ഈ ബാര്‍ബര്‍ ഷോപ്പ് ഒരു പ്രത്യേകതരം ബാര്‍ബര്‍ ഷോപ്പാണ്. ഇവിടെ ഫ്രീയായി മുടി വെട്ടിക്കാം. പക്ഷേ, ഒരു കണ്ടീഷണുണ്ട്. ഇങ്ങനെ സൗജന്യമായി മുടിവെട്ടിക്കിട്ടണമെങ്കില്‍ തങ്ങളുടെ മുടിവെട്ടുന്ന ബാര്‍ബര്‍മാര്‍ക്ക് ഉറക്കെ പുസ്‍തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കണം. ഒരു സാക്ഷരതാ പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്തുന്നത്. എവിടെയാണെന്നല്ലേ? അമേരിക്കയില്‍ ബാറ്റണ്‍ റഫിലാണ് ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്തുന്നത്. 

ലൈന്‍4ലൈനാണ് (LINE4LINE ) കുട്ടികള്‍ക്ക് സൗജന്യമായി മുടിമുറിച്ചുനല്‍കുന്ന ഈ വ്യത്യസ്‍തമായ പരിപാടി നടപ്പിലാക്കുന്നത്. മൂന്ന് മുതല്‍ 13 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ സൗജന്യമായി മുടി മുറിപ്പിക്കാന്‍ അവസരം കിട്ടുന്നത്. ഓരോ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്‍ചയാണ് ഇങ്ങനെ മുടിമുറിക്കാനുള്ള അവസരം. സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്. 

ലൈന്‍4ലൈന്‍ ലക്ഷ്യം വെക്കുന്നത് ബാര്‍ബര്‍മാരുടെ കൂടി സാക്ഷരത വര്‍ധിപ്പിക്കുക, അവരില്‍ അറിവുണ്ടാക്കിയെടുക്കുക തുടങ്ങിയവയെല്ലാമാണ്. സാമൂഹികവും അക്കാദമിക്കായതുമായ വളര്‍ച്ചയും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഐഡിയ പബ്ലിക് സ്‍കൂളാണ് ഈ പദ്ധതി നടപ്പിലാക്കാനായി മുന്നോട്ടുവന്നിട്ടുള്ളത്. ഐഡിയ പബ്ലിക് സ്‍കൂള്‍ എല്ലാത്തരം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 

നേരത്തേയും വിവിധ സ്ഥലങ്ങളില്‍ വിവിധ പദ്ധതികളുടെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. വേണമെങ്കില്‍ കേരളത്തിലും ആലോചിക്കാവുന്നതാണല്ലേ? വേണമെങ്കില്‍, പാഠപുസ്‍തകങ്ങള്‍ക്ക് പകരം വിവിധങ്ങളായ പുസ്‍തകങ്ങളുമാക്കാം.