ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ പിടിച്ചു കുലുക്കിക്കൊണ്ട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തുറമുഖത്ത് രണ്ടു വമ്പൻ സ്‌ഫോടനങ്ങൾ നടന്നിരിക്കുകയാണ്. തുറമുഖത്തിലെയും പരിസരത്തെയും നൂറുകണക്കിന് കെട്ടിടങ്ങളെ ചിതറിത്തെറിപ്പിച്ചുകൊണ്ട് ഒരു കൂൺ പോലെ, ആറ്റംബോംബ് സ്‌ഫോടനത്തെ ഓർമിപ്പിച്ചുകൊണ്ട് നടന്ന ഈ വൻ പൊട്ടിത്തെറിയിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ നടന്ന ഈ സ്ഫോടനം റിക്ടർ സ്കെയിലിൽ 3.3 തീവ്രതയുള്ള ഒരു ഭൂകമ്പത്തിനു തുല്യമായ ഷോക്ക് വേവ്സ് ആണ് നഗരത്തിലൂടെ പായിച്ചത് എന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ രേഖപ്പെടുത്തിയ സൈസ്മോഗ്രാഫ് ഡാറ്റ വെളിപ്പെടുത്തി.

അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടകവസ്‌തു, ടൺ കണക്കിന് സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഇത് മുമ്പെന്നോ പിടിച്ചെടുക്കപ്പെട്ട സ്‌ഫോടക വസ്‍തുക്കൾ സൂക്ഷിച്ചതിലെ ശ്രദ്ധക്കുറവിന്റെ പരിണിതഫലമാകാം എന്ന് ബെയ്‌റൂട്ട് ജനറൽ സെക്യൂരിറ്റി ചീഫ് ആയ അബ്ബാസ് ഇബ്രാഹിം പറയുന്നു. ഈ സ്‌ഫോടനത്തിന് കാരണക്കാർ ആരായാലും അവർ അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഹസൻ ദിയാബും ഉറപ്പുനൽകി. സ്‌ഫോടനത്തെ തുടർന്ന് ഉയർന്ന വിഷവാതകങ്ങളുടെ കുമിളയും ജനങ്ങൾക്ക് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ബെയ്‌റൂട്ടിന്റെ ആകാശത്ത് ഇപ്പോഴും കരിമ്പുക നിറഞ്ഞു നിൽക്കുന്നുണ്ട്.  

ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ സ്ഫോടനം ലെബനനെ നെടുകെ പിളർക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറെ മാസങ്ങളായി സാമ്പത്തിക പ്രയാസങ്ങളുടെയും രാഷ്ട്രീയ കെടുകാര്യസ്ഥതയുടെയും പേരിൽ വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന, പൊതുജനങ്ങൾ പട്ടിണിയിലും തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും കഷ്ടപ്പെടുന്ന ഒരു രാജ്യം കൂടിയാണ് ലെബനൻ. അങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾക്കിടെ പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരിയും ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തി, അവർ ആകെ പെടാപ്പാടു പെടുന്നതിനിടെയാണ് ഇപ്പോൾ ഈ സ്ഫോടനം ഉണ്ടായിട്ടുള്ളത്.

എന്താണ് ലെബനനിലെ പ്രശ്നം ?

ഈ വർഷമാദ്യം കൊറോണ വൈറസ് വ്യാപനം ഉണ്ടാകുന്നതിനു മുമ്പേ തന്നെ പ്രതിസന്ധിയിലാണ് ലെബനൻ. അവിടെ സാമൂഹികവും സാമ്പത്തികവുമായ ഒരു വൻ തകർച്ച ആസന്നമാണ്. പൊതുകടവും ജിഡിപിയും തമ്മിലുള്ള അനുപാതത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ലെബനനുള്ളത്. തൊഴിലില്ലായ്മ 25 % എത്തി നിൽക്കുന്ന ഈ രാജ്യത്ത് മൂന്നിലൊന്നു ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിഞ്ഞു കൂടുന്നവരാണ്.


കഴിഞ്ഞ വർഷം ലെബണനിൽ നടന്ന ഒരു 'സ്റ്റേറ്റ് സ്‌പോൺസേർഡ് കുംഭകോണ'മാണ് സ്ഥിതിഗതികൾ ഇത്രകണ്ട് വഷളാക്കിയതും രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതും. രാജ്യത്തെ സെൻട്രൽ ബാങ്ക് തന്നെയാണ് ഈ തട്ടിപ്പിന് കൂട്ടുനിന്നത്. സ്വന്തം ബാധ്യതകൾ വീട്ടാൻ വേണ്ടി അത്  മാർക്കറ്റ് റേറ്റിലും കൂടിയ നിരക്കിൽ രാജ്യത്തെ മറ്റ് കൊമേർഷ്യൽ ബാങ്കുകളിൽ നിന്ന് കടം വാങ്ങിക്കൊണ്ടിരുന്നു. അങ്ങനെ ചെയ്തുകൊണ്ട് അത് ലെബനീസ് പൗണ്ടും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് സ്ഥിരമായി നിർത്താൻ ശ്രമിച്ചു.


തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ സാധിക്കാത്ത നാട്ടിലെ ഗവണ്മെന്റിനെതിരെ ലെബനനിലെ ജനങ്ങൾക്കിടയിൽ അസംതൃപ്തിയും വളരുന്നുണ്ടായിരുന്നു. ദിവസവും മണിക്കൂറുകളോളം നീളുന്ന പവർകട്ടുകൾ, ആരോഗ്യരംഗത്തെ അതിശോചനീയമായ അവസ്ഥ, ലോകത്തിലെ ഏറ്റവും മോശപ്പെട്ട ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിങ്ങനെ പലതും ജനങ്ങളെ വലച്ചുകൊണ്ടിരുന്നു. അധികാരസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടർന്ന്, സ്വന്തം കീശ വീർപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ ചെലുത്തിയ മാറിമാറിവന്ന ഗവണ്മെന്റുകളാണ് ഇവിടുത്തെ ദുരവസ്ഥയ്ക്ക് കാരണം എന്ന് പലരും പറഞ്ഞു. രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നