നിങ്ങൾ സൈബർ ലോകത്ത് ചെയ്യുന്നതെല്ലാം കുട്ടൻ പിള്ള കാണുന്നുണ്ട് എന്നുപറഞ്ഞുകൊണ്ടാണ് കേരള പൊലീസിന്റെ റോസ്റ്റിങ് വീഡിയോ എത്തിയത്. സ്വാഭാവികമായും വലിയ സൈബർ ആക്രമണങ്ങൾക്ക് സാധാരണക്കാരും പ്രശസ്‍തരായവരും  ഒരുപോലെ ഇരയാക്കപ്പെടുന്നൊരു കാലത്ത് അതിനെല്ലാമെതിരെ പൊലീസിന്റെ ഒരു വീഡിയോ പ്രതീക്ഷിച്ചവരെയെല്ലാം നിരാശയിലാക്കിക്കൊണ്ട് ആ റോസ്റ്റിങ് വീഡിയോ എത്തി. 'അങ്ങേയറ്റം സ്ത്രീവിരുദ്ധതയും ചളിയും നിറഞ്ഞ വീഡിയോ' എന്നായിരുന്നു യൂട്യൂബിൽ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്‍റ്. വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെ പരിപാടി നിർത്തിവയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിടുകയും ചെയ്‍തു.

 

പക്ഷേ, നിർത്തിവെക്കപ്പെടുന്നതോടെ പരിഹരിക്കപ്പെടുന്ന ഒരു നിസാര പ്രശ്നമല്ല ഇത്. അതെന്താണെന്ന് പറയും മുമ്പ് നമുക്ക് ചില കേസുകൾ നോക്കാം. ടിക് ടോക് വീഡിയോ ചെയ്‍തതിന്റെ പേരിൽ സൈബർ അക്രമണത്തിനിരയായ ഹനാൻ. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തനിക്കെതിരായ സൈബർ അക്രമണങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി നടി സജിത മഠത്തിൽ. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്റെ മാതൃസഹോദരി കൂടിയാണ് സജിത. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ സോഷ്യൽ മീഡിയയിൽ പലരും  വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് സജിത മഠത്തിൽ പറഞ്ഞത്. മറ്റൊന്ന് ഇക്കഴിഞ്ഞ ദിവസത്തെ വാർത്തയാണ്. മൊബൈൽ ഫോൺ പിടിച്ചു വച്ച അധ്യാപകനെതിരെ പരാതി നൽകിയ പെൺകുട്ടിക്കും വീട്ടുകാർക്കുമെതിരെ സൈബർ ആക്രമണം. ഇതിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഇതെല്ലാം വലിയ പട്ടികയിലെ തീരെ ചെറിയ സംഭവങ്ങളാണ്.  

ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നേരിടുന്നവരുടെ എണ്ണം കണക്കാക്കാവുന്നതിലും അധികമാണ്. കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിൽ സൈബർ ആക്രമണങ്ങൾ വളരെ അധികം വർധിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതിൽത്തന്നെ ഏറ്റവും കൂടുതൽ സൈബർ അക്രമണങ്ങൾ നടന്നത് കേരളത്തിലാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്തിരുന്നു. ഇതുപോലൊരു സാഹചര്യത്തിൽ നിന്നുകൊണ്ടാണ് കേരള പൊലീസിന്റെ റോസ്റ്റിങ് വീഡിയോയെ കാണേണ്ടത്. ടിക് ടോക്ക് എന്നത് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. എല്ലാവർക്കും മോഹൻലാലും മഞ്ജു വാര്യരും ആകാൻ പറ്റാത്ത വലിയ ലോകത്ത് നിന്നുകൊണ്ട് ചിലർ  സ്വന്തം ഇഷ്ടങ്ങളും സ്വന്തം കഴിവുകളും താല്പര്യങ്ങളുമൊക്കെ  പ്രകടിപ്പിക്കുന്ന ഒരിടം. 'അവരെന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ നിങ്ങളാരാണ് പൊലീസേ' എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്... ഡാൻസായാലും പാട്ടായാലും ഡയലോഗായാലും അത് വ്യക്തികളുടെ താല്പര്യമാണ്. 

മികച്ച ടിക് ടോക്ക് വീഡിയോകൾ എങ്ങനെ ചെയ്യാം എന്ന് പഠിപ്പിക്കലാണോ ഇക്കാലത്തെ പൊലീസിന്റെ ജോലി എന്നും വിമർശനങ്ങളും ഉയരുന്നുണ്ട്. ടിക്ക് ടോക്കിൽ സജീവമായ  ധന്യ എന്ന പെൺകുട്ടി ദിവസങ്ങളായി വലിയ സൈബർ ആക്രമണങ്ങൾ നേരിടുന്നത് നമ്മൾ കാണുന്നതാണ്. ഹെലൻ ഓഫ് സ്പാർട്ട എന്ന തന്റെ ടിക്ടോക്ക് അക്കൗണ്ട് വഴി അവളാരെയും ഫോളോ ചെയ്യുന്നില്ല, മുടി അഴിച്ചിട്ട വീഡിയോ ചെയ്യുന്നു. തന്നോട് മോശമായി സംസാരിക്കുന്നവരോട് അതേ ഭാഷയിൽ മറുപടി പറയുന്നു. ഇതെല്ലാമാണ് ധന്യക്ക് നേരെയുള്ള അക്രമണത്തിന്റെ പ്രധാന കാരണങ്ങളെന്ന് ശ്രദ്ധിച്ചാൽ മനസിലാകും. ഒരു പെൺകുട്ടിക്ക് ഇത്ര ധൈര്യമോ എന്നത് തന്നെയാണ് പ്രശ്‍നം. അതേ ധന്യയെ പൊലീസും വെറുതെ വിടുന്നില്ല. സദാചാരം പഠിപ്പിക്കൽ ഇവിടത്തെ പല ആളുകളും കാലങ്ങളായി ചെയ്‍തുവരുന്നുണ്ട്. അതിനിനി കേരള പോലീസിന്റെ സഹായം കൂടി വേണ്ടിവരില്ല. സൈബർ ബുള്ളിയിങ് പൊലീസ് ചെയ്‍താലും അത് തെറ്റ് തന്നെയാണ്... അതിൽ പിസി കുട്ടൻപിള്ളയ്ക്കും ഇളവില്ല.