മാനസികാരോഗ്യകേന്ദ്രങ്ങളിലെ അനുഭവങ്ങള്‍ പലപ്പോഴും അത്ര നന്നാവാറില്ല. ശരീരത്തിന് വയ്യായ്‍ക വന്നാല്‍ അംഗീകരിക്കുന്നതുപോലെ മനസിന് വയ്യായ്‍ക വന്നാല്‍ അംഗീകരിക്കാനും അകത്തും പുറത്തുമുള്ളവര്‍ക്ക് മടിയാണ്. എന്നാല്‍, അറുപതുകളിലാണെങ്കിലോ? എങ്ങനെയായിരിക്കും ഒരു മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ. അതറിയാനായി ഡോ. ഡേവിഡ് റോസന്‍ഹന്‍ ഒരു പരീക്ഷണം നടത്തി. Being Sane in Insane Places ഇതായിരുന്നു പരീക്ഷണം.

ഒരു മാനസികാരോഗ്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് എത്ര എളുപ്പമാണെന്നും എന്നാല്‍ അവിടെനിന്നും പുറത്തിറങ്ങുന്നത് എത്രമാത്രം ദുഷ്‍കരമാണെന്നും തെളിയിക്കുന്നതിനായിട്ടാണ് പരീക്ഷണം നടത്തിയത്. മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടക്കം എട്ടുപേരാണ് പരീക്ഷണത്തിന് തയ്യാറായത്. വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളിലേക്കാണ് ഇവര്‍ പ്രവേശനത്തിന് ശ്രമിച്ചത്. എട്ടുപേരില്‍ മൂന്നുപേര്‍ സൈക്കോളജിസ്റ്റുകളാണ്, ഒരാള്‍ സൈക്യാട്രിസ്റ്റ്, ഒരാള്‍ പീഡിയാട്രിഷന്‍, ഒരാള്‍ പെയിന്‍റര്‍, ഒരാള്‍ വീട്ടമ്മ എന്നിങ്ങനെയാണ്. അവരെല്ലാവരും പറഞ്ഞത് അവരുടെ തലയില്‍ വിവിധ ശബ്‍ദങ്ങള്‍ മുഴങ്ങിയെന്നാണ്. അതില്‍ ശൂന്യത, മങ്ങല്‍, വലിയ ഒച്ച എന്നിങ്ങനെയുള്ള മൂന്ന് വാക്കുകളാണ് ആവര്‍ത്തിച്ച് മുഴങ്ങിയതെന്നും അവര്‍ പറഞ്ഞു. 

വളരെ എളുപ്പത്തില്‍ത്തന്നെ അവര്‍ക്ക് മാനസികാരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശനം ലഭിച്ചു. അതിനിടയില്‍ പലപ്പോഴും പിടിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും ഒരിക്കലും അങ്ങനെയൊന്നുണ്ടായില്ല. ആശുപത്രിക്കകത്ത് പ്രവേശിക്കപ്പെട്ടയുടനെ തന്നെ തങ്ങള്‍ക്കിപ്പോള്‍ ലക്ഷണങ്ങളൊന്നുമില്ലെന്നും പുറത്തേക്ക് വിടണമെന്നും ആവശ്യപ്പെട്ടുവെങ്കിലും അവരെയാരെയും പുറത്ത് വിടുകയുണ്ടായില്ല. 

മാത്രവുമല്ല, ജോലിക്കാരില്‍ ഒരാള്‍പോലും ഇവര്‍ മാനസികാസ്വാസ്ഥ്യം അഭിനയിക്കുകയാണ് എന്ന് മനസിലാക്കിയില്ല. ഈ എട്ടുപേര്‍ക്കും ഏഴ് മുതല്‍ 50 വരെ ദിവസങ്ങളെടുത്തു പുറത്തിറങ്ങുന്നതിന്. പക്ഷേ, അപ്പോള്‍ പോലും അവരെ ആരോഗ്യമുള്ളവരായി രേഖപ്പെടുത്തിയില്ല. പകരം, അപ്പോഴും സ്‍കീസോഫ്രീനിയ അടക്കം അവസ്ഥകള്‍ അവര്‍ക്കുണ്ടെന്നാണ് രേഖപ്പെടുത്തിയത്. 

ഡയറി എഴുതുന്നതടക്കമുള്ള കാര്യങ്ങള്‍ പോലും ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയിട്ട് പോലും അധികൃതര്‍ അവര്‍ 'നോര്‍മല്‍' ആണെന്ന് രേഖപ്പെടുത്താന്‍ തയ്യാറായില്ല. മാത്രവുമല്ല, ജീവനക്കാരില്‍ നിന്നും വളരെ മോശം അനുഭവമാണ് ഓരോരുത്തര്‍ക്കും ഉണ്ടായത്. എത്ര നന്നായി പെരുമാറിയിട്ടും ജീവനക്കാര്‍ അവരോട് വളരെ മോശമായാണ് പെരുമാറിയത്. പലപ്പോഴും ചൂഷണങ്ങളടക്കം നേരിടേണ്ടി വന്നുവെന്നും ഡേവിഡ് പറയുകയുണ്ടായി. മനുഷ്യത്വമില്ലായ്‍മ എന്നാണ് അദ്ദേഹം അവരുടെ പെരുമാറ്റത്തെ വിശേഷിപ്പിച്ചത്. 

എന്നാല്‍, മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അന്തേവാസികള്‍ ഇവര്‍ക്ക് എന്തോ വ്യത്യാസമുണ്ട് എന്നും അവര്‍ ജേണലിസ്റ്റോ അല്ലെങ്കില്‍ എന്തെങ്കിലും പരീക്ഷണത്തിന് തയ്യാറായവരോ ആയിരിക്കാം എന്ന് പറയുകയുണ്ടായി. 

മുഴുവൻ പരീക്ഷണവും ലളിതമായ ഒരു നിഗമനത്തിൽ കലാശിച്ചു: ആരോഗ്യമുള്ള ഒരു വ്യക്തിയെ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ മാനസികാരോഗ്യകേന്ദ്രങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളാണ്. തുടർന്ന് രോഗിയായ ഒരു വ്യക്തിയെ ആരോഗ്യവാനാക്കാന്‍ അവര്‍ ശ്രമിക്കും. മാനസികരോഗാശുപത്രിയിലെ അന്തേവാസിയില്‍ നിന്ന് വിവേകം വേർതിരിച്ചറിയാൻ അവര്‍ക്ക് കഴിയാറില്ല എന്നും ഡേവിഡ് പറയുകയുണ്ടായി.