Asianet News MalayalamAsianet News Malayalam

ഓക്സിജനും മരുന്നുമായി ഓട്ടോ ആംബുലൻസാക്കി മാറ്റി ഒരു ഡ്രൈവർ, കൊവിഡ് കാലത്തെ കാരുണ്യസ്‍പർശം...

ജാവേദിന്റെ ഭാര്യയും അദ്ദേഹത്തെ എല്ലാരീതിയിലും സഹായിക്കാൻ തയ്യാറാകുന്നു. തന്റെ സ്വർണലോക്കറ്റ് വിറ്റിട്ടാണ് ഭാര്യ അദ്ദേഹത്തിന് മരുന്നും മറ്റും വാങ്ങാൻ ആവശ്യമായ പണം നൽകിയത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അദ്ദേഹത്തിന് ദിവസവും 600 രൂപ ചെലവുണ്ട്. 

auto driver convert rickshaw into ambulance
Author
Bhopal, First Published May 3, 2021, 12:47 PM IST

കൊവിഡ് 19 രാജ്യത്തെ ഗുരുതരമായി ബാധിക്കുമ്പോൾ, ചില നല്ല മനുഷ്യർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി എല്ലാം മാറ്റിവച്ച് മുന്നോട്ട് വരുന്നു. ഈ ഇരുണ്ട സമയങ്ങളിൽ അവർ രക്ഷകരായി മാറുന്നു. അത്തരത്തിലൊരാളാണ് ഭോപ്പാലിൽ നിന്നുള്ള ഓട്ടോ ഡ്രൈവറായ ജാവേദ് ഖാൻ. കൊവിഡ് രോഗികൾക്ക് അദ്ദേഹം തന്റെ ഓട്ടോയിൽ സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നു. തന്റെ വാഹനം ആംബുലൻസാക്കി മാറ്റിയിരിക്കയാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ജാവേദ് കുറഞ്ഞത് 10 പേരെയെങ്കിലും ഇതുപോലെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.  

രണ്ടാമത്തെ കൊവിഡ് തരംഗത്തെ തുടർന്ന് ആളുകൾ ബുദ്ധിമുട്ടുന്നത് കണ്ട് സങ്കടപ്പെട്ട ജാവേദ് ഒരു പൗരനെന്ന നിലയിൽ മറ്റുള്ളവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും വീട്ടിൽ വെറുതെ ഇരിക്കാനാവില്ലെന്നും തിരിച്ചറിഞ്ഞു. തുടർന്ന്, കുടുംബത്തിന്റെ സമ്മതപ്രകാരം അദ്ദേഹം തന്റെ ഓട്ടോറിക്ഷയെ ഒരു മൊബൈൽ ആംബുലൻസാക്കി മാറ്റി. അതുകൂടാതെ രോഗികൾക്ക് അത്യാവശ്യമായ   ഓക്സിജൻ, സാനിറ്റൈസർ, മരുന്നുകൾ എന്നിവയും അദ്ദേഹം അതിൽ സൂക്ഷിച്ചു.  

"18 വർഷമായി ഞാൻ ഓട്ടോ ഓടിക്കുന്നു. എന്റെ കുടുംബത്തിൽ ആർക്കും ഇതുവരെ അസുഖം വന്നിട്ടില്ലെങ്കിലും, ഇത്രയേറെ ആളുകൾ മരിക്കുന്നത് എന്നെ വല്ലാതെ അസ്വസ്ഥതനാക്കി. എന്റെ പക്കലുള്ള കാര്യങ്ങൾ ഉപയോഗിച്ച് ഇതിനായി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ സാനിറ്റൈസർ, കുറച്ച് മരുന്നുകൾ, ഓക്സിജൻ സിലിണ്ടർ എന്നിവ വാങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, ആശുപത്രിയിൽ എത്താൻ 10 പേരെ ഞാൻ സഹായിച്ചിട്ടുണ്ട്” ജാവേദ് പറഞ്ഞു.

ജാവേദിന്റെ ഭാര്യയും അദ്ദേഹത്തെ എല്ലാരീതിയിലും സഹായിക്കാൻ തയ്യാറാകുന്നു. തന്റെ സ്വർണലോക്കറ്റ് വിറ്റിട്ടാണ് ഭാര്യ അദ്ദേഹത്തിന് മരുന്നും മറ്റും വാങ്ങാൻ ആവശ്യമായ പണം നൽകിയത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അദ്ദേഹത്തിന് ദിവസവും 600 രൂപ ചെലവുണ്ട്. പക്ഷേ, ഓക്സിജന്റെ ഉയർന്ന ഡിമാൻഡ് കാരണം സിലിണ്ടർ വീണ്ടും നിറയ്ക്കാൻ ചിലപ്പോൾ 4-5 മണിക്കൂർ കാത്തിരിക്കേണ്ടി വരും. എന്നാൽ, അദ്ദേഹം അതിനും തയ്യാറാണ്. കഷ്ടപ്പെടുന്ന രോഗികൾക്കായി തന്റെ മുഴുവൻ സമയവും അദ്ദേഹം മാറ്റിവയ്ക്കുന്നു. ഭോപ്പാലിലെ ഏത് പ്രദേശത്തുനിന്നും സഹായമാവശ്യമുള്ള ആർക്കും അദ്ദേഹത്തെ വിളിക്കാമെന്നും അദ്ദേഹം ഉടൻ അവിടെയെത്തുമെന്നും ജാവേദ് പറയുന്നു. സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ഗ്രൂപ്പുകൾക്ക് തന്റെ ഫോൺ നമ്പർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)


 

Follow Us:
Download App:
  • android
  • ios