Asianet News MalayalamAsianet News Malayalam

വറ്റാത്ത നന്മ: പ്രസവിച്ചയുടനെ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു, ആ കുഞ്ഞിന് 18 ദിവസം കാവലായ ഒരു ഓട്ടോ ഡ്രൈവര്‍

അന്നന്നത്തെ ഓട്ടം കൊണ്ട് വയറുനിറച്ചിരുന്ന ഒരു സാധാരണ ഓട്ടോ ഡ്രൈവർ മാത്രമായിരുന്നു ബാബു. ഉച്ചവരെയുള്ള ഓട്ടം കൊണ്ട് അയാൾക്ക് വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം കിട്ടുമായിരുന്നില്ല.

auto driver looks after new born baby for 18 days in bengaluru
Author
Bengaluru, First Published May 13, 2019, 11:38 AM IST

രാവിലെ പത്രമെടുത്ത് നിവർത്തിയാൽ എന്തൊക്കെ വാർത്തകളാ. രണ്ടാനച്ഛന്റെ മർദ്ദനമേറ്റ കുഞ്ഞു മരിക്കുന്നു. അമ്മ സ്വന്തം മക്കളെ കൊന്നുകളയുന്നു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് അച്ഛൻ സ്വന്തം മകനെ കൈക്കോട്ടിന്റെ തായ കൊണ്ട് അടിക്കുന്നു. ഈ ലോകത്ത് മനുഷ്യപ്പറ്റ് എന്നൊരു സാധനം അന്യം നിന്നു പോയി എന്ന് തോന്നും അല്ലേ..? എന്നാൽ ഇല്ല... ഈ ലോകത്ത്  സഹജീവികളോട് നിസ്വാർത്ഥമായ അനുകമ്പ കാത്തുസൂക്ഷിക്കുന്ന നല്ല മനുഷ്യർ അമ്പേ ഇല്ലാതായിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു 'നല്ല വാർത്ത' ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നും പുറത്തുവന്നിരിക്കുകയാണ്. 

കഴിഞ്ഞ മാസമാണ് ഈ വാർത്തയ്ക്കാധാരമായ സംഭവപരമ്പരയുടെ തുടക്കം. ഉച്ചയ്ക്ക് രണ്ടരമണിയോടെ ഊണുകഴിക്കാൻ വേണ്ടി വൈറ്റ്‌ഫീൽഡിലുള്ള തന്റെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു ബാബു രുദ്രപ്പ എന്ന ഓട്ടോഡ്രൈവർ. ആ യാത്രയ്ക്കിടെ ആലംബമറ്റ ഒരാളുടെ ജീവിതത്തിൽ മാലാഖയുടെ വേഷം കെട്ടാനും തനിയ്ക്ക് നിയോഗമുണ്ടാവും എന്ന് അയാൾ സ്വപ്നേപി കരുതിയിരുന്നില്ല. 

വീട്ടിലേക്കുള്ള വഴിയിൽ ഒരു ഇടുങ്ങിയ വഴിയിലൂടെ കടന്നു പോവുമ്പോഴാണ് വഴിയരികിൽ നിന്നും വല്ലാത്തൊരു നിലവിളിയൊച്ച ബാബുവിന്റെ ചെവിയിൽ വന്നുവീഴുന്നത്. അയാൾ വണ്ടി നിർത്തി. നോക്കിയപ്പോൾ അയാൾ കണ്ടത് പ്രസവമടുത്ത് വേദന സഹിയാഞ്ഞ് വഴിയരികിൽ വെറും നിലത്തിരുന്നുപോയ ഒരു നിറഗർഭിണിയെയാണ്. അതൊരു നാടോടി സ്ത്രീയായിരുന്നു. അവരെ സഹായിക്കാതിരിക്കാൻ അയാൾക്ക് മനസ്സുവന്നില്ല. 

