Asianet News MalayalamAsianet News Malayalam

163 കോടി വിലവരുന്ന മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി!

മയക്കുമരുന്നിന് അടിമകളായവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ മൂന്ന് തലത്തിലുള്ള കർമപദ്ധതി ബിശ്വ അധികാരമേറ്റ ശേഷം മുന്നോട്ട് വച്ചിരുന്നു. 

Assam CM burns huge amount of drugs
Author
Assam, First Published Jul 20, 2021, 2:15 PM IST

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അധികാരത്തിൽ കയറിയ അന്നുമുതൽ മയക്ക് മരുന്നിനെതിരെയുള്ള കഠിനമായ പോരാട്ടത്തിലാണ്. മയക്ക് മരുന്ന് മാഫിയകൾക്ക് നേരെയുള്ള ഒരു മുന്നറിയിപ്പെന്നോണം കഴിഞ്ഞ ദിവസം അനധികൃതമായി പിടിച്ചെടുത്ത 163 കോടി രൂപയുടെ മയക്കുമരുന്ന് അദ്ദേഹം കത്തിച്ചു കളഞ്ഞു. മധ്യ അസമിലെ ദിഫു, ഗോലഘട്ട്, ബർഹാംപൂർ, ഹജോയ് എന്നിവിടങ്ങളിലാണ് ലഹരി വിരുദ്ധ പ്രചാരത്തിന്റെ ഭാഗമായി പിടിച്ചെടുത്ത അനധികൃത ലഹരി വസ്തുക്കൾ അദ്ദേഹം തന്നെ കൂട്ടിയിട്ട് കത്തിച്ചത്. “അനധികൃത മയക്കുമരുന്ന് വ്യാപാരം ഒരു പകർച്ചവ്യാധിയാണ്. അതിൽ ഉൾപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. ഇത് യുവാക്കളെ ബാധിക്കുന്നു, അവരുടെ കുടുംബങ്ങളെ നശിപ്പിക്കുന്നു, മറ്റ് പല സാമൂഹിക അസ്വാസ്ഥ്യങ്ങൾക്കും കാരണമാകുന്നു" അദ്ദേഹം പറഞ്ഞു.  

ഗോലഘട്ടിൽ 1.02 കിലോ ഹെറോയിൻ, 1,200 കിലോഗ്രാം ഗഞ്ച, 3 കിലോ കറുപ്പ്, 200,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവയാണ്  മുഖ്യമന്ത്രി കത്തിച്ചു വെണ്ണീറാക്കിയത്. ദിഫുവിൽ 11.88 കിലോഗ്രാം മോർഫിൻ, 2.89 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 3.47 കിലോ ഹെറോയിൻ, 102.91 കിലോഗ്രാം കഞ്ചാവ് എന്നിവയും അദ്ദേഹം നശിപ്പിച്ചു. മയക്കുമരുന്ന് കടത്തുകാരെയും വ്യാപാരികളെയും നേരിടാൻ പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും സമൂഹത്തിൽ മയക്കുമരുന്ന് ഭീഷണി ഇല്ലാതാക്കാൻ അവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടതായും ബിശ്വ ശനിയാഴ്ച പറഞ്ഞിരുന്നു. ഗോലാഘട്ടിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു, “മയക്കുമരുന്ന് വ്യാപാരികൾക്ക് വ്യക്തമായ സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കുറ്റകൃത്യത്തിനെതിരെ നിയമം അനുവദിക്കുന്ന കർശനമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ ഞാൻ പോലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.”

മെയ് 10 -നും ജൂലൈ 15 -നും ഇടയിൽ സംസ്ഥാന പൊലീസ് നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്‌ (എൻ‌ഡി‌പി‌എസ്) നിയമപ്രകാരം 874 കേസുകൾ രജിസ്റ്റർ ചെയ്യുകയും സംസ്ഥാനത്തൊട്ടാകെ 1,493 മയക്കുമരുന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്യുകയും ഏകദേശം 163 കോടി രൂപയുടെ മയക്ക് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. മയക്കുമരുന്നിന് അടിമകളായവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ മൂന്ന് തലത്തിലുള്ള കർമപദ്ധതി ബിശ്വ അധികാരമേറ്റ ശേഷം മുന്നോട്ട് വച്ചിരുന്നു. 

അതിൽ ആദ്യ നടപടി സംസ്ഥാനത്ത്  മയക്കുമരുന്ന് വിതരണം അവസാനിപ്പിക്കുക എന്നതും, രണ്ടാമത്തേത് അതിന്റെ കൈമാറ്റം അവസാനിപ്പിക്കുക എന്നതും, മൂന്നാമത്തേത് ഇരയായവരെ പുനരധിവസിപ്പിക്കുക എന്നതുമാണ്. മെയ് മാസത്തിൽ അദ്ദേഹം അധികാരമേറ്റതിനുശേഷം, കുറഞ്ഞത് 23 പേർക്കെങ്കിലും പൊലീസ് കസ്റ്റഡിയിൽ വച്ച് വെടിയേറ്റു, അതിൽ അഞ്ച് പേർ മരണപ്പെടുകയും ചെയ്തു. കസ്റ്റഡിയിൽ മയക്കുമരുന്ന് കടത്തുകാർ മാത്രമല്ല, കന്നുകാലി കടത്തുകാർ, കൊള്ളക്കാർ എന്നിവരും ഉൾപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios