ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിലാണ് നീരവ് മോദിയെ വിചാരണ നേരിടാൻ വേണ്ടി യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുന്ന(Extradition) പ്രക്രിയയെക്കുറിച്ചുള്ള വാദം നടക്കുന്നത്. പ്രസ്തുത വാദം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നീരവ് മോദി, തന്റെ അറ്റോർണി ആയ ക്ലെയർ മോണ്ട് ഗോമറി വഴി കഴിഞ്ഞ ദിവസം തന്റെ ഒരു ആശങ്ക കോടതിസമക്ഷം ബോധിപ്പിച്ചിരികയാണ്. നാടുകടത്തപ്പെട്ടാൽ, വിചാരണക്കാലയളവിൽ നീരവ് മോദിക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിച്ചു കൂട്ടേണ്ടി വന്നേക്കാവുന്ന മുംബൈ ആർതർ റോഡിലുള്ള ജയിലിനുള്ളിൽ നിലനിൽക്കുന്ന വളരെ പരിതാപകരമായ അവസ്ഥയെക്കുറിച്ചുള്ള തന്റെ കക്ഷിയുടെ ആശങ്കകൾ അഭിഭാഷക കോടതിയെ അറിയിച്ചു. 

 

 

നാല്പത്തൊമ്പതുകാരനായ തന്റെ കക്ഷി കഴിഞ്ഞ കുറെ മാസങ്ങളായി കടുത്ത വിഷാദത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ, ഈ ജയിലിൽ വെച്ച് തന്റെ കക്ഷിക്കുമേൽ അടിച്ചേല്പിക്കപ്പെടാൻ സാധ്യതയുള്ള മാനസിക സമ്മർദ്ദവും, ശാരീരിക പീഡനങ്ങളും അദ്ദേഹത്തെ ആത്മാഹുതിയിലേക്കുവരെ നയിക്കാൻ ഇടയുണ്ടെന്ന് നീരവ് മോദിയുടെ അഭിഭാഷക കോടതി സമക്ഷം ബോധിപ്പിച്ചു. ഇന്ത്യയിലെ ജയിലുകൾ എല്ലാം തന്നെ തടവുപുള്ളികളെ കുത്തിനിറച്ച അവസ്ഥയിൽ ആണുള്ളത് എന്നും, അത് പണ്ട് സൈന്യത്തിലും മറ്റും ശിക്ഷയെന്നോണം കൊണ്ട് ആളുകളെ തള്ളിയിലിരുന്ന പുഴുക്കപ്പുര (sweat box) പോലെയാണ് ആർതർ റോഡ് എന്നും അവർ കോടതിയോട് പറഞ്ഞു. 

 

 

ഇന്ത്യൻ ഗവണ്മെന്റ് ഈ ആശങ്കകൾ നീക്കാൻ വേണ്ടി ആർതർ റോഡ് ജയിലിനുള്ളിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോ ഷൂട്ട് ചെയ്ത ലണ്ടനിലെ കോടതിക്ക് അയച്ചു നൽകിയിരുന്നു. സീലിങ്ങ് മുട്ടുന്ന ഫ്രഞ്ച് ജനാലകൾ, യൂറോപ്യൻ ക്ളോസറ്റ്, 24X7 വെള്ളം വരുന്ന ഷവർ, വെള്ളച്ചായം പൂശിയ വൃത്തിയുള്ള ചുവരുകൾ, ഫാൻ, ലൈറ്റ്, കുഷ്യൻ വിരിച്ച  മെത്ത എന്നിങ്ങനെ വളരെ മികച്ച സൗകര്യങ്ങളോട് കൂടിയ ഒരു സെൽ തന്നെ നീരവ് മോദിയെ നാടുകടത്തിക്കിട്ടിയാൽ പാർപ്പിക്കാൻ കണക്കാക്കി ആർതർ റോഡ് ജയിലിൽ തയ്യാറാക്കി നിർത്തിയിട്ട് മാസങ്ങളായിട്ടുണ്ട്.  ആർതർ റോഡിലെ പന്ത്രണ്ടാം ബാരക്കിലെ രണ്ടാം നമ്പർ സെല്ലാണ് ഇത്തരത്തിൽ വിഐപി അതിഥിയെ പാർപ്പിക്കാൻ വേണ്ടി 'മേക്ക് ഓവറി'ന് വിധേയമാക്കപ്പെട്ടിരിക്കുന്നത്. ഐജി പ്രിസൺസ് ദീപക് പാണ്ഡെ നേരിട്ടുവന്നാണ് ഇതിൽ സൗകര്യങ്ങൾ പരിശോധിച്ചുറപ്പിച്ചത്. മുംബൈയിലെ പോഷ് ഏരിയകളിൽ കാണുന്ന ഏതൊരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിലും കണ്ടിട്ടുള്ള എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ഈ രണ്ടാം നമ്പർ സെല്ലിലും ഒരുക്കിയിട്ടുണ്ട്‌. 