ആ നിരാലംബയായ നാടോടി സ്ത്രീയിൽ നിന്നും തനിക്ക് മീറ്റർ ചാർജ്ജും ഹാഫ് റിട്ടേണും ഒന്നും കിട്ടില്ല എന്ന് ബാബുവിന് നന്നായി അറിയാമായിരുന്നു. എന്നിട്ടും അയാൾ അവരെ ആദ്യം തൊട്ടടുത്തുള്ള വൈദേഹി നഴ്‌സിങ്ങ് ഹോമിലേക്ക് എത്തിച്ചു. ഗർഭകാലത്ത് വേണ്ട പരിചരണങ്ങളൊന്നും കിട്ടാതിരുന്നതുകൊണ്ടാവാം, ആ സ്ത്രീയുടെ നില അല്പം ഗുരുതരമായിരുന്നു. വൈദേഹി നഴ്‌സിങ്ങ് ഹോമുകാർ അവരെ നേരെ സി വി രാമൻ ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്തു. ബാബു അവരെ അവിടെ നിന്നും ഡിസ്ചാർജ്ജ് ചെയ്തു നേരെ  സി വി രാമൻ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ അവർ അഡ്മിറ്റ് ചെയ്യാൻ തയ്യാറായി. 

എന്നാൽ അപ്പോഴാണ് അടുത്ത പ്രതിസന്ധി. ആശുപത്രിയിലെ നിയമങ്ങൾ പ്രകാരം ഏതെങ്കിലും ഒരു ബന്ധു ഫോം പൂരിപ്പിച്ചാൽ മാത്രമേ പ്രസവക്കേസുകൾ അവർ പരിഗണിക്കൂ. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാടോടിയുടെ ഗർഭത്തിന് എന്ത് ബന്ധുബലം..? അവരുടെ പ്രസവവേദനയാണെങ്കിൽ അനുനിമിഷം ഇരട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ഒടുവിൽ മറ്റൊരു വഴിയും കാണാഞ്ഞ് ബന്ധുക്കളെ തിരഞ്ഞുപോവുന്നതിനു പകരം തൽക്കാലത്തേക്ക് ആ യുവതിയുടെ ബന്ധുവേഷം കെട്ടാൻ തന്നെ ബാബു തീരുമാനിച്ചു. അയാൾ തന്നെ ആശുപത്രിയിലെ അഡ്മിഷൻ ഫോം പൂരിപ്പിച്ചുനൽകി. 

അന്നന്നത്തെ ഓട്ടം കൊണ്ട് വയറുനിറച്ചിരുന്ന ഒരു സാധാരണ ഓട്ടോ ഡ്രൈവർ മാത്രമായിരുന്നു ബാബു. ഉച്ചവരെയുള്ള ഓട്ടം കൊണ്ട് അയാൾക്ക് വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം കിട്ടുമായിരുന്നില്ല. പക്ഷേ, ആ യുവതിയെ അവിടത്തെ പേറ്റുമുറിയിൽ അങ്ങനെ ഉപേക്ഷിച്ചിട്ടുപോവാൻ അയാൾക്ക് മനസ്സുവന്നില്ല. ആ സ്ത്രീ ഒരു ചോരക്കുഞ്ഞിനെ പ്രസവിയ്ക്കും വരെ അയാൾ ലേബർ റൂമിനു പുറത്ത് കാത്തുനിന്നു. 

പെറ്റുവീണപ്പോഴാണ് ഡോക്ടർമാർ ഞെട്ടിപ്പിക്കുന്ന ആ വിവരമറിയുന്നത്. ആ യുവതിയുടേത് മാസം തികയാത്ത പ്രസവമായിരുന്നു. ആ കുഞ്ഞിന് സ്വന്തമായി ശ്വസിക്കാനുള്ള വളർച്ചയായിരുന്നില്ല. അത് ശ്വാസമെടുക്കാൻ നന്നേ പണിപ്പെട്ടുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഡോക്ടർമാർ യുവതിയുടെ ബന്ധുക്കളെ വിളിക്കാൻ ഡ്യൂട്ടി നഴ്‌സിനെ പറഞ്ഞുവിട്ടു. തൽക്കാലം ബന്ധുവിന്റെ റോൾ ബാബുവിനാണല്ലോ. അയാൾ ഡോക്ടർമാരുടെ മുന്നിലെത്തി.  "കുഞ്ഞിന് നല്ല ബ്രീത്തിങ്ങ് ട്രബിൾ ഉണ്ട്.. അടിയന്തരമായി NICU-യിൽ വെന്റിലേറ്ററിൽ കിടത്തണം. ഇവിടെ അതിനുള്ള സൗകര്യമില്ല. ബോറിങ്ങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിലേക്ക് ഉടനടി മാറ്റണം. നിങ്ങൾ പേഷ്യന്റിന്റെ ആരാണെന്നാ പറഞ്ഞത്...? " ഡോക്ടർമാർ ചോദിച്ചു. 

