Asianet News MalayalamAsianet News Malayalam

മകന് സെറിബ്രൽ പാൾസി, ഇന്ത്യൻ കുടുംബത്തിന് പൗരത്വം നിഷേധിച്ച് ഓസ്ട്രേലിയ

മെൽബണിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു സ്പെഷ്യൽ സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു കയാൻ. ഒപ്പം അവന്റെ സംഭാഷണത്തിലും മറ്റും നല്ല പുരോഗതിയുണ്ടായതായും അവർ പറയുന്നു. 

Australian the government wants to deport this family because of cerebral palsy of the child
Author
Australia, First Published Mar 23, 2021, 12:45 PM IST

ഒരു ഇന്ത്യൻ കുടുംബത്തെ നാടുകടത്താനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാർ. അതിന് കാരണമായതോ അവരുടെ കുട്ടി ഭിന്നശേഷിക്കാരനാണ് എന്നതും. ഒരു ദശാബ്ദത്തോളമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ആ ഇന്ത്യൻ കുടുംബത്തിന് ഇപ്പോൾ പൗരത്വം ലഭിക്കാറായപ്പോൾ കുടിയൊഴിപ്പിക്കൽ നേരിടേണ്ടി വരികയാണ്. അവരുടെ മകൻ സെറിബ്രൽ പാൾസിയോടെ ജനിച്ചതു കൊണ്ടും, അവിടത്തെ പൗരനല്ലാത്തതുകൊണ്ടും സർക്കാർ അവരെ രാജ്യത്ത് നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയാണ്.  

പാചകം പഠിക്കാനായി 12 വർഷം മുമ്പാണ് ഇന്ത്യയിൽ നിന്ന് വരുൺ കത്യാൽ ഓസ്ട്രേലിയയിലെത്തിയത്. അതിനുശേഷം ഒരു റെസ്റ്റോറന്റിൽ പാചകക്കാരനായിരുന്നു അദ്ദേഹം. വിവാഹിതരായശേഷം എട്ട് വർഷം മുമ്പ് പ്രിയങ്കയും ഇവിടേയ്ക്ക് താമസം മാറ്റി. ആ ദമ്പതികൾ നികുതി അടയ്ക്കുകയും ക്രിമിനൽ ചെക്കുകൾ പാസാക്കുകയും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതെല്ലാം പാലിക്കുകയും ചെയ്തു പോന്നു.  
സ്ഥിരമായ റെസിഡൻസി ലഭിക്കാനുള്ള പാതയിലായിരുന്നു അവർ, ഒരു റെസ്റ്റോറന്റ് തുറക്കാനുള്ള ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ, അവരുടെ മകൻ കയാൻ ഡ്യൂ ഡേറ്റിന് 32 ആഴ്ച മുൻപ് സെറിബ്രൽ പാൾസിയുമായി ജനിച്ചതോടെ ജീവിതം ഒരു പുതിയ ദിശയിലേക്ക് തിരിഞ്ഞു. ഓസ്‌ട്രേലിയയുടെ മൈഗ്രേഷൻ ആക്റ്റ് പ്രകാരം, അത് അതൊരു വലിയ പ്രശ്‌നമായിരുന്നു.    

കുടുംബത്തിന് കുടിയൊഴിപ്പിക്കൽ നേരിടാനുള്ള ഒരേയൊരു കാരണം കയാന്റെ സെറിബ്രൽ പാൾസി ആണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം അയച്ച വിസക്കുള്ള അപേക്ഷ വകുപ്പ് നിരസിച്ചു. കയാൻ രാജ്യത്ത് തുടർന്നാൽ 10 വർഷത്തിനിടെ നികുതിദായകർക്ക് 1.23 ദശലക്ഷം ഡോളർ ചിലവ് വരുമെന്നും, ഇത് “ആരോഗ്യ പരിരക്ഷ കൂടാതെ കമ്മ്യൂണിറ്റി സേവന മേഖലകളിൽ ഓസ്ട്രേലിയൻ സമൂഹത്തിന് ഗണ്യമായ, അനാവശ്യമായ ചിലവ് ഉണ്ടാക്കുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ പറഞ്ഞതായി മാധ്യമ സ്ഥാപനമായ എബിസി ന്യൂസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.  

മെൽബണിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു സ്പെഷ്യൽ സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു കയാൻ. ഒപ്പം അവന്റെ സംഭാഷണത്തിലും മറ്റും നല്ല പുരോഗതിയുണ്ടായതായും അവർ പറയുന്നു. എന്നാൽ, നാട്ടിൽ പോയാൽ മകന്റെ ഭാവി എന്താകുമെന്ന് മാതാപിതാക്കൾ ആശങ്കപ്പെടുന്നു. അതുപോലെ തന്നെ 19 വയസ്സുള്ളപ്പോൾ ഇവിടെ വന്ന വരുണിന് ഇന്ത്യയിൽ ഇനി ഒരു ജോലി ലഭിക്കുമോ എന്നും അറിയില്ല. "എന്റെ മകന്റെ അവസ്ഥയെ അടിസ്ഥാനമാക്കി ഞങ്ങളുടെ വിസ നിരസിക്കരുത്" അദ്ദേഹം ഇമിഗ്രേഷൻ വകുപ്പിനോട് പറഞ്ഞു. 12 വർഷമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന കയാന്റെ പിതാവ് വരുൺ, തങ്ങൾ എല്ലാം ശരിയായിട്ടാണ്  ചെയ്യുന്നതെന്നും സർക്കാർ ഏർപ്പെടുത്തിയ എല്ലാ നിയമങ്ങളും പാലിക്കുന്നുവെന്നും രാജ്യത്ത് നികുതി അടയ്ക്കുന്നുവെന്നും എന്നിട്ടും അവരുടെ മകനെ നാട്ടിൽ നിന്ന് പുറത്താക്കുന്നുവെന്നും ഖേദിച്ചു.      

ഓസ്‌ട്രേലിയയിലെ നിയമനിർമ്മാണത്തിന്റെ ചുരുക്കം ചില പാളിച്ചകളിലൊന്നാണ് മൈഗ്രേഷൻ ആക്റ്റ്. രാജ്യത്തെ ഈ സമീപനം കാരണം എത്ര കുട്ടികൾക്ക് ഇതുപോലെ രാജ്യം വിട്ടു പോകേണ്ടി വന്നുവെന്നതിനെ കുറിച്ച് കൃത്യമായ ഡാറ്റ ലഭ്യമല്ല. എന്നാൽ, അഭിഭാഷക ഗ്രൂപ്പുകൾ പറയുന്നത് ഓരോ വർഷവും ഒരു ഡസനോളം കേസുകൾ ഇതുപോലെയുണ്ട് എന്നാണ്. ഈ കുടുംബങ്ങളുടെ പോരാട്ടങ്ങൾ ഓസ്‌ട്രേലിയക്കാർക്ക് അറിയില്ല.

ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഓസ്‌ട്രേലിയ ഡയറക്ടർ എലൈൻ പിയേഴ്സൺ ട്വിറ്ററിൽ റിപ്പോർട്ട് പങ്കുവെച്ചു, “ഇത് വളരെ ഹൃദയഭേദകമാണ്. ഓസ്‌ട്രേലിയൻ വംശജനായ കയാൻ കത്യാലിന് വൈകല്യമില്ലായിരുന്നുവെങ്കിൽ, ഇപ്പോൾ ഒരു ഓസ്‌ട്രേലിയൻ സ്ഥിര താമസക്കാരനായെന്നേ. പകരം അവൻ ഇപ്പോൾ നാടുകടത്തലിനെ അഭിമുഖീകരിക്കുകയാണ്.”

Welcoming disabaility -യുടെ സഹസ്ഥാപകനായ ജാൻ ഗോതാർഡ് 20 വർഷത്തിലേറെയായി ഈ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് പ്രചാരണം നടത്തുന്നു. ഭിന്നശേഷിക്കാർക്ക് വിസ അനുവദിക്കുന്നത് എളുപ്പമാക്കണമെന്ന് സർക്കാരിനെ 2010 -ൽ ഫെഡറൽ പാർലമെന്ററി ജോയിന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടും, കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ, ഇമിഗ്രേഷൻ ഫീസുകൾക്കായി 40,000 ഡോളറിൽ കൂടുതൽ കുടുംബം ചെലവഴിച്ചു കഴിഞ്ഞു. എന്നിട്ടും ഓസ്‌ട്രേലിയയിൽ ജീവിക്കാനും, ഭാവി കെട്ടിപ്പടുക്കാനുമുള്ള അവസരം അവർക്ക്  നിഷേധിക്കപ്പെടുകയാണ്. "ഒരു കുട്ടിയെ സഹായിക്കാതിരിക്കാൻ മാത്രം ഓസ്‌ട്രേലിയ ഇത്ര ദുർബലമാണോ എന്ന് ഞാൻ ചിന്തിച്ച് പോവുകയാണ്? " വരുൺ പറഞ്ഞു. അതേസമയം നിലവിലെ നിയമങ്ങൾ പ്രായോഗികവും സമതുലിതവുമാണെന്ന് ആഭ്യന്തര വകുപ്പിന്റെ വക്താവ് പറഞ്ഞു.

(ചിത്രം: പ്രതീകാത്മകം)


 

Follow Us:
Download App:
  • android
  • ios