കഴിഞ്ഞ വെള്ളിയാഴ്ച, അതായത് നവംബർ 29 -ന്  പാകിസ്ഥാനിൽ വമ്പിച്ച വിദ്യാർത്ഥി റാലികൾ നടന്നു. 50 നഗരങ്ങളിലെ വിദ്യാർത്ഥികൾ, 'ഐക്യറാലി' എന്ന പേരിൽ സംഘടിതമായി തെരുവിലിറങ്ങി. സംഘടനാപ്രവർത്തനത്തിനുള്ള വിലക്ക് നീക്കുക, കലാലയങ്ങളുടെ ദുരവസ്ഥ നീക്കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. പ്രോഗ്രസീവ് സ്റ്റുഡന്റസ് കലക്ടീവ് (PSC) ആയിരുന്നു മാർച്ചിന് ആഹ്വാനം ചെയ്തത്. ഇതേ പോലൊരു മാർച്ച് കഴിഞ്ഞ വർഷവും പാകിസ്ഥാനിൽ നടന്നിരുന്നു. 

 

വിദ്യാർത്ഥികളെക്കൊണ്ട് കോഴ്സ് തുടങ്ങും മുമ്പ് ഒപ്പിടീക്കുന്ന ഒരു സത്യവാങ്മൂലമാണ് പ്രതിഷേധത്തിന് കാരണം. പ്രത്യക്ഷത്തിൽ രാഷ്ട്രീയം വിലക്കിക്കൊണ്ട് ഉത്തരവൊന്നും കലാലയങ്ങളിൽ നിലവില്ല എങ്കിലും, ചേരുന്ന  സമയത്തിൽ ഒപ്പിടീക്കുന്ന അഫിഡവിറ്റിൽ രാഷ്‌ടീയ പ്രവർത്തനത്തിനിറങ്ങുകയില്ല എന്നും സമരത്തിനിറങ്ങില്ല എന്നുമൊക്കെ എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാണ് വിദ്യാർഥിസമൂഹം. 

കറാച്ചി, ഹൈദരാബാദ്, ലാഹോർ, ഇസ്ലാമബാദ്, ക്വേറ്റ, പെഷവാർ തുടങ്ങി സമരം നടന്നിടത്തൊക്കെ സംഗീതം തുടർച്ചയായ സാന്നിധ്യമായിരുന്നു. മാത്രവുമല്ല, പല മുദ്രാവാക്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ സ്ട്രീം ചെയ്യപ്പെട്ടതോടെ ഏറെ വൈറലാവുകയും ചെയ്തു. ചെറിയ ഡ്രമ്മുകളും മറ്റും കൊട്ടിക്കൊണ്ടാണ് വനിതവിദ്യാർത്ഥികളടക്കം പാട്ടുകളും മറ്റും പാടി ഈ സമരങ്ങളെ ആകർഷകമാകുന്നത്. 

ഭരണകൂടത്തോടുള്ള പാകിസ്താനി കലാലയങ്ങളുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. ജനറൽ അയൂബ് ഖാനെതിരെയുള്ള പോരാട്ടങ്ങളുടെ മുൻപന്തിയിൽ തന്നെ അണിനിരന്നത് അന്നത്തെ വിദ്യാർത്ഥികളായിരുന്നു. അന്നും എന്നും എന്നും 'ആസാദി' അഥവാ സ്വാതന്ത്ര്യം എന്ന ഒരൊറ്റവാക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ മുദ്രാവാക്യങ്ങൾ രൂപം കൊണ്ടിരുന്നത്. കയ്യടിച്ചും തപ്പുകൊട്ടിയുമൊക്കെ പലജാതി ആസാദിപ്പാട്ടുകൾ ഇന്ന് ആ സമരങ്ങളുടെ ഭാഗമാണ്. ആ പാട്ടുകൾക്ക് കാര്യമായ സാമ്യമുള്ളത് ദില്ലി ജെഎൻയുവിൽ ഉയർന്നുകേട്ട കനയ്യാകുമാർ അടക്കമുള്ളവരുടെ ആസാദി മുദ്രാവാക്യങ്ങളോടാണ്. അന്ന് കനയ്യാ കുമാർ അങ്ങനെ ഏറെ സംഗീതാത്മകമായ ഒരു മുദ്രാവാക്യം ഉച്ചത്തിൽ വിളിച്ചതുകേട്ടപ്പോൾ ആദ്യത്തെ ഉയർന്നുവന്ന വിമർശനം, 'ഇത് കാശ്മീരി വിഘടനവാദികളുടെ മുദ്രാവാക്യമാണ്' എന്നതായിരുന്നു. 

