പുതിയ നിയമം അനുസരിച്ച് രക്ഷാകർത്താവ് കുട്ടിയെ അടിച്ചാൽ അത് കുറ്റമാകും. ശാരീരിക ശിക്ഷ എന്താണെന്നതിന്റെ ഒരു മുഴുവൻ ലിസ്റ്റ് നൽകാൻ കഴിയില്ലെങ്കിലും, ശാരീരിക ബലം ഉപയോഗിച്ച് ഒരു കുട്ടിയെ ശിക്ഷിക്കുന്ന എന്തും ശാരീരിക ശിക്ഷയായി കണക്കാക്കുമെന്ന് സർക്കാർ പറഞ്ഞു.
രക്ഷിതാക്കൾ കുട്ടികളെ അടിക്കുന്നത്(Smacking children) നിയമവിരുദ്ധമാക്കി വെയിൽസ്(Wales). കുട്ടികളെ മര്യാദ പഠിപ്പിക്കാൻ മാതാപിതാക്കൾ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഈ ശിക്ഷാനടപടിക്ക് ഇതോടെ രാജ്യത്ത് അവസാനമായി. ശാരീരികശിക്ഷ നിരോധിക്കുന്ന രണ്ടാമത്തെ യുകെ രാഷ്ട്രമാണ് വെയിൽസ്. തിങ്കളാഴ്ച മുതലാണ് പുതിയ നിയമം നിലവിൽ വന്നത്. ഏതെങ്കിലും രക്ഷാകർത്താവ് ഇത് ചെയ്യുന്നതായി കണ്ടെത്തിയാൽ സോഷ്യൽ സർവീസിലോ, പൊലീസിലോ വിവരം അറിയിക്കാൻ പൊതുജനങ്ങളോട് നിയമം ആവശ്യപ്പെടുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും തുല്യമായ അവകാശങ്ങൾ വേണമെന്ന ആവശ്യത്തിൽ നിന്നാണ് നിയമം ഉടലെടുത്തത്. ലേബർ നേതൃത്വത്തിലുള്ള വെൽഷ് സർക്കാരും നിരവധി ശിശു സംരക്ഷണ പ്രചാരകരും ഇതിനെ 'ചരിത്രപരം' എന്ന് വാഴ്ത്തി. ഇംഗ്ലണ്ടും ഇത് പിന്തുടരണമെന്ന് അവർ ആവശ്യപ്പെട്ടു. കുട്ടികൾക്ക് ഇത് ചരിത്രപരമായ ദിവസമാണെന്നും ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. തങ്ങളുടെ സംരക്ഷണത്തിലുള്ള കുട്ടിയെ അടിച്ചാൽ ആരായാലും അവരെ അറസ്റ്റുചെയ്യാനും ആക്രമണത്തിന് പ്രോസിക്യൂട്ട് ചെയ്യാനും ഇനി മുതൽ സാധിക്കും. അതേസമയം ഈ നിയമത്തിന് എതിരെ വലിയ രീതിയിൽ വിമർശനവും ഉയരുന്നു. കുട്ടികൾക്ക് ശോഭനമായ ഒരു ഭാവി ഉറപ്പാക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് ഇത് ആശങ്കയാണ് നൽകുന്നതെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. കുട്ടികൾ തീരെ അനുസരണയില്ലാത്തവരാകാൻ ഇത് കാരണമായേക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടികൾക്ക് ജീവിതത്തിലെ ഏറ്റവും മികച്ച തുടക്കം നൽകണമെന്ന ആഗ്രഹമാണ് തങ്ങൾക്കുള്ളതെന്ന് നിയമത്തെ പിന്തുണച്ച അധികാരികൾ പറഞ്ഞു. പുതിയ നിയമം അനുസരിച്ച് രക്ഷാകർത്താവ് കുട്ടിയെ അടിച്ചാൽ അത് കുറ്റമാകും. ശാരീരിക ശിക്ഷ എന്താണെന്നതിന്റെ ഒരു മുഴുവൻ ലിസ്റ്റ് നൽകാൻ കഴിയില്ലെങ്കിലും, ശാരീരിക ബലം ഉപയോഗിച്ച് ഒരു കുട്ടിയെ ശിക്ഷിക്കുന്ന എന്തും ശാരീരിക ശിക്ഷയായി കണക്കാക്കുമെന്ന് സർക്കാർ പറഞ്ഞു. പുതിയ നിയമം അവിടെയുള്ള ആളുകൾക്ക് മാത്രമല്ല വെയിൽസിലെത്തുന്ന എല്ലാ സന്ദർശകർക്കും ബാധകമാണ്. സ്‌കൂളുകൾ, ചിൽഡ്രൻസ് ഹോമുകൾ, ലോക്കൽ അതോറിറ്റി ഫോസ്റ്റർ കെയർ ഹോമുകൾ, ചൈൽഡ് കെയർ എന്നിവിടങ്ങളിൽ ശാരീരിക ശിക്ഷ ഇതിനോടകം നിയമവിരുദ്ധമാണ്. നിയമം തെറ്റിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്നതാണ്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്നും, പുതിയ നിയമം പ്രധാനമായും കുട്ടികൾക്കും മുതിർന്നവരെപ്പോലെ തന്നെ ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ളതാണെന്നും സർക്കാർ അഭിപ്രായപ്പെട്ടു.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം സ്വീഡനാണ്. 1979 -ലാണ് ഇത് സംബന്ധിക്കുന്ന നിയമം നിലവിൽ വന്നത്. തുടർന്ന് ഇപ്പോൾ ലോകമെമ്പാടുമുള്ള 63 രാജ്യങ്ങൾ ശാരീരിക ശിക്ഷ നിയമവിരുദ്ധമാക്കി. ഇംഗ്ലണ്ടിലെ 3,000 മുതിർന്നവരിൽ നടത്തിയ ഒരു സർവേയിൽ, 64 ശതമാനം പേരും കുട്ടികളെ തല്ലുന്നത് നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരായിരുന്നു. ബാക്കി 68 ശതമാനം പേർ ഇത് സ്വീകാര്യമല്ലെന്ന് പറഞ്ഞു. കുട്ടികളോടുള്ള ക്രൂരത തടയുന്നതിനുള്ള നാഷണൽ സൊസൈറ്റിയാണ് സർവ്വേ നടത്തിയത്.
(ചിത്രം പ്രതീകാത്മകം)
