നും അലിന പറയുന്നു. 

ഇരകളെ സഹായിക്കേണ്ട വനിതാ സംഘടനകളും സംസ്ഥാന സ്ഥാപനങ്ങളും തദ്ദേശീയരുടെ ജീവിതത്തെ കുറിച്ചോ യാഥാർത്ഥ്യങ്ങളെക്കുറിച്ചോ ഒരു ഗ്രാഹ്യവുമില്ലെന്നും സമോറ പറയുന്നു. “നഗരത്തിലെന്നപോലെ 911 -ലേക്ക് വിളിക്കാൻ അവർ ഞങ്ങളോട് പറയുന്നു, പക്ഷേ ഞങ്ങൾക്ക് ഫോൺ ലൈനുകൾ പോലുമില്ല” അവൾ പറഞ്ഞു. സമൂഹത്തിൽ ലൈംഗിക ചൂഷണവും നടക്കുന്നുണ്ടെന്ന് സമോറ ഊന്നിപ്പറഞ്ഞു.

പ്രശ്നത്തെക്കുറിച്ചുള്ള അവബോധം വളരാൻ തുടങ്ങിയിരിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു. 2015 -ൽ, പഠന ബുദ്ധിമുട്ടുകളുള്ള 12 വയസ്സുള്ള വിച്ചെ പെൺകുട്ടിയെ ഒരു കൂട്ടം തദ്ദേശീയവിഭാഗക്കാരല്ലാത്ത പുരുഷന്മാർ ബലാത്സംഗം ചെയ്തു. അവൾ ഗർഭിണിയാണെന്ന കാര്യം പുറത്തറിഞ്ഞപ്പോള്‍ കേസ് പ്രധാനവാർത്തയായി. ഈ ആക്രമണത്തിന്റെ പേരിൽ 2019 ഫെബ്രുവരിയിലെ വിധിന്യായത്തിൽ ആറ് പേർക്ക് 17 വർഷം തടവ് ശിക്ഷ വിധിച്ചു. 

2019 -ൽ ഈ ക്രൂരതകള്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു കാമ്പെയ്‌ൻ 'മുജറസ് ഇൻഡിജിനസ് പോർ എൽ ബ്യൂൺ വിവിർ' (ഇൻഡിജെനസ് വുമൺ ഫോർ ലിവിംഗ് വെൽ) പ്രസ്ഥാനത്തിലെ പ്രവർത്തകർ ആരംഭിച്ചിരുന്നു. സ്ത്രീകൾ അനയുടെയും മറ്റ് സമാനാനുഭവമുള്ള പെണ്‍കുട്ടികളുടെയും കഥകൾ പേര് വെളിപ്പെടുത്താതെ സമാഹരിച്ചു. അവരുടെ അനുഭവങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നത് നടപടിയെടുക്കാൻ അധികാരികളെ പ്രേരിപ്പിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.

“ഇത് തദ്ദേശീയരായ പെൺകുട്ടികളുടെയും എങ്ങനെയാണ് ഈ പുരുഷാധിപത്യ, വംശീയ, കൊളോണിയൽ സമ്പ്രദായം  കോളനിവത്ക്കരണം നടത്തുന്നത്, അവര്‍ തദ്ദേശീയ വിഭാഗത്തെ ഉന്മൂലനം ചെയ്യുന്നത്, തദ്ദേശീയ ലോകത്തെ അക്രമിക്കുന്നത് തുടരുന്നത് എന്നതിന്റെയും കഥയാണ്” ഗ്രൂപ്പിലെ മാപുചെ-തെഹുവൽചെ പ്രവർത്തകനായ ജുവാന ആന്റികോ പറഞ്ഞു.

സ്വദേശികളായ പുരുഷന്മാർ തദ്ദേശീയരായ കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നത് ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്താൻ പ്രചാരകർ അർജന്റീന സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷകൾ ലഭിക്കുന്നതിന് പീനൽ കോഡ് പരിഷ്‌ക്കരിക്കുന്നതിന് ഒരു ബിൽ ആവശ്യമാണ്. സ്ത്രീ വിവേചന വിരുദ്ധ ഏജൻസിയായ ഇനാഡിയുടെ സാൾട്ടയുടെ പ്രൊവിൻഷ്യൽ ഡെലിഗേറ്റ് ഗുസ്താവോ ഫാർക്വാർസൺ പറഞ്ഞു. 'എത്രയും പെട്ടെന്ന് നടപടികളെടുക്കേണ്ടതും ആവശ്യമാണ്. കാരണം സ്ത്രീകളും കുട്ടികളും എപ്പോള്‍ വേണമെങ്കിലും പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാം എന്ന ഭീതിയിലാണ് ഇവിടെ കഴിയുന്നത്' എന്നും ഫാർക്വാർസൺ പറയുന്നു. 

തദ്ദേശീയരായ സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും കൂടുതൽ വിഭവങ്ങളും പിന്തുണയും ആവശ്യമാണെന്ന് സമോറ വിശ്വസിക്കുന്നു. അങ്ങനെ വരുമ്പോള്‍ അവർക്ക് സ്വയം പ്രതികരിക്കാനും കഴിയും. 'ബലാത്സംഗം ഒരു സ്ത്രീയെ ആത്മീയമായി കൂടി തകർക്കുന്നു. അതിൽ നിന്ന് കരകയറുന്നത് അവര്‍ക്ക് വളരെ പ്രയാസമാണ്. അല്ലെങ്കിൽ ഒരിക്കലും അവര്‍ അതില്‍ നിന്നും മോചിപ്പിക്കപ്പെട്ടില്ലെന്നും വരാം' എന്നും സമോറ പറയുന്നു. 

(പേരുകൾ സാങ്കൽപികം. വാർത്തയ്ക്ക് കടപ്പാട്: ദി ​ഗാർഡിയൻ)

Follow Us:
Download App:
  • android
  • ios