അയാൾ ആ യുവതിയുടെയോ, വളർച്ചയെത്താതെ പിറന്ന ആ കുഞ്ഞിന്റെയോ ആരുമല്ലായിരുന്നു. എന്നിട്ടും അയാൾ ആ കുഞ്ഞിനേയും കൊണ്ട് ഡോക്ടർമാർ പറഞ്ഞ ബോറിങ്ങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിലെത്തി, അവിടെ അഡ്മിറ്റ് ചെയ്തു. അവിടെയും തനിക്കറിയാതെ, തന്നെ അറിയാത്ത ആ പിഞ്ചു പെൺകുഞ്ഞിന്റെ ആത്മബന്ധുത്വം താത്കാലികമായി ബാബു ഏറ്റുവാങ്ങി. അവളെ  അവിടെ പ്രവേശിപ്പിക്കാൻ വേണ്ട അഡ്മിഷൻ ഫോറങ്ങൾ പൂരിപ്പിച്ച്, ഉത്തരവാദിത്തങ്ങൾ ഒപ്പിട്ടുനൽകി. 

അപ്പോഴേക്കും നേരം വെളുത്തിരുന്നു. അമ്മയും കുഞ്ഞും ഏറെക്കുറെ സുരക്ഷിതരായി എന്ന് ബോധ്യപ്പെട്ടപ്പോൾ ബാബു തന്റെ വീട്ടിലേക്കു പോയി. വീട്ടിൽ ചെന്ന് ഒന്നു കുളിച്ച് മുഷിഞ്ഞ വസ്ത്രങ്ങളും മാറി, വിശ്രമിക്കാനൊന്നും നിൽക്കാതെ ബാബു നേരെ പോയത് കുഞ്ഞിന്റെ അമ്മയെ വിട്ടുപോന്ന സി വി രാമൻ ആശുപത്രിയിലെ പ്രസവവാർഡിലേക്കാണ്. അവിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് അയാളെ കാത്തിരിപ്പുണ്ടായിരുന്നു. പ്രസവിച്ച ചൂടുമാറും മുമ്പേ, തന്നെ ആശുപത്രിയിലെത്തിച്ച ബാബുവിനോട് ഒരു നോട്ടം കൊണ്ട് പോലും നന്ദിയറിയിക്കാൻ കാത്തുനിൽക്കാതെ,  ആ സ്ത്രീ അവിടെ നിന്നും കടന്നു കളഞ്ഞിരിക്കുന്നു. 

തന്റെ കുഞ്ഞിനേയും വേണ്ടെന്നുവെച്ചിട്ടാണ് അവർ പോയത്. ബാബുവിന് തന്റെ ഭൂതദയ വേണമെങ്കിൽ ആ നിമിഷം അവിടെ വെച്ച് അവസാനിപ്പിക്കാമായിരുന്നു. അയാൾക്ക് അതിനും മനസ്സുവന്നില്ല. ചില മനുഷ്യർ അങ്ങനെയാണ്. നന്ദികേടിനു മുന്നിലും വറ്റാതെ നിൽക്കുന്ന ഒന്നാണ് അവരുടെ സ്നേഹം. സി വി രാമൻ ആശുപത്രിയിലെ ബില്ല് അടച്ചുതീർത്ത് അയാൾ നേരെ പോയത്  ബോറിങ്ങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിലേക്കാണ്. 

നിങ്ങളാരും ചിലപ്പോൾ ഇത് കേട്ടാൽ വിശ്വസിച്ചെന്നു വരില്ല. അടുത്ത മൂന്നാഴ്‌ച, ദിവസവും രണ്ടു നേരം, രാവിലെ ജോലിക്ക് പോവുന്നതിനു മുമ്പും, രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴിക്കും ബാബു മുടങ്ങാതെ ആശുപത്രിയിലെത്തുമായിരുന്നു. നഴ്‌സുമാർ ദിവസവും ആവശ്യപ്പെടുന്ന മരുന്നും മറ്റു സാധനങ്ങളുമൊക്കെ ബാബു സ്വന്തം പോക്കറ്റിൽ നിന്നും പണം ചെലവിട്ട് വാങ്ങി നൽകി. പതിനെട്ടു ദിവസം.. ആ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ, കഷ്ടിച്ച് അന്നത്തിനു വഴികണ്ടെത്തുന്ന ആ ഓട്ടോ ഡ്രൈവർ പെടാപ്പാടുപെട്ടത് പതിനെട്ടു ദിവസമാണ്. 

