സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ആറ്റിങ്ങൽ കലാപം.
അലയടിക്കുന്ന അറബിക്കടൽ. കേരളത്തിന്റെ തെക്കൻ തീരത്തെ അഞ്ചുതെങ്ങ് എന്ന ഗ്രാമം. അവിടെ വിശാലമായ ഒരു കോട്ട. കാലം പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം. ബോംബെ കഴിഞ്ഞാൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായിരുന്നു തിരുവനന്തപുരത്തെ തീരദേശമായ അഞ്ചുതെങ്ങ് കോട്ട. ഇംഗ്ലീഷുകാർ സ്വന്തം രാഷ്ട്രീയ മേധാവിത്തം സ്ഥാപിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് കച്ചവടതാൽപ്പര്യങ്ങൾ മാത്രം പുലർത്തിയ കാലം.
ഇംഗ്ലീഷുകാർക്ക് കോട്ട പണിയാനുള്ള അനുമതിയും കുരുമുളകുവ്യാപാരത്തിന്റെ കുത്തകയും നൽകിയത് ആറ്റിങ്ങൽ റാണി. പ്രദേശത്താകെ അധികാരത്തിലും വ്യാപാരത്തിലും ക്രമാതീതമായി വളർന്ന ഡച്ചുകാർക്ക് ഒരു ആഘാതമേല്പിക്കുകയായിരുന്നു റാണിയുടെ ലക്ഷ്യം. പക്ഷെ, അഞ്ചുതെങ്ങ് കോട്ട കേന്ദ്രീകരിച്ച് കമ്പനി നടത്തിയത് കൊടിയ അഴിമതിയും അമിതാധികാരവും നാട്ടുകാർക്കെതിരെ അഴിച്ചുവിട്ട കടന്നാക്രമണവും. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ കമ്പനി ഉദ്യോഗസ്ഥരുടെ അവഹേളനത്തിന് പാത്രമായി. സഹികെട്ട നാട്ടുകാർ ഒരു തിരിച്ചടിക്കായി തക്കം പാർത്തിരുന്നു. മാടമ്പിമാരായ എട്ടുവീട്ടിൽ പിള്ളമാർ നാട്ടുകാരെ സംഘടിപ്പിച്ചു.
1721 ഏപ്രിൽ 14. ആറ്റിങ്ങൽ റാണിക്കുള്ള ഉപഹാരങ്ങളും കപ്പവുമായി കമ്പനി മേധാവി ഗൈഫോർഡ് 140 സൈനികരും 30 അടിമകളുമായി വാമനപുരം പുഴയിലൂടെ വഞ്ചികളിൽ ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് നീങ്ങി. കൊട്ടാരത്തിനുള്ളിൽ കടന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥരെയും കൂട്ടരെയും കാത്തിരുന്നത് ഒരു വമ്പൻ മിന്നലാക്രമണം. ഒന്നൊഴിയാതെ കമ്പനിപ്പടയിലെല്ലാവരും കൊല്ലപ്പെട്ടു. ഇവരുടെ ശവശരീരങ്ങൾ വീണ് വാമനപുരം ആറ് ചുവന്നു. നാട്ടുകാരെ അവഹേളിച്ച ഗൈഫോർഡ് സായിപ്പിന്റെ നാവു പിഴുത് അവർ പുഴയിലെറിഞ്ഞു. അധികം വൈകാതെ അഞ്ചുതെങ്ങ് കോട്ടയും നാട്ടുകാർ ആക്രമിച്ചു കീഴടക്കി.
കമ്പനി ഇന്ത്യയിൽ രാഷ്ട്രീയാധികാരം സ്ഥാപിച്ച കൽക്കത്തയിലെ പ്ലാസി യുദ്ധത്തിന് 36 വർഷം മുമ്പായിരുന്നു ഇത്. ഒന്നാം സ്വാതന്ത്ര്യസമരത്തിനു 136 വർഷം മുമ്പ്. അതിസാധാരണക്കാരായ ജനത ഒന്നിച്ചുനിന്ന് അതിശക്തരായ ഇംഗ്‌ളീഷുകാരുടെ മുട്ട് മടക്കിച്ച ആദ്യത്തെ സ്വാതന്ത്ര്യസമരത്തിനു മലയാളദേശം അരങ്ങായ ചരിത്രമുഹൂർത്തം.
