ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്ർ അൽ ബാഗ്‌ദാദിയുടെ മരണത്തിലേക്കെത്തിച്ച സൈനിക നടപടിക്ക് പേര് കൈല മുള്ളറുടേത്. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഞായറാഴ്‍ച ഇക്കാര്യം വ്യക്തമാക്കിയത്. 

അരിസോണയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നു കൈല മുള്ളര്‍. ഐസിസ് അവരെ തടവിലാക്കുകയും നിരന്തരം പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. ബാഗ്‍ദാദി തന്നെ കൈലയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2013 ആഗസ്തില്‍ തുർക്കിയിൽ നിന്ന് ആശുപത്രി സന്ദര്‍ശിക്കുന്നതിനായി സിറിയയിലെ അലപ്പോയിലേക്കുള്ള യാത്രക്കൊടുവിലാണ് കൈല മുള്ളര്‍ തടവിലാക്കപ്പെടുന്നത്. 2015 ഫെബ്രുവരിയില്‍ ഇരുപത്തിയാറാമത്തെ വയസ്സില്‍ ഐസിസ് തടവിലായിരിക്കെ കൈല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. റാക്കയിലെ ജോര്‍ദ്ദാനിയന്‍ വ്യോമാക്രമണത്തിലാണ് അവള്‍ കൊല്ലപ്പെട്ടതെന്നാണ് ഐസിസ് പറഞ്ഞത്. ഏതായാലും കൈലയുടെ മൃതദേഹം എവിടെയാണെന്ന് മാത്രം കണ്ടെത്തിയിട്ടില്ല. കൈല കൊല്ലപ്പെട്ടുവെന്ന വിവരം വന്നശേഷം അവളുടെ കുടുംബം മാധ്യമങ്ങളെ കണ്ടിരുന്നു. അന്ന്, കൈലയെ നിരന്തരം ബാഗ്‍ദാദി ക്രൂരമായ പീഡനത്തിനിരയാക്കിയിരുന്നതായി കൈലയുടെ പിതാവ് പറഞ്ഞിരുന്നു. 

ഞായറാഴ്‍ച കൈലയുടെ പിതാവ് കാള്‍ മുള്ളര്‍ അരിസോണ റിപ്പബ്ലിക്കിനോട് പറഞ്ഞത് ഇങ്ങനെയാണ്, ''എന്താണ് ഇയാള്‍ (ബാഗ്‍ദാദി) കൈലയോട് ചെയ്‍തത്. അവളെ തട്ടിക്കൊണ്ടുപോയി. പലപലയിടങ്ങളിലായി അവള്‍ തടവിലാക്കപ്പെട്ടു. കൂടാതെ ഏകാന്തതടവിലാക്കി. ക്രൂരമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി. ബാഗ്‍ദാദി തന്നെ അവളെ എത്രയോ തവണ പീഡിപ്പിച്ചു... ഒന്നുകില്‍, അയാള്‍ തന്നെ അവളെ കൊന്നുകളഞ്ഞു. അല്ലെങ്കില്‍, അവളുടെ കൊലപാതകത്തിലയാള്‍ പങ്കുചേര്‍ന്നു. ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പിതാവിന് സ്വന്തം മകളുടെ ആ അവസ്ഥ എങ്ങനെയായിരിക്കും അനുഭവപ്പെടുക എന്നത് മനസിലാകുമെന്നാണ് ഞാന്‍ കരുതുന്നത്.'' 

കൈലയുടെ മരണം സ്ഥിരീകരിച്ച ശേഷം അവളുടെ കുടുംബം, തടവിലായിരിക്കെ അവളെഴുതിയ ഒരു കത്ത് പുറത്തുവിട്ടിരുന്നു. അതിലവള്‍ ഇങ്ങനെയെഴുതിയിരുന്നു, 'തടവിലായിരിക്കുമ്പോഴും വേണമെങ്കിൽ സ്വാതന്ത്ര്യമനുഭവിക്കാമെന്ന് ഞാൻ അറിഞ്ഞു. ആ തിരിച്ചറിവിന് ഞാൻ നന്ദിയുള്ളവളാണ്. ഏതൊരു സാഹചര്യത്തിലും നന്മയുണ്ടാകുമെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു, നമുക്ക് അത് തിരയാനുള്ള മനസ്സുണ്ടാകണം എന്നുമാത്രം.'

ഞായറാഴ്‍ച കൈലയുടെ അമ്മ മര്‍ഷാ മുള്ളര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, ''എനിക്കറിയണം എന്‍റെ മകള്‍ കൈല എവിടെയാണ് എന്ന്? ശരിക്കും അവള്‍ക്കെന്താണ് പറ്റിയത്? ഞങ്ങളോട് പറയാതെ മറച്ചുവെച്ചിരിക്കുന്നത് എന്തൊക്കെയാണ്? അതീ ലോകത്ത് ആര്‍ക്കെങ്കിലും അറിയാമായിരിക്കും. എന്‍റെ ഹൃദയം കൊണ്ടുതന്നെ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ് ഈ ലോകത്ത് ആരെങ്കിലും എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തണേയെന്ന്.'' 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രയൻ ഞായറാഴ്ച എൻ‌ബി‌സിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞത്, ''മൂന്ന് അമേരിക്കക്കാരെയും രണ്ട് പത്രപ്രവർത്തകരെയും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനേയും ഇല്ലാതാക്കിയ ഒരാൾക്ക് ഞങ്ങൾ ഒടുവിൽ നീതി ലഭ്യമാക്കി.'' എന്നാണ്. ജെയിംസ് ഫോലെ, സ്റ്റീവന്‍ സോട്ട്ലോഫ് എന്ന ഫ്രീലാന്‍സ് ജോണലിസ്റ്റുകളേയും പീറ്റര്‍ കസ്സിഗ് എന്ന മനുഷ്യാവകാശപ്രവര്‍ത്തകനേയും കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. 2014 -ലാണ് ഇവര്‍ കൊല്ലപ്പെടുന്നത്.

മനുഷ്യസ്നേഹിയും ആദര്‍ശധീരയുമായ അമേരിക്കന്‍ യുവതിയാണ് കൊല്ലപ്പെട്ട കൈല മുള്ളറെന്നും സുരക്ഷാ ഉപദേഷ്‍ടാവ് പറഞ്ഞു. കൈല എന്തൊക്കെ അനുഭവിക്കേണ്ടിവന്നുവെന്നതിന്‍റെ പേരിലാണ് അവളുടെ പേര് തന്നെ ഈ സൈനിക നടപടിക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം, കൈല മുള്ളറെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.