എല്ലാ കുഞ്ഞുങ്ങളെയും പോലെ നാലുവയസ്സുകാരി അമീറ ഹമ്മൗണ്ടിനും പടക്കങ്ങള്‍ ഇഷ്‍ടമായിരുന്നു. അപ്പൂപ്പനോട്, പറ്റുമ്പോഴെല്ലാം തനിക്ക് പടക്കങ്ങള്‍ വാങ്ങിത്തരണേ എന്നും അവള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍, കഴിഞ്ഞയാഴ്‍ച ബെയ്റൂത്ത് സ്‍ഫോടനം ഉണ്ടായശേഷം ഡൈനിംഗ് ടേബിളില്‍ ഒരു സ്‍പൂണ്‍ തട്ടുന്ന ശബ്‍ദം പോലും അവളെ ഭയചകിതയാക്കും. അത്ര ചെറിയ ശബ്‍ദം പോലും അവളെക്കൊണ്ട് താങ്ങാനാവുന്നില്ല. ആ ശബ്‍ദം കേട്ടാല്‍ പോലും അവള്‍ ഉറക്കെയുറക്കെ നിര്‍ത്താതെ നിലവിളിക്കും. ഒപ്പം പരിഭ്രമം കൊണ്ട് അക്രമാസക്തയാവുകയും ചെയ്യാറുണ്ട്. അതുപോലെ, അച്ഛനെയോ അമ്മയെയോ അപ്പൂപ്പനെയോ അമ്മൂമ്മയെയോ ഒക്കെ പറ്റിച്ചേര്‍ന്നു മാത്രമേ അവളെപ്പോഴും ഇരിക്കാറുള്ളൂ. അവരെയാരെയും തന്‍റെ അടുത്തുനിന്നും എങ്ങോട്ടും പോവാന്‍ അവള്‍ സമ്മതിക്കുന്നേയില്ല. 

പക്ഷേ, ഏഴ് ദിവസത്തെ അകല്‍ച്ചയ്ക്കുശേഷം ഒടുവില്‍ അവള്‍ക്ക് അവളുടെ അമ്മ ഹിബയുടെ അടുത്തെത്താനായി എന്നത് ഭാഗ്യമാണ്. എത്രയോ പേര്‍ക്ക് ആ ഭാഗ്യമില്ലാതെ പോയി. ''ഞങ്ങള്‍ ഭാഗ്യം ചെയ്‍തവരാണ്. കാരണം, ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവന്‍ നഷ്‍ടമായില്ലല്ലോ. അതിന് ദൈവത്തിന് നന്ദി... നമുക്ക് നമ്മുടെ മോളെ തിരിച്ചുകിട്ടി. ഒന്നും ഒന്നും അതിനോട് താരതമ്യപ്പെടുത്താനാവില്ല. പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി എന്‍റെ ഹൃദയം വേദനിക്കുന്നു...'' ഹിബ പറയുന്നു. 

ബെയ്റൂത്തിലെ സ്‍ഫോടനം നടക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഹിബ വിവരിക്കുന്നു. അവളും ഭര്‍ത്താവ് വാസിമും മകള്‍ അമീറയെ അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും കൂടെ അവരുടെ പലചരക്ക് കടയിലാക്കി സെന്‍റ്. ജോര്‍ജ് ഹോസ്‍പിറ്റലിലേക്ക് പോയതാണ്. സ്‍ഫോടനത്തില്‍ ആശുപത്രിക്ക് വലിയ തകര്‍ച്ചയാണുണ്ടായത്. അതിവേഗം ആശുപത്രി ഒഴിപ്പിച്ചുകൊണ്ടിരുന്നു. സാധാരണ എല്ലാവരും ആശുപത്രിക്കകത്തേക്ക് വരുന്നതിനുപകരം ആശുപത്രിയില്‍ നിന്നും പുറത്തേക്ക് ഓടിരക്ഷപ്പെടാനാണ് ശ്രമിച്ചത്. അവിടെയെല്ലാം ചോരയും ശരീരവും ചിതറിക്കിടന്നു. ''അവിടെ മാത്രമല്ല സ്‍ഫോടനം ബാധിച്ചതെന്ന് വളരെ പെട്ടെന്ന് തന്നെ എനിക്ക് മനസിലായി. പിന്നെയെന്‍റെ പേടി മുഴുവന്‍ അമീറയെച്ചൊല്ലിയായിരുന്നു. അവളുടെ പേര് വിളിച്ച് ഉറക്കെ കരയാതിരിക്കാന്‍ എനിക്കായില്ല. എന്‍റെ ഭര്‍ത്താവിനിപ്പോഴും ആ ദിവസം എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാനായിട്ടില്ല. ആ സംഭവത്തോടെ അദ്ദേഹത്തിന്‍റെ മനസാകെ അടഞ്ഞു കിടക്കുകയാണ്.'' ഹിബ പറയുന്നു.

സ്ഫോടനത്തെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനത്തില്‍ ഹിബയെയും വാസിമിനെയും ചികിത്സയ്ക്കായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. എന്താണ് സംഭവിച്ചതെന്നോ അച്ഛനും അമ്മയും എവിടെയാണെന്നോ അറിയാതെ അമീറ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം നിന്നു. സേവ് ദ ചില്‍ഡ്രന്‍റെയും യുണിസെഫിന്‍റെയും ആളുകള്‍ അവളെ പരിചരിച്ചു. അച്ഛനും അമ്മയുമെത്തി കുടുംബം ഒന്നായിച്ചേരുന്നതുവരെ സാമൂഹികവും മാനസികവുമായി വേണ്ട പിന്തുണ അവരവള്‍ക്ക് നല്‍കി. “ഈ കുടുംബത്തിന്‍റേത് ഒരു വിജയകഥയാണ്. പലരെയും വ്യക്തിപരമായി ബാധിച്ചുവെങ്കിലും ഞങ്ങളുടെ സ്റ്റാഫുകള്‍ ആവശ്യമുള്ള കുടുംബങ്ങളിലേക്ക്  എത്തിച്ചേരാനും അവരെ ഒന്നുചേരാന്‍ സഹായിക്കാനും ശ്രമിച്ചിരുന്നു. അതിന്‍റെ ഫലം കൂടിയാണിത്.'' ലെബനനിലെ യുണിസെഫിന്‍റെ ശിശുസംരക്ഷണത്തിന് ചുമതലയുള്ള ജോവന്ന എറിക്സണ്‍ ടാക്യോ പറയുന്നു. കൊവിഡ് 19 -നും, നേരത്തെ തന്നെ തകര്‍ന്നു കിടക്കുന്ന ലബനന്‍റെ സാമ്പത്തികരംഗവുമെല്ലാം ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണം. അതിനൊപ്പമാണ് ഇങ്ങനെയൊരു പ്രതിസന്ധി കൂടി ലെബനനിലുണ്ടായിരിക്കുന്നതെന്നും ജോവന്ന പറയുന്നു. 

കഴിഞ്ഞയാഴ്‍ച നടന്ന സ്ഫോടനം ഇവിടെയുള്ള ജനങ്ങളെ വലിയ മാനസികാഘാതങ്ങളിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അമീറയെ പോലുള്ള ഒരുപാടുപേര്‍ മാനസികപ്രയാസങ്ങളിലൂടെയും വലിയ ഭയത്തിലൂടെയുമാണ് കടന്നുപോവുന്നത്. ഇപ്പോഴും എത്രമാത്രം ആഘാതമാണ് സാമ്പത്തിക, സാമൂഹിക മേഖലയില്‍ സ്‍ഫോടനം ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല. യുണിസെഫ് പ്രതിനിധികള്‍ പറയുന്നതനുസരിച്ച് മൂന്ന് കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 31 പേരെങ്കിലും ആശുപത്രികളിലുണ്ട്. ആകെ മരണം 22 ആണ്. 6000 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. 3000,000 പേര്‍ക്കെങ്കിലും വീട് നഷ്‍ടപ്പെട്ടിട്ടുണ്ട്. (കടപ്പാട്/ദി ഗാര്‍ഡിയന്‍)

1975-1990 കാലത്തെ അഭ്യന്തരയുദ്ധം, 2006 -ലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നിവയെല്ലാം അനുഭവിച്ച് നില്‍ക്കുന്ന ഇവിടുത്തെ യുവജനങ്ങള്‍ക്ക് കനത്ത മാനസികാഘാതമാണ് സ്‍ഫോടനം ഏല്‍പ്പിച്ചത്. അവരുടെ മാനസികനിലയെ ഇത് വല്ലാതെ ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. മുപ്പത്തിയൊന്നുകാരിയായ ഹിബ പറയുന്നത് അപകടത്തിനുശേഷം അവള്‍ ഒരുപാട് കരയുന്നു എന്നാണ്. അവള്‍ക്കറിയാവുന്ന ഒരുപാടുപേരാണ് സംഭവത്തിനുശേഷം ആ ദുരന്തവുമായി പൊരുത്തപ്പെട്ടു പോവാനാവാതെ പതറിനില്‍ക്കുന്നത്. 

എന്‍എച്ച്എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലെബനീസ്-ബ്രീട്ടീഷ് സൈക്യാട്രിസ്റ്റായ ഡോ. അഹമ്മദ് ഹന്‍ഗീര്‍ പറയുന്നത്, 'ഈ സ്‍ഫോടനം വലിയ തരത്തിലുള്ള വിഷാദം, ആത്മഹത്യാ പ്രവണത, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോര്‍ഡര്‍, സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം കാരണമായേക്കാം' എന്നാണെന്ന് ദി ഗാര്‍ഡിയനെഴുതുന്നു. 90 ശതമാനം പേരിലും ഇപ്പോഴും ആവശ്യത്തിന് സഹായമെത്തുന്നില്ലായെന്നും അതിന് പറ്റിയ അവസ്ഥയല്ലെന്നും അദ്ദേഹം പറയുന്നു. അടുത്ത കാലത്തൊന്നും ഈ സ്‍ഫോടനമേല്‍പ്പിച്ച ആഘാതത്തെ തങ്ങള്‍ക്ക് മറികടക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് കൂടി അദ്ദേഹം പറയുന്നു. 

മാനസികമായി പിന്തുണ വേണ്ടവര്‍ക്കായി ഇവിടെയുള്ള അമ്മൂമ്മമാര്‍ക്ക് സിബിടി (Cognitive behavioral therapy) പോലെയുള്ള തെറാപ്പി നല്‍കാന്‍ പരിശീലനം നല്‍കിക്കൊണ്ടുള്ള ഒരു പദ്ധതി സിംബാബ്‍വെയില്‍ തങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അത് ഇവിടെയും നടപ്പിലാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും കൂടി അദ്ദേഹം പറയുന്നുണ്ട്. കാംബ്രിഡ്‍ജ് യൂണിവേഴ്‍സിറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ മെന്‍റല്‍ ഹെല്‍ത്ത് റിസര്‍ച്ചില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ കൂടിയാണ് ഹാന്‍ഗീര്‍. ഇതിനെയെല്ലാം മറികടന്ന് അതിജീവിക്കാനുള്ള കരുത്ത് ഇനിയെങ്കിലും ലെബനന്‍ നേടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. 

(സ്ഫോടനം/ശേഷമുള്ള ചിത്രങ്ങള്‍ കടപ്പാട്: ഗെറ്റി ഇമേജസ്)