ഇന്ത്യയിൽ ആദ്യമായി ഈ ആസാദി മുദ്രാവാക്യം ഉയർന്നു കേൾക്കുന്നത് 1991 -ലാണ്. അന്ന് ബംഗാളിലെ  ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ കമല ഭാസിൻ  എന്ന നേതാവാണ് ആദ്യമായി ആസാദി ശബ്ദം ഉയർത്തുന്നത്.  അന്നത്തെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു, " മേരി ബെഹ്‌നെ മാംഗേ ആസാദി, മേരി ബാച്ചീ മാംഗേ ആസാദി, നാരീ കാ നാരാ ആസാദി.." ( എന്റെ സഹോദരിമാർക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, എന്റെ മകൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, സ്ത്രീകളുടെ മുദ്രാവാക്യം സ്വാതന്ത്ര്യമാണ്..). 

കമലാ ഭാസിൻ പക്ഷേ, ആ മുദ്രാവാക്യം കേട്ടു പഠിച്ചത് കാശ്മീരി വിഘടനവാദികളിൽ നിന്നല്ല എന്നുമാത്രം. അവർ അത് ആദ്യമായി കേട്ടത്, എൺപതുകളിൽ പാകിസ്ഥാനിലെ ഒരു ഫെമിനിസ്റ്റ് സുഹൃത്തിൽ നിന്നാണ്. 1985 -ൽ പാകിസ്ഥാനിൽ ഒരു സ്ത്രീപക്ഷ സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അവർ ആദ്യമായത് കേൾക്കുന്നത്. "മേരി ബെഹ്‌നെ മാംഗേ ആസാദീ..." എന്ന ഒരൊറ്റ മുദ്രാവാക്യമാണ് അവർ കേട്ടത്. അത് അവർക്ക് ഏറെ പ്രസക്തവും, ഇന്ത്യയിൽ താനുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഭരണകൂടങ്ങളോട് അതേപടി ഉയർത്താൻ പോന്നതുമായ ഒന്നായി തോന്നി.

ആസാദിക്ക് മുന്നിൽ വരുന്ന വാക്കുകൾ മാത്രം പിന്നീട് തന്റെ സമരങ്ങളിൽ അവർ മാറിക്കൊണ്ടിരുന്നു. സ്വകാര്യവത്കരണത്തിൽ നിന്ന് ആസാദി, സ്ത്രീവിരുദ്ധതയിൽ നിന്ന് ആസാദി, അക്രമത്തിൽ നിന്ന് ആസാദി, വിവേചനങ്ങളിൽ നിന്ന്, പട്ടിണിമരണങ്ങളിൽ നിന്ന്, ബ്രാഹ്മണവാദത്തിൽ നിന്ന് ആസാദി... അങ്ങനെയങ്ങനെ. കമല ഭാസിൻ അടക്കമുള്ളവർ നേതൃത്വം നൽകിയ ഇന്ത്യൻ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായി അത് തൊണ്ണൂറുകളിൽ ഉയർന്നു കേട്ടിരുന്നു. 

 

പാകിസ്ഥാനിൽ, ഇന്ത്യയിലെന്നപോലെ ആസാദി എന്ന ആ പഴയ മുദ്രാവാക്യം പൊടിതട്ടി എടുത്തുകൊണ്ടുവന്നിരിക്കുകയാണ് വിദ്യാർഥികൾ. കാമ്പസിൽ ശുദ്ധജലം ലഭ്യമാക്കണം എന്നപേരിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി അവരെ അനിശ്ചിതകാലത്തേക്ക് ജയിലിലടക്കുന്നു എന്നാണ് പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫെഡറേഷൻ (PSRF) ഉന്നയിക്കുന്ന ആരോപണം. ജംശോരോയിലെ സിന്ധ് യൂണിവേഴ്സിറ്റിയിൽ, അടുത്തിടെ സമരം ചെയ്ത 17 വിദ്യാർത്ഥികളെ റാലിക്കിടയിൽ പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സമരങ്ങളുടെ വീഡിയോകളും മറ്റും ഏറെ വൈറലാവുകയുണ്ടായി.