ചെരുപ്പിന്റെ ഓൺലൈൻ പ്ലാറ്റ് ഫോമിലെ പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കുളിമുറിയിൽ ഉപയോഗിക്കുന്ന ഒരു ചെരുപ്പ് വാങ്ങാൻ പരമാവധി എത്ര രൂപ വരെ മുടക്കാൻ നിങ്ങൾ തയ്യാറാണ്? 150 അല്ലെങ്കിൽ 200 അതുമല്ലെങ്കിൽ കൂടിപ്പോയാൽ ഒരു 500 രൂപ വരെ ആയിരിക്കും. എന്നാൽ, കഴിഞ്ഞദിവസം ഓൺലൈനിൽ വിറ്റുപോയ ബാത്റൂം ചപ്പലിന്റെ വില എത്രയാണെന്ന് അറിയാമോ? 8990 രൂപ. അമ്പരക്കണ്ട, സത്യമാണ്.
പ്രമുഖ ലക്ഷ്വറി ബ്രാൻഡായ ഹ്യൂഗോ ബോസ് ആണ് തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ തങ്ങളുടെ തന്നെ ഏറ്റവും പുതിയ മോഡൽ ബാത്റൂം ചപ്പൽ എന്ന ലേബലിൽ 8,990 രൂപയ്ക്ക് ചെരുപ്പ് വില്പന നടത്തിയത്. എടുത്തു പറയത്തക്ക ഡിസൈൻ മികവോ പുതുമകളോ ഒന്നും ഈ ചെരുപ്പിൽ കാണാനില്ല. നീല നിറത്തിലുള്ള ഒരു സാധാ റബർ ചെരുപ്പ്. ചെരുപ്പിനു മുകളിലായി കാണുന്ന ഹ്യൂഗോ ബോസ് ലോഗോ ഒഴിച്ചാൽ സാധാ കടയിൽ നിന്നും വാങ്ങുന്ന 150 രൂപയുടെ ബാത്റൂം ചപ്പലിന് സമാനം തന്നെ.
ചെരുപ്പിന്റെ ഓൺലൈൻ പ്ലാറ്റ് ഫോമിലെ പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 100 രൂപയുടെ പാരഗൺ ചെരുപ്പിൽ നിന്നും വ്യത്യസ്തമായി ഒന്നുമില്ല എന്നാണ് ഒരു ഉപഭോക്താവ് രേഖപ്പെടുത്തിയത്. ഒമ്പതിനായിരം രൂപയ്ക്ക് ഈ ചെരുപ്പ് വാങ്ങുന്നവനെ വേണം തല്ലാൻ എന്നാണ് മറ്റൊരു ഉപഭോക്താവിന്റെ കമൻറ്. എന്തായാലും ഹ്യൂഗോ ബോസിന്റെ ലക്ഷ്വറി ബാത്റൂം ചപ്പൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ലക്ഷ്വറി ബ്രാൻഡുകളുടെ സമാനമായ രീതിയിലുള്ള വില്പനകൾ ഇതിനു മുൻപും സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്. നേരത്തെ, ഫാഷൻ ബ്രാൻഡായ ബാലൻസിയാഗ 1800 ഡോളർ (ഏകദേശം 1,42,652 രൂപ) വിലയുള്ള ഒരു ട്രാഷ് ബാഗ് പുറത്തിറക്കിയിരുന്നു. "ട്രാഷ് പൗച്ച്" എന്ന് പേരിട്ടിരിക്കുന്ന ഈ ബാഗിന്റെ ഫോട്ടോകൾ ഓൺലൈനിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബാലൻസിയാഗയുടെ ഫാൾ 2022 റെഡി-ടു-വെയർ ശേഖരത്തിൽ ഈ ബാഗ് ഉൾപ്പെടുത്തിയിട്ടുണ്ട്.
