ആതിഷ് തസീർ, ടൈം മാസിക -യിലെ ഒരു കോൺട്രിബ്യൂട്ടറാണ്. തന്റെ എഴുത്തുകളുടെ പേരിൽ എന്നും വിവാദങ്ങൾ ആതിഷിനെ പിന്തുടർന്നിട്ടുണ്ട്. പാകിസ്താനി ലിബറൽ രാഷ്ട്രീയ നേതാവായിരുന്ന സൽമാൻ തസീറിനും ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള നിരവധി പത്രങ്ങളുടെ കറസ്‌പോണ്ടന്റ് ആയിരുന്ന തവ്‌ലീൻ സിങ്ങിനും  ജനിച്ച ആതിഷ് തസീർ അമ്മയുടെ വഴിയേ പത്രപ്രവർത്തനത്തിലേക്കിറങ്ങുകയായിരുന്നു. 

2011 ജനുവരിയിൽ അച്ഛൻ സൽമാൻ പാകിസ്‌താനിൽ വെച്ച് കൊല്ലപ്പെട്ടപ്പോഴാണ് ആദ്യമായി ആതിഷ് ഒരു വിവാദലേഖനം എഴുതുന്നത്. അത് പാകിസ്താനിലെ രാഷ്ട്രീയത്തിന്റെ ദുരവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു. ഒസാമാ ബിൻ ലാദനെ അമേരിക്ക വധിച്ചയിടെ, 'പാകിസ്ഥാൻസ് റോഗ് ആർമി റൺസ് എ ഷാറ്റേർഡ് സ്റ്റേറ്റ് ' എന്നപേരിൽ മറ്റൊരു പാക് വിമർശന ലേഖനം എഴുതി. അതേ വർഷം വാൾസ്ട്രീറ്റ് ജേർണലിൽ 
'എന്റെ അച്ഛൻ ഇന്ത്യയെ വെറുക്കാനുള്ള കാരണം' എന്ന തലക്കെട്ടോടെ പ്രസിദ്ധപ്പെടുത്തിയ  ലേഖനവും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. 

പാക് പത്രപ്രവർത്തകൻ ഇജാസ് ഹൈദറും ശശി തരൂർ എംപിയും തമ്മിൽ പൊട്ടിപ്പുറപ്പെട്ട ഒരു ഓൺലൈൻ പോരിനും കാരണം ആതിഷ് തന്നെയായിരുന്നു. പാകിസ്താനി അച്ഛനും ഇന്ത്യക്കാരി അമ്മയ്ക്കും പിറന്ന ആതിഷ് 'സ്വത്വ[പ്രതിസന്ധി' നേരിടുന്നതാണ് എഴുത്തിലെ വിവാദത്വരയ്ക്ക് പിന്നിൽ എന്നായിരുന്നു ഇജാസ് ഹൈദറിന്റെ ആക്ഷേപം. എന്നാൽ, ആ ചെറുപ്പക്കാരന്റെ എഴുത്ത് ഏറെ ആത്മാർത്ഥമാണെന്ന് പറഞ്ഞ ശശി തരൂർ അന്ന് ആതിഷ് തസീറിന് പിന്തുണയുമായി എത്തുകയായിരുന്നു. 

2019 മെയ് മാസത്തിൽ, ടൈം മാസികയിൽ 'ഇന്ത്യക്ക് ഇനി ഒരഞ്ചുവർഷം കൂടി മോദിയുടെ ഭരണം താങ്ങാനുള്ള കെല്പുണ്ടോ?' എന്ന തലക്കെട്ടിൽ  താൻ  എഴുതിയ ലേഖനമാണ് ഇന്ന് തന്റെ 'OCI സ്റ്റാറ്റസ്' നീക്കിക്കൊണ്ടുള്ള നടപടിക്ക് പിന്നിലുള്ള പ്രകോപനമെന്ന് ആതിഷ് കരുതുന്നു. ആ ലേഖനം പ്രസിദ്ധപ്പെടുത്തി വന്ന മാസികയുടെ കവർ ചിത്രമായി മോദിയുടെ ഒരു കാരിക്കേച്ചറായിരുന്നു. അതിനോടൊപ്പം കൊടുത്തിരുന്ന ലേഖനത്തിന്റെ തലക്കെട്ട് 'India's Divider In Chief' എന്നതായിരുന്നു. അതും ഏറെ പ്രകോപനങ്ങൾ സൃഷ്ടിച്ചു. ആതിഷിനു നേരെ സാമൂഹ്യമാധ്യമങ്ങളിൽ ബിജെപി അനുകൂല സംഘടനകളും പ്രവർത്തകരും കൂട്ടആക്രമണം അഴിച്ചുവിട്ടു. 
 

