ആദ്യം പിറന്ന കൊമ്പനാനയെ വൃത്തിയാക്കുന്നതിന് ഇടയിലായിരുന്നു പതിനെട്ട് മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

ബാങ്കോക്ക്: അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് നിരീക്ഷിക്കാവുന്ന ഒരു സംഭവത്തിനാണ് വെള്ളിയാഴ്ച തായ്ലാൻഡിലെ ആന പരിപാലന കേന്ദ്രം സാക്ഷിയായത്. 36കാരിയായ ചാംചുരിയെന്ന ആന ജൻമം നൽകിയിരിക്കുന്നത് ഇരട്ട കുഞ്ഞുങ്ങൾക്ക് എന്നതാണ് ഈ പ്രത്യേകത. ആനകളിൽ ഇരട്ട കുട്ടികൾ ഉണ്ടാവാനുള്ള സാധ്യത നൂറിൽ ഒന്ന് മാത്രമാണ് എന്നിരിക്കെയാണ് അയുതായ ആന പരിപാലന കേന്ദ്രത്തിലെ പിടിയാന രണ്ട് ആനക്കുട്ടികൾക്ക് ജന്മം നൽകിയത്. അതും ഒരു പിടിയാന, ഒരു കൊമ്പനും. 

ആദ്യം പിറന്ന കൊമ്പനാനയെ വൃത്തിയാക്കുന്നതിന് ഇടയിലായിരുന്നു പതിനെട്ട് മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ടാമത്തെ കുഞ്ഞ് പിറന്നത്. പരിസ്ഥിതിയുടെ അത്ഭുതമെന്നാണ് ആനപരിപാലന കേന്ദ്രം സംഭവത്തെ നിരീക്ഷിക്കുന്നത്. പെട്ടന്നുണ്ടായ സംഭവത്തിൽ തള്ളയാന രണ്ടാമത്തെ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആനപരിപാലന കേന്ദ്രം നടത്തിപ്പുകാർ കുട്ടിയാനയെ രക്ഷിക്കുകയായിരുന്നു. ഇതിന് മുൻപൊരിക്കലും ഇരട്ട കുഞ്ഞുങ്ങളെ കാണാത്തതിലുള്ള അമ്പരപ്പാകും തള്ളയാനയുടെ അപ്രതീക്ഷിത പെരുമാറ്റത്തിന് കാരണമെന്നാണ് ആന പരിപാലന കേന്ദ്രം നടത്തിപ്പുകാർ വിശദമാക്കുന്നത്. 80ഉം 60 കിലോ വീതം ഭാരമാണ് ഇരട്ടകൾക്കുള്ളത്. 

ആനകൾക്കിടയിൽ ഇരട്ടകൾ ഉണ്ടാവുന്നതിനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. വലുപ്പത്തിൽ ഇത്തിരി ചെറുതായ പിടിയാന കുഞ്ഞിന് സിറിഞ്ചിലാണ് പാൽ നൽകുന്നത്. അടുത്ത ഏതാനും ആഴ്ചകൾ ഇത്തരത്തിൽ പരിപാലനം തുടരുമെന്നാണ് അയുതായ അധികൃതർ വിശദമാക്കുന്നത്. അമ്മയുടെ പാൽ സ്വയം കുടിക്കാൻ ആവുന്നത് വരെയും ഈ രീതിയിൽ പാൽ നൽകണമെന്നാണ് അയുതായ അധികൃതരോട് വെറ്റിനറി വിദഗ്ധരും വിശദമാക്കിയിട്ടുള്ളത്. എന്തായാലും അപൂർവ്വ ഇരട്ടകളെ കാണാൻ നിരവധി ആളുകളാണ് അയുതായയിലേക്ക് എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം