വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് കുടിയേറിയ മുപ്പത്തിയാറുകാരി ആത്മഹത്യ ചെയ്‍തു. പൗരത്വം തെളിയിക്കുന്ന രേഖയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് ശിപ്ര ശിക്ദറെന്ന യുവതി ആത്മഹത്യ ചെയ്‍തിരിക്കുന്നതെന്നാണ് ബന്ധുക്കളും അയല്‍ക്കാരും ആരോപിക്കുന്നത്. ഇന്ത്യന്‍ പൗരത്വത്തിനായുള്ള രേഖകള്‍ക്കായി എന്ത് ചെയ്യണമെന്ന പരിഭ്രാന്തിക്കും രണ്ട് ഉറക്കമില്ലാത്ത രാത്രികള്‍ക്കുമൊടുവിലാണ് ശിപ്ര ആത്മഹത്യ ചെയ്‍തിരിക്കുന്നതെന്നാണവര്‍ പറയുന്നത്. കിഴക്കന്‍ ബര്‍ദ്വാനിലെ ജോഗ്രാമിലുള്ള സ്വന്തം വീട്ടിലാണ് ശനിയാഴ്‍ച രാവിലെ ശിപ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. 

ജോഗ്രാമില്‍ മാത്രം ബംഗാളില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത രണ്ടായിരത്തോളം പേര്‍ താമസിക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. 1970 -കളിലാണ് ഈ കുടിയേറ്റമാരംഭിക്കുന്നത്. ശേഷം ഇവിടെ കൂലിത്തൊഴിലാളികളായി നാടിന്‍റെ നട്ടെല്ലാവുകയായിരുന്നു ഇവര്‍. 

ശനിയാഴ്‍ച 13 ലക്ഷത്തോളം ഹിന്ദുക്കള്‍ അസ്സമിലെ NRC -യില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നറിഞ്ഞതോടെ തങ്ങളുടെ എല്ലാ പ്രതീക്ഷകളും അസ്‍തമിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. 'സുരക്ഷിതരാണ് എന്ന എല്ലാ പ്രതീക്ഷകളും ഞങ്ങളില്‍ അസ്‍തമിച്ചുകഴിഞ്ഞു. NRC നടപ്പിലാക്കുംമുമ്പ് പൗരത്വം ലഭിക്കുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്' എന്നും ഒരു ഗ്രാമവാസി പറഞ്ഞു. 

ബംഗ്ലാദേശിലെ ബരിശാലുകാരിയായിരുന്ന ശിപ്ര തന്‍റെ മകന്‍ കമലിന്‍റെ ജനനത്തിന് തൊട്ടുപിന്നാലെ 1990 -ലാണ് ഭര്‍ത്താവിനൊപ്പം ബംഗാളിലേക്ക് കുടിയേറുന്നത്. സാധാരണ കുടിയേറ്റക്കാര്‍ ചെയ്യുന്നതുപോലെ എത്തിയ ഉടന്‍ സഹോദനായിരുന്ന ബിപുല്‍ ശിക്ദറിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. 1978 -ലാണ് ബിപുല്‍ ബരിശാലില്‍ നിന്ന് ഇങ്ങോട്ടേക്ക് കുടിയേറിയത്. 

''ശിപ്ര എപ്പോഴും തന്‍റെ മകന്‍റെ കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നു. എന്നാല്‍, ചില രേഖകളൊന്നും അവളുടെ അടുത്തില്ലായിരുന്നു. അവളെപ്പോഴും മകന്‍റെ ഭാവി സുരക്ഷിതമാക്കണം എന്ന ചിന്തയിലായിരുന്നു. അതുകൊണ്ട് തന്നെ രേഖകളില്ലാത്തത് അവളെ ആശങ്കയിലാക്കി. ശനിയാഴ്‍ച രാവിലെ സീലിങ്ങില്‍ തൂങ്ങിയ നിലയില്‍ അവളെ കണ്ടെത്തുകയായിരുന്നു.'' ബിപുല്‍ പറയുന്നു. 

''ശിപ്രയുടെ മകന്‍ ജനിച്ചത് ബംഗ്ലാദേശിലാണ്. അതിന്‍റെ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ഓഫീസുകളായ ഓഫീസുകളൊക്കെ കയറിയിറങ്ങുകയായിരുന്നു അവള്‍. രണ്ട് രാത്രികളായി ആ രേഖകളെ കുറിച്ച് അവള്‍ ആവര്‍ത്തിച്ച് ആശങ്കപ്പെടുന്നു'' എന്നും ബിപുല്‍ കൂട്ടിച്ചേര്‍ക്കുന്നു. 

അസമിലെ ഹിന്ദുക്കളെ എൻ‌ആർ‌സിയിൽ നിന്ന് ഒഴിവാക്കിയത് ഭൂരിഭാഗം കുടിയേറ്റക്കാരെയും നിരാശരാക്കിയിട്ടുണ്ടെന്ന് ജോഗ്രാം നിവാസികൾ പറഞ്ഞു. ''ശിപ്രയുടെ മരണത്തിലേക്ക് നയിച്ചത് NRC -യാണ്. ശേഷിക്കുന്ന ഞങ്ങള്‍ക്കെന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും ഞങ്ങള്‍ക്കിപ്പോള്‍ ഏതാണ്ടുറപ്പായിരിക്കുന്നു. അതിന്‍റെ മാതൃകയായിട്ടാണ് ഞങ്ങള്‍ അസമിനെ കാണുന്നത്'' ശിപ്രയുടെ അയല്‍വാസിയായ ബിമല്‍ മൊണ്ടാല്‍ പറയുന്നു. 

'നമുക്ക് വോട്ടര്‍ ഐഡിയും ആധാറും ഉണ്ട്. പക്ഷേ, നമ്മെ രക്ഷിക്കാന്‍ അതൊന്നും പോരായെന്ന് നമുക്കിപ്പോള്‍ ബോധ്യമുണ്ട്' എന്നും ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍, പൗരത്വത്തെ ചൊല്ലിയുള്ള ആശങ്കയാണോ ശിപ്രയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കാന്‍ പൊലീസ് വിസമ്മതിച്ചു. 'ഞങ്ങള്‍ അന്വേഷണം നടത്തി വരുന്നതേയുള്ളൂ. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്' എന്നാണ് ജില്ലാ പൊലീസ് മേധാവി ഭാസ്‍കര്‍ മുഖര്‍ജി പറഞ്ഞത്.