ഇത് അശോക് ഖേംക. 1991 ബാച്ച്, ഹരിയാണ കേഡറിലെ ഐഎഎസ് ഓഫീസർ. തന്റെ സർവീസിനിടയിലെ 53-മത്തെ ട്രാൻസ്ഫർ കഴിഞ്ഞ ദിവസം ഖേംകയെ തേടിയെത്തി. ഇത്തവണ ശാസ്ത്ര സാങ്കേതികവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ തട്ടിയിരിക്കുന്നത് പുരാവസ്തുവകുപ്പിലേക്കാണ്. ഈ വർഷം മാർച്ചിലാണ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് വകുപ്പിൽ രണ്ടുവർഷം തികയുന്നതിനു മുമ്പ് അദ്ദേഹത്തെ ശാസ്ത്രസാങ്കേതികവകുപ്പിലേക്ക് സ്ഥലം മാറ്റുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഖേംക തന്നെ ട്വീറ്റ് ചെയ്തത്. 

ഇപ്രകാരമായിരുന്നു ട്വീറ്റ്, " വീണ്ടും സ്ഥലംമാറ്റം. തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തിച്ചിരിക്കുന്നു. ഇന്നലെ ഭരണഘടനാ ദിനം ആഘോഷിച്ചവർ തന്നെ ഇന്ന് സുപ്രീം കോടതിയുടെ നിയമങ്ങളെ പാടെ ലംഘിച്ചിരിക്കുന്നു. എന്നെ ഒരരുക്കാക്കിയതിൽ സന്തോഷിക്കുന്നവർ പലരും കാണും. ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു, സത്യസന്ധതയ്ക്ക് ഇവിടെ ഒരു പ്രതിഫലമേയുള്ളൂ, അപമാനം. "

 

ആരാണ് അശോക് ഖേംക ?

1991 -ൽ സിവിൽ സർവീസിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയതാണെങ്കിലും അശോക് ഖേംക എന്ന പേര് ഇന്ത്യൻ മാധ്യമങ്ങൾ ശ്രദ്ധിച്ചുതുടങ്ങുന്നത് 2012 -ലാണ്. അതും നെഹ്‌റു കുടുംബത്തിലെ മരുമകനായ റോബർട്ട് വാധ്രയുമായി ബന്ധപ്പെട്ടുകൊണ്ട്. 2012 -ൽ ഹരിയാണയിലെ ഗുഡ്‌ഗാവിലുള്ള ഷിക്കോപൂറിലെ വാധ്രയുടെ ഉടമസ്ഥതയിലുള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ സ്വന്തമായിരുന്ന 3.53 ഏക്കർ സ്ഥലം, ഡിഎൽഫ് ഗ്രൂപ്പിന് 58 കോടിക്ക് വില്പന നടന്നു. അന്ന് ലാൻഡ് കൺസോളിഡേഷൻ കമ്മീഷണർ ആയിരുന്ന ഖേംക പ്രസ്തുത ഇടപാടിനെപ്പറ്റി അന്വേഷിക്കുകയും, ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതോടെ ആ പോക്കുവരവ് റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ആ ഉത്തരവ് പുറപ്പെടുവിക്കും മുമ്പുതന്നെ, ഡിപ്പാർട്ടുമെന്റിൽ നിന്ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഖേംകയ്ക്ക് കൈപ്പറ്റേണ്ടി വന്നു. എന്നാലും, പോക്കുവരവ് റദ്ദാക്കിച്ചിട്ടേ അദ്ദേഹം ഓഫീസിന്റെ പടിയിറങ്ങിയുള്ളൂ. അതേപ്പറ്റിയുള്ള കേസ് പിന്നെയും ഏറെനാൾ കോടതി കയറി. അക്കാലത്തുതന്നെയാണ് ഖേംകയ്ക്ക് നേരെ വധഭീഷണിയും ഉണ്ടാകുന്നത്.

ഇത്രയധികം തവണ ട്രാൻസ്ഫർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സിവിൽ സർവീസ് വൃത്തങ്ങളിൽ കറയറ്റ ഒരു ഓഫീസർ എന്ന പ്രതിച്ഛായയാണ് അശോക് ഖേംകയ്ക്ക് ഉള്ളത്. സംസ്ഥാനത്തെ ഗതാഗതവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത്, വകുപ്പിന്റെ മുഖം തന്നെ മാറ്റിയെടുക്കാൻ ഖേംക പരമാവധി ശ്രമിച്ചിരുന്നു. ആ ശ്രമങ്ങളുടെയും പാതിവഴിയിൽ വെച്ച് ഖേംകയെ അന്ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെത്തിയിരുന്നു. എന്നും ഭരിക്കുന്ന പാർട്ടിയുടെ കണ്ണിലെ കരടായിരുന്നു ഖേംക എന്ന സത്യസന്ധനായ ഓഫീസർ. പെർഫോമൻസ് അപ്പ്രൈസൽ റിപ്പോർട്ടിലെ ഗ്രേഡിങ്ങുമായി ബന്ധപ്പെട്ട ഖേംകയ്ക്കും മുഖ്യമന്ത്രി ഖട്ടറിനും ഇടയിലുണ്ടായ തർക്കങ്ങളും ഒടുവിൽ കോടതികയറിയിരുന്നു.ബംഗളൂരുവിൽ ജനിച്ച അശോക് ഖേംക 1988ഐഐടി ഖഡക്പൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് പഠിച്ച അദ്ദേഹം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്(TIFR) ൽ നിന്ന് അതേ വിഷയത്തിൽ പിഎച്ച്ഡിയും നേടി, ശേഷം ഫിനാൻസിൽ എംബിഎയും നേടിയിട്ടാണ് സിവിൽ സർവീസ് പരീക്ഷപാസാകുന്നതും 1991  ബാച്ചിൽ ഹരിയാന കേഡറിൽ നിന്ന് ഐഎഎസ് ഉദ്യോഗസ്ഥനായി സേവനമാരംഭിക്കുന്നതും. അതിനു ശേഷം അദ്ദേഹം IGNOUൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഒരു ബിരുദാനന്തര ബിരുദം കൂടി എഴുതിയെടുക്കുകയുണ്ടായി.

ഏറ്റെടുത്ത തസ്തികകളിലെല്ലാം തന്നെ തികച്ചും സത്യസന്ധമായി സേവനമനുഷ്ഠിച്ചു എന്നതിന്റെ പേരിൽ മാത്രം നിരന്തരം മാനസിക പീഡനങ്ങൾക്ക് വിധേയമായിപ്പോന്നിട്ടുള്ള ഖേംക, എന്നാൽ അതുകൊണ്ടൊന്നും താൻ രാജിവെച്ച് പോവുന്ന പ്രശ്നമില്ല എന്നും പറഞ്ഞിട്ടുണ്ട്. സിസ്റ്റത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ താൻ സിസ്റ്റത്തെ നന്നാക്കാനുള്ള പരിശ്രമങ്ങൾ തുടരും എന്ന് അദ്ദേഹം പറഞ്ഞു. നാലഞ്ച് ദിവസം മാത്രം നീണ്ടുനിന്ന ഏറ്റവും ചെറിയ പോസ്റ്റിംഗുകൾ മുതൽ ഒരു വർഷവും എട്ടുമാസവും നീണ്ടുനിന്ന ഏറ്റവും ദീർഘമായ പോസ്റ്റിങ്ങ് വരെ ഖേംകയുടെ കരിയറിന്റെ ഭാഗമാണ്. ഒരു പക്ഷേ, ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ ഏറ്റവുമധികം തവണ സ്ഥലം മാറ്റപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനും അശോക് ഖേംക തന്നെയാകും.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ എന്നും ഭരിക്കുന്ന കക്ഷിയുമായുള്ള അവരുടെ ബന്ധത്തതിന്റെ ഇഴയടുപ്പത്തിന് അനുസരിച്ചിരിക്കും. മന്ത്രിമാർക്ക് വിധേയരായി നിൽക്കുന്നവർക്ക് അവർക്കിഷ്ടമുള്ള ഡിപ്പാർട്ടുമെന്റുകളിൽ ആജീവനാന്തം തുടരാം. എന്നാൽ, അശോക് ഖേംകയെപ്പോലെ സത്യസന്ധരായ പ്രവർത്തിക്കുന്നവരെത്തേടി, 'ഭരണസൗകര്യാനുസൃതമുള്ള' സ്ഥലംമാറ്റങ്ങൾ (Transferred due to administrative reasons) വർഷത്തിൽ ഒന്നോ അതിലധികമോ പ്രാവശ്യം വന്നെത്തും.