ആറര വർഷങ്ങൾക്കു മുമ്പ് ആദ്യമായി മുന്നിൽ മൈക്കുകൾ നിരന്നപ്പോൾ, നാലുപാടുനിന്നും ഫ്ലഡ് ലൈറ്റുകൾ തന്റെ മുഖത്തേക്കടിച്ചപ്പോൾ, ആശാദേവി പാണ്ഡെ എന്ന മധ്യവയസ്‌ക പതറിപ്പോയിരുന്നു. എന്താണ് പറയേണ്ടത് എന്നവർക്ക് നിശ്ചയമില്ലായിരുന്നു. രാത്രിയുടെ മറവിൽ അവരുടെ പൊന്നുമകളെ ആറു നിഷ്ഠൂരര്‍  ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് ജീവച്ഛവമാക്കിയിരുന്നു. വല്ലാതെ മുറിവേറ്റിരുന്ന അവരുടെ മകൾ ആഴ്ചകളോളം നീണ്ട ആശുപത്രിവാസത്തിനൊടുവിൽ പിന്നീട് സിംഗപ്പൂരിൽ വെച്ച് മരണപ്പെട്ടിരുന്നു. അന്ന് ആ അമ്മ ഇടനെഞ്ചു പൊട്ടിപ്പറഞ്ഞ കാര്യങ്ങൾ കേട്ട് ഒരു ജനത തന്നെ ദില്ലിയുടെ തെരുവുകളിലേക്കിറങ്ങിച്ചെന്നു. ദില്ലിയിൽ മാത്രമല്ല, രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും പ്രതിഷേധസ്വരങ്ങളുയർന്നു. സ്ത്രീസുരക്ഷയെപ്പറ്റി ഓരോ സംസ്ഥാനസർക്കാരുകളെയും ഇരുത്തിച്ചിന്തിപ്പിച്ച ഏറെ നിർഭാഗ്യകരമായ ഒരു സംഭവമായിരുന്നു നിർഭയാ കേസ്.

അന്നത്തെ ആ നിസ്സഹായയായ അമ്മയല്ല ഇന്നവർ. അനുഭവങ്ങൾ അവരുടെ മനസ്സിനെ കല്ലിപ്പിച്ചിരിക്കുന്നു. കാലം ആശാദേവിയുടെ ഹൃദയത്തിന് കുറേക്കൂടി ബലം പകർന്നിരിക്കുന്നു. ജനുവരി 15 -ന് കേസ് ഫയലുകളേന്തിയ ഒരു പാഠം അഭിഭാഷകർക്കൊപ്പം, അവർ കോടതിക്ക് പുറത്തേക്ക് നടന്നുവന്നപ്പോൾ  അവരുടെ ശരീരഭാഷയിൽ കുറേക്കൂടി ആത്മവിശ്വാസം നിഴലിച്ചിരുന്നു. നിർഭയയുടെ അമ്മയാണ് കഴിഞ്ഞ അഞ്ചു വർഷമായി നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്നത്. അച്ഛൻ എന്നത്തേയും പോലെ പത്തടി പിന്നിലായിട്ടാണെങ്കിലും അവരുടെ കൂടെത്തന്നെയുണ്ട്. ദില്ലി ഹൈക്കോടതിയുടെ അഞ്ചാം നമ്പർ ഗേറ്റിൽ അവർ തന്നെക്കാത്തു നിന്നിരുന്ന പത്രക്കാരുടെ കടലിനുമുന്നിൽ ഒരു നിമിഷം നിന്നു. സധൈര്യം തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തു. 

2012 ഡിസംബർ 16 പാതിരാത്രി വരെ ആശാദേവിയെ ദില്ലിയിൽ ആർക്കുമറിയില്ലായിരുന്നു. അവർക്ക് ദില്ലിയെയും. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ നവവധുവായി ഉത്തർപ്രദേശിലെ സ്വന്തം ഗ്രാമത്തിൽ നിന്ന് രാജ്യതലസ്ഥാനത്തിന്റെ ബഹളങ്ങളിലേക്ക് പറിച്ചുനടപ്പെട്ട, ഒരു സാധാരണ വീട്ടമ്മ മാത്രമായിരുന്നുആശാദേവി. എട്ടാം ക്ലാസ് വരെ മാത്രം പഠിപ്പുണ്ടായിരുന്ന, ഭർത്താവ് കൂടെയില്ലെങ്കിൽ എവിടെയും പോകാനറിയാത്ത ഒരു പാവം സ്ത്രീയായിരുന്നു അവർ. ആ ആശാദേവിയെ ഇന്ന് മാധ്യമങ്ങളോട് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നവരാക്കി മാറ്റിയത്, ഇന്ദിര ജയ്‌സിംഗിനെപ്പോലെ ഒരു സുപ്രീം കോടതി അഭിഭാഷകയോട് കയർക്കുന്നവരാക്കി മാറ്റിയത്, സ്വന്തം മകൾക്ക് വന്നുപിണഞ്ഞ ഒരു ആപത്താണ്. കോടതി കയറിയിറങ്ങിയ കഴിഞ്ഞ ആറുവര്‍ഷക്കാലവും, ഓരോ തവണയും കോടതി മുറിയിൽ വെച്ച് തന്റെ വക്കീലിനെ കാണുമ്പോൾ അവർ ചോദിച്ചിരുന്നത് ഒരേ ചോദ്യമാണ്. "അവന്മാർക്ക് തൂക്കുകയർ വാങ്ങിക്കൊടുക്കില്ലേ നിങ്ങൾ?". അവരുടെ അഭിഭാഷകൻ അവർക്ക് അതുറപ്പ് നൽകുകയും ചെയ്യുമായിരുന്നു. അതേ, അന്നുതൊട്ടിന്നുവരെ അവർക്ക് ഒരേയൊരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. തന്റെ മകളെ കൊല്ലാക്കൊല ചെയ്തവർക്ക് തൂക്കുകയർ. അതിൽക്കുറഞ്ഞൊന്നും ആ അമ്മയ്ക്ക് സമ്മതമല്ലായിരുന്നു.

 

കഴിഞ്ഞ ആറു വർഷമായി അവരുടെ മകളെക്കുറിച്ച് സ്വസ്ഥമായി ഒന്നിരുന്നോർക്കാൻ അവർക്ക് സാധിച്ചിട്ടില്ല. തന്റെ അറുപതാം വയസ്സിലും, മകളുടെ പേരിൽ ആറുവർഷം മുമ്പ് സർക്കാർ നൽകിയ ദില്ലി എയർപോർട്ടിലെ ജോലി തുടരുന്നുണ്ട് ആശാദേവി. അതിന് മുടങ്ങാതെ പോകാൻ അവരെ കേസിന്റെ നൂലാമാലകൾ അനുവദിക്കുന്നില്ല. പലപ്പോഴും ഹിയറിങ്ങിനു പോകേണ്ടി വരും. ആ ദിവസങ്ങളിലെ ശമ്പളം മുടങ്ങും. ഹിയറിങ്ങിനു വരുന്ന ദിവസം  കോടതിയിലെ തിരക്കുകൾ. അല്ലാത്തപ്പോൾ ജോലിയുടെ ഉത്തരവാദിത്തങ്ങൾ. സ്വസ്ഥമായി ഒന്നിരുന്നാലല്ലേ മകളെപ്പറ്റി ഓർക്കാനോ സങ്കടപ്പെടാനോ ഒക്കെ സാധിക്കൂ. ആശാദേവിയുടെ മനസ്സിൽ ഇന്നും അന്ന് മകളെ ആശുപത്രിയിൽ വെച്ച് കണ്ട ആ വേദനിപ്പിക്കുന്ന രൂപമാണ്. ദേഹമാകെ മുറിഞ്ഞ്, നേരാംവണ്ണം സംസാരിക്കാൻ പോലും ആകാതെ ഞരങ്ങിക്കൊണ്ടിരുന്ന മകളുടെ രൂപം, അത് അവരുടെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്.

 