'ആതിഷ് തസീറിന്റെ ലേഖനം വന്ന ടൈം മാസികയുടെ ലക്കം' 

ലേഖനം പ്രസിദ്ധപ്പെടുത്തി വന്ന അന്നുതൊട്ടേ താൻ ഇങ്ങനെ ഒരു പ്രതികാര നടപടി പ്രതീക്ഷിച്ചിരുന്നു എന്ന് ആതിഷിൻറെ അമ്മ തവ്‌ലീൻ എഴുതി. നരേന്ദ്ര മോദി ഒരുവട്ടം കൂടി അധികാരത്തിലേറും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനാല്‍, ആ ലേഖനം അസമയത്തായിപ്പോയി എന്നും അതിനുള്ളിലെ പരാമർശങ്ങളിൽ ചിലതെങ്കിലും വളച്ചൊടിക്കപ്പെട്ടതാണെന്നും അന്നുതന്നെ മകനോട് പറഞ്ഞിരുന്നു - തവ്‍ലീൻ പ്രതികരിച്ചു. എന്നാൽ, മകന്റെ ഓവർസീസ് സിറ്റിസൺ സ്റ്റാറ്റസ് എടുത്തുകളയാൻ പറഞ്ഞ കാരണം മാത്രം ബാലിശമായിപ്പോയി എന്ന് അവർ സൂചിപ്പിച്ചു. 


 സൽമാൻ തസീർ, തവ്‌ലീൻ സിങ്ങ് 

യുകെയിൽ വെച്ച് വിവാഹിതരായ തവ്‌ലീനും സൽമാൻ തസീറും ആതിഷ് ജനിച്ച് അധികനാൾ പിന്നിടും മുമ്പ് തമ്മിൽ വേർപിരിഞ്ഞിരുന്നു. പിന്നീട് തന്നോടോ മകനോടോ കാര്യമായ ഒരു ബന്ധവും ഒടുവിൽ പാകിസ്ഥാനിൽ വെച്ച് കൊല്ലപ്പെടും വരെയും സൽമാനുണ്ടായിരുന്നില്ല എന്ന് തവ്‌ലീൻ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, ആതിഷിന്റെ രേഖകളിൽ സാങ്കേതികമായ ഒരു സാന്നിധ്യം എന്ന പ്രസക്തി മാത്രമേ, സൽമാനുള്ളൂ എന്നും അവർ പറയുന്നു. ആതിഷിന് ഒസിഐ കാർഡ് എടുത്ത സമയത്ത് ആരും തന്നോട് അവന്റെ അച്ഛൻ പാകിസ്ഥാനിയാണോ അല്ലയോ എന്നൊന്നും ചോദിച്ചിരുന്നില്ലെന്നും, ഇന്നത് പ്രശ്നമാക്കി ഉയർത്തിക്കൊണ്ട് വരുന്നത് മകൻ മോദിയെ വിമർശിച്ചുകൊണ്ടെഴുതിയ ലേഖനത്തോടുള്ള പ്രതികാര നടപടിയാണെന്നും തവ്‌ലീൻ പറയുന്നുണ്ട്. 

അവിഭക്ത ഇന്ത്യയിൽ ബ്രിട്ടീഷുകാരിയായ അമ്മയ്ക്കും, ഇന്ത്യക്കാരനായ അച്ഛനും പിറന്നതാണ് ആതിഷിന്റെ അച്ഛൻ സൽമാൻ തസീർ. എന്നാൽ, വിഭജനാന്തരം സൽമാന്റെ അച്ഛൻ പാകിസ്ഥാനിൽ തുടരാൻ തീരുമാനിച്ചു. ലേഖനം പുറത്തുവന്ന് ഇരുപത്തിനാലുമണിക്കൂറിനകം സംബിത് പാത്ര എന്ന ബിജെപി പ്രതിനിധി ലേഖനത്തിലെ പരാമർശങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, അതെഴുതിയത് ഒരു പാകിസ്താനിയാണെന്നും, പാകിസ്താനികളിൽ നിന്ന് ഇതിൽക്കൂടുതൽ എന്തുപ്രതീക്ഷിക്കണം എന്നും പറയുകയാണുണ്ടായത് എന്ന് ടൈം മാസികയിൽ ഈ നടപടിക്ക് ശേഷം എഴുതിയ ലേഖനത്തിൽ ആതിഷ് തസീർ എഴുതി. സാദത്ത് ഹസൻ മൻതോയുടെ ചെറുകഥകളുടെ പരിഭാഷയടക്കം നിരവധി നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുള്ള അറിയപ്പെടുന്ന ഒരു സാഹിത്യകാരൻ കൂടിയാണ് ആതിഷ് തസീർ. ഇത്രയും കാലം അമേരിക്കയിൽ കഴിഞ്ഞിരുന്നപ്പോൾ അനുഭവപ്പെട്ടിരുന്നില്ലാത്ത ഒരു തോന്നൽ ഇപ്പോൾ ഉള്ളിൽ ശക്തമാണെന്ന് ആതിഷ് തന്റെ ലേഖനത്തിൽ കുറിച്ചു, സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നതാണ് എന്ന തോന്നൽ.