ആദ്യമൊക്കെ പേടിയായിരുന്നു, പരിഭ്രമമായിരുന്നു തനിക്കെന്ന് ബാബു സമ്മതിക്കുന്നുണ്ട്. എന്നാൽ ഭാര്യയോട് ഇതേപ്പറ്റി പറഞ്ഞപ്പോൾ അവർ കുഞ്ഞിനെ പരിചരിക്കാൻ തന്നെ നിർബന്ധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ നിന്നും അസുഖം ഭേദമായി വന്നാൽ ആ പെൺകുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആ ദമ്പതികളുടെ പ്ലാൻ. എന്നാൽ ദൈവത്തിന്റെ പ്ലാൻ മറ്റൊന്നായിരുന്നു. കഴിഞ്ഞ മെയ് നാലാം തീയതി കുഞ്ഞിന്റെ ആരോഗ്യം വളരെ പെട്ടെന്ന് മോശമായി. ആ കുഞ്ഞുമാലാഖയെ ദൈവം തിരികെ വിളിച്ചു. 

മരിക്കുന്നതിന് മുമ്പുള്ള  ദിവസങ്ങളിൽ, ഡോക്ടർമാർ ബാബുവിനെ വിളിച്ച് കൗൺസിലിങ്ങ് നൽകിയിരുന്നു. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങളുടെ സർവൈവൽ റേറ്റ് വളരെ കുറവാണ്. ദൈവത്തോട് പ്രാർത്ഥിക്കുക, അത്ഭുതങ്ങൾക്കായി കാത്തിരിക്കുക. അത്രയ്ക്കൊന്നും വിദ്യാഭ്യാസമില്ലാതിരുന്ന ആ ഓട്ടോ ഡ്രൈവർക്ക് ഡോക്ടർമാർ അങ്ങനെ പറഞ്ഞാൽ എന്താണ് മനസ്സിലാക്കേണ്ടത് എന്നുപോലും അറിയില്ലായിരുന്നു. അടുത്ത ദിവസം രാവിലെ, ചോര ഛർദ്ദിച്ചുകൊണ്ട് ആ ചോരക്കുഞ്ഞ് മരണത്തിനു കീഴടങ്ങി. 

ആരെന്നോ എവിടെനിന്നെന്നോ അറിയാത്ത ഒരു കുഞ്ഞായിരുന്നിട്ടും, അതിന്റെ മരണം ബാബു രുദ്രപ്പ എന്ന സാധാരണക്കാരനായ ഓട്ടോ ഡ്രൈവറെ വല്ലാതെ സങ്കടപ്പെടുത്തി. കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയാൽ കൊള്ളാമെന്ന് ബാബുവിനുണ്ടായിരുന്നു. നേർബന്ധുതയില്ലാത്ത അയാൾക്ക് കുഞ്ഞിന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. ആശുപത്രിയിൽ നിന്നും അയാൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു. സ്വന്തം ചോരക്കുഞ്ഞിനെ ഇവ്വിധം മനുഷ്യപ്പറ്റില്ലാതെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പേരറിയാത്ത ആ അമ്മയ്‌ക്കെതിരെ അയാൾ പരാതി എഴുതി നൽകി. അതും സ്വന്തം കൈപ്പടയിൽ തന്നെ. ഇനി ഒരിക്കലും ഒരു അമ്മയും ഇതുപോലെ സ്വന്തം ചോരക്കുഞ്ഞുങ്ങളോട് കാണിക്കരുത് എന്ന് കരുതി മാത്രമാണ് താനത് ചെയ്തത് എന്ന് ബാബു പറഞ്ഞു. 

വഴിയരികിൽ അപകടങ്ങളിൽ പെട്ട് ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടാലും ആളുകൾ സഹജീവികളെ ആശുപത്രികളിലെത്തിച്ച് ജീവൻ രക്ഷിക്കാൻ മടിക്കുന്ന ഇക്കാലത്ത്, എന്തിലും ധനലാഭം മാത്രം കാണുന്ന, മനുഷ്യത്വം അന്യം നിന്നുപോയ ഇക്കാലത്ത്, ബാബു രുദ്രപ്പ എന്ന ഓട്ടോഡ്രൈവർ ഒരു മാതൃകയാണ്. നമുക്കൊക്കെ പിന്തുടരാവുന്ന ഒരു നല്ല മാതൃക..!
 

Follow Us:
Download App:
  • android
  • ios