രണ്ടാം നമ്പർ സെൽ അടങ്ങുന്ന ബാരക്ക് നമ്പർ 12 ഈയടുത്താണ് പുതുക്കിപ്പണിഞ്ഞത്. വിചാരണത്തടവുകാരെ പാർപ്പിക്കാൻ വേണ്ടി മാത്രമാണ് ആർതർ റോഡ് ജയിൽ എന്ന  അതീവസുരക്ഷാ ജയിലിലെ ഈ ബാരക്ക് ഉപയോഗിച്ചുവരുന്നത്.  ജയിലിന്റെ മെയിൻ ബ്ലോക്കിൽ നിന്നും അല്പം മാറി, ഏറെ സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലായാണ് ഈ ബാരക്ക് സ്ഥിതിചെയ്യുന്നത്.  ജയിലിനുള്ളിൽ എല്ലായിടത്തും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അത് നിരീക്ഷണത്തിനു പുറമെ കോടതിയുമായി വീഡിയോ കോൺഫറൻസിങ്ങിനു കൂടി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വിധത്തിലുള്ളതാണ്. ഈ ഇരു നിലക്കെട്ടിടത്തിന്റെ ഓരോ നിലയിലും രണ്ടു സെല്ലുകൾ വീതമാണുള്ളത്. മുകളിലത്തെ നിലയിലാണ് രണ്ടാം നമ്പർ സെൽ. ഷീനാ ബോറ വധക്കേസിലെ കുറ്റാരോപിതനായ പീറർ മുഖർജിയ കഴിയുന്നത് താഴത്തെ നിലയിലെ ഒരു സെല്ലിലാണ്. മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരകൻ  അബു ജുണ്ടലിനെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുന്നതും ഒന്നാം നിലയിലെ ഒരു സെല്ലിലാണ്. 

 

 

എന്നാൽ, ഇന്ത്യൻ ഗവണ്മെന്റിന്റെ മേൽപ്പറഞ്ഞ അവകാശവാദങ്ങളും യാഥാർഥ്യവും തമ്മിൽ പോർത്തുത്തക്കേടുകളുണ്ട് എന്ന്, ലണ്ടൻ കോടതിയിൽ  ഇന്ത്യൻ ഗവണ്മെന്റും, നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയും പുറത്തുവിട്ട കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് നീരവ് മോദിയുടെ അഭിഭാഷക സമർത്ഥിച്ചു. ഇന്ത്യൻ ജയിലുകളിലെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ നിരവധി പേർ അവയ്ക്കുള്ളിൽ ജീവനൊടുക്കിയിട്ടുണ്ട് എന്നും അവർ പറഞ്ഞു. ഇപ്പോൾ കൊവിഡ് ബാധ കൂടി കലശലായ സാഹചര്യത്തിൽ തന്റെ കക്ഷിയെ തല്ക്കാലം ഇന്ത്യയിലേക്ക് നാടുകടത്തുന്നത് അചിന്തനീയമാണ് എന്നാണ് നീരവ്മോദിയുടെ അഭിഭാഷകന്റെ വാദം. 

 

 

പഞ്ചാബ് നാഷണൽ ബാങ്കിന് 14,000 കോടി രൂപയുടെ ബാധ്യതകൾ വരുത്തിവെച്ച് നാടുവിട്ടു എന്നതാണ് നീരവ് മോദിയുടെ പേരിൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം. കഴിഞ്ഞ മാർച്ചിൽ ലണ്ടൻ പോലീസിന്റെ പിടിയിലായ ശേഷം അവിടത്തെ വാണ്ട്സ്‌ വർത്ത് ജയിലിൽ ആണ് മോദിയുടെ വാസം. അദ്ദേഹത്തെ വിചാരണയ്ക്കായി ഒന്ന് ഇന്ത്യൻ മണ്ണിലെത്തിച്ചുകിട്ടാൻ വേണ്ടിയുള്ള നയതന്ത്ര ശ്രമങ്ങൾ കഴിഞ്ഞ ഒരു വർഷമായി തുടരുകയായിരുന്നു ഇന്ത്യ.