ആശാദേവിയുടെ മൂന്നുമക്കളും ജനിച്ചത് ദില്ലിയിൽത്തന്നെയാണ്. കുഞ്ഞുന്നാളുതൊട്ടേ തന്നെ സിറിഞ്ചും സ്റ്റെതസ്കോപ്പും ഒക്കെ വെച്ച് ഡോക്ടറും രോഗിയും കളിച്ചിരുന്ന അവരുടെ മകൾക്ക് ഡോക്ടറാകാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും, അതിനൊന്നുമുള്ള സാമ്പത്തികം ആ ദരിദ്ര കുടുംബത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവൾ അടുത്ത സാധ്യതയായ ഫിസിയോ തെറാപ്പി കോഴ്സിന് ചേരണം എന്ന് പറഞ്ഞപ്പോൾ, വീട്ടിൽ വേണ്ട പിന്തുണ നൽകിയത് അമ്മ ആശാദേവി തന്നയായിരുന്നു. കോഴ്സിന് അഡ്മിഷൻ കിട്ടി. പക്ഷേ, ഫീസ് വളരെ അധികമായിരുന്നു. അവളെ ഒരാളെ പഠിപ്പിച്ചാൽ പിന്നെ ഇളയതുങ്ങൾ രണ്ടിനെയും അതുപോലെ പഠിപ്പിക്കാൻ സാധിക്കില്ല എന്ന അവസ്ഥ. ആ സങ്കടത്തിൽ മുറിയടച്ചിരുന്നു കരഞ്ഞു ഒരുപാടുനേരം അവൾ. ഒടുവിൽ ആ സങ്കടം കണ്ടിട്ടാകും, "അമ്മേ, തല്ക്കാലം ചേച്ചിയെ പഠിപ്പിക്ക്.. ചേച്ചി ഞങ്ങളെ രണ്ടിനെയും പഠിപ്പിച്ചോളും.." എന്ന്  അവളുടെ അനിയനാണ് പറഞ്ഞത്. ആകെയുണ്ടായിരുന്ന ഒരു തുണ്ടുഭൂമി വിറ്റിട്ടാണ് ആശാദേവി മകളെ പഠിപ്പിക്കാൻ വേണ്ട പണം കണ്ടെത്തിയത്. ഒടുവിൽ, സഹോദരങ്ങളെ കോഴ്സ് പൂർത്തിയാക്കി, ജോലിചെയ്ത് പണമുണ്ടാക്കി സഹോദരങ്ങളെ പഠിപ്പിക്കാൻ കാത്തുനിൽക്കാതെ മകൾ പോകേണ്ടിവന്നു എന്ന പരിഭവം മാത്രമാണ് ഈ അമ്മയ്ക്ക്.

നിർഭയയുടെ അച്ഛൻ ഇന്നുവരെ മകളുടെ വിയോഗത്തെപ്പറ്റിയോ, കേസിനെപ്പറ്റിയോ ഒരക്ഷരം മാധ്യമങ്ങളോട് മിണ്ടിയിട്ടില്ല. തന്റെ നേർക്ക് വരുന്ന ഓരോ മൈക്കും അയാൾ ആശാദേവിക്കുനേരെ ചൂണ്ടുന്ന ഒരു വിരൽ കൊണ്ട് വഴിതിരിച്ചു വിടും. അങ്ങനെ ബോധപൂർവം തീരുമാനമെടുത്തതല്ല. അതങ്ങനെ ആയിപ്പോയതാണ്. എന്നുമാത്രമല്ല, ഇതിന്റെയൊന്നും പിന്നാലെ നടന്നാൽ വീട്ടിൽ അടുപ്പ് പുകയില്ലല്ലോ. താഴെയുള്ള രണ്ടെണ്ണത്തിന്റെ പഠിപ്പ് നടക്കില്ലല്ലോ. അയാൾ അതിനുള്ള വഴിതേടി ജോലിയിൽ വ്യാപൃതനാകും. കേസ് നടത്തുക എന്ന ഏറെ സങ്കീർണമായ ഉത്തരവാദിത്തം ആശാദേവിയുടെ ചുമലിലേക്ക് വന്നുവീണത് അങ്ങനെയായിരുന്നു.

 

സംഭവത്തിന് ശേഷം സർക്കാർ നൽകിയ ജോലിയിൽ നിന്ന് ആശാദേവിക്ക് മാസം 24,000 രൂപ വരുമാനമുണ്ട്. ഇടയ്ക്കിടെ പോകാൻ സാധിക്കാത്ത ദിവസങ്ങളിലെ ശമ്പളം പിടിച്ച് ബാക്കിയുള്ള തുകയേ അവർ നൽകൂ. കഴിഞ്ഞ ഏഴുവർഷമായി അവർ സ്വസ്ഥമായി ഒന്നുറങ്ങിയിട്ടില്ല. തന്റെ മകളെ ഇല്ലാതാക്കിയവരുടെ വധശിക്ഷ നടപ്പിലാക്കുന്ന ദിവസമേ തനിക്ക് അതുണ്ടാകൂ എന്ന് ആശാദേവി പറയുന്നു. മരണത്തോട് മല്ലടിച്ചിരുന്ന മകളുടെ അന്തിമാഭിലാഷവും അതായിരുന്നത്രേ. അന്നുതൊട്ടിന്നുവരെ ആശാദേവിയുടേയും...