650 ടാറ്റൂ ആർട്ടിസ്റ്റുകളുടെ ഒരു യൂണിയൻ തീരുമാനത്തെ അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു, അതിനെ 'പിന്നോക്കം' എന്നും 'ഒരു ചില്ലിക്കാശും വിലമതിക്കാത്തത്' എന്നും അവർ കുറ്റപ്പെടുത്തി.
ടാറ്റൂ ആർട്ടിസ്റ്റുകൾ ടാറ്റൂ ചെയ്‍ത് നൽകരുത്, പകരം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ വേണം അത് ചെയ്യാൻ. അങ്ങനെ ഒരു നിയമം എവിടെയെങ്കിലും കാണുമോ? ഉണ്ട്, ദക്ഷിണ കൊറിയയിലാണത്. ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി വ്യാഴാഴ്ച ടാറ്റൂ ആർട്ടിസ്റ്റുകൾക്ക് ടാറ്റൂ ചെയ്ത് നൽകുന്നതിനുമേലുള്ള നിരോധനം ശരിവച്ചിരിക്കുകയാണ്. വർഷങ്ങളായി, ദക്ഷിണ കൊറിയയിൽ മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രമാണ് ടാറ്റൂ ചെയ്യാൻ അധികാരമുള്ളത്. അത് തന്നെ തുടരാനുള്ള വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ടാറ്റൂ കലാകാരന്മാർ ഈ തീരുമാനത്തെ പരിഹസിച്ചു, അതിനെ 'പിന്നോക്കം' എന്നും 'സാംസ്കാരിക ധാരണയില്ലായ്മ' എന്നുമാണവർ വിശേഷിപ്പിച്ചത്.
ദശാബ്ദങ്ങൾ പഴക്കമുള്ള നിരോധനം രാജ്യത്ത് നിലനിൽക്കെ തന്നെ 50,000 ടാറ്റൂ ആർട്ടിസ്റ്റുമാർ അവിടെ ടാറ്റൂ ചെയ്‍തുകൊടുക്കുന്നുണ്ട്. അവർക്ക് പലപ്പോഴും റെയ്ഡും ശിക്ഷയും നേരിടേണ്ടിയും വരാറുണ്ട്. നിരോധനം ലംഘിക്കുന്നതിന് 50 മില്യൺ വോൺ ($ 41,300) വരെ പിഴയും ശിക്ഷയുമുണ്ട്. സാധാരണയായി രണ്ട് വർഷം തടവ് ലഭിക്കും. ചിലപ്പോൾ ജീവപര്യന്തമാവാനും മതി. ടാറ്റൂയിസ്റ്റ് അസോസിയേഷനുകൾ 2017 മുതൽ നിയമത്തെ വെല്ലുവിളിച്ച് കോടതിയെ സമീപിക്കുന്നുണ്ട്. ഇത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും തൊഴിലിൽ ഏർപ്പെടാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് കാണിച്ചായിരുന്നു അതെല്ലാം.
5-4 വോട്ടിൽ, നിയമം ഭരണഘടനാപരമാണെന്ന് ഭരണഘടനാ കോടതി വ്യാഴാഴ്ച വിധിച്ചു. ടാറ്റൂ ആർട്ടിസ്റ്റുകൾ ടാറ്റൂ ചെയ്യുന്നത് പാർശ്വഫലങ്ങളും സുരക്ഷാ പ്രശ്നങ്ങളും കൊണ്ടുവരുമെന്ന് പറഞ്ഞാണ് കോടതി ഇത്തരത്തിലൊരു വിധി പറഞ്ഞിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിന് മുമ്പും ചെയ്‍തതിന് ശേഷവും വേണ്ട വിധത്തിൽ പരിചരിക്കാൻ ടാറ്റൂ ആർട്ടിസ്റ്റുകൾക്ക് കഴിയില്ല. മെഡിക്കൽ പ്രൊഫഷണലുകൾക്കേ കഴിയൂ എന്ന് വാദിച്ചുകൊണ്ടാണ് വിധി വന്നിരിക്കുന്നത്.
650 ടാറ്റൂ ആർട്ടിസ്റ്റുകളുടെ ഒരു യൂണിയൻ തീരുമാനത്തെ അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു, അതിനെ 'പിന്നോക്കം' എന്നും 'ഒരു ചില്ലിക്കാശും വിലമതിക്കാത്തത്' എന്നും അവർ കുറ്റപ്പെടുത്തി. 'എല്ലാ പൗരന്മാരും നിവർന്നു നടക്കുമ്പോൾ കോടതി ഇപ്പോഴും നാല് കാലിൽ നടക്കുന്നു' എന്ന് യൂണിയന്റെ ചീഫ് കിം ഡോ-യൂൺ പറഞ്ഞു. കൊറിയ ടാറ്റൂ ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് കിം ഷോ-യുനും ഏറ്റവും പുതിയ വിധിയെ വിമർശിച്ചു. നിലവിലെ നിയമം 'വിഡ്ഢിത്തം' ആണെന്ന് അവർ പറഞ്ഞു. പ്രത്യേകിച്ചും രാജ്യത്തിന്റെ വളരുന്ന ടാറ്റൂ വിപണിയും ടാറ്റൂവിന് ലോകത്തിലാകെ തന്നെ വർധിച്ചുവരുന്ന ജനസമ്മതിയും നോക്കുമ്പോൾ. വിധിക്കെതിരെ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
ഏതായാലും ലോകത്തെമ്പാടും സാധാരണക്കാരും സെലിബ്രിറ്റികളും അടക്കം ടാറ്റൂ ചെയ്യുകയും ടാറ്റൂ ആർട്ടിസ്റ്റുകളെ സമീപിക്കുകയും ചെയ്യുമ്പോഴുള്ള ഈ നിരോധനം പരിഹാസ്യമാണ് എന്നും രാജ്യത്തെ ടാറ്റൂ ആർട്ടിസ്റ്റുകൾ പറയുന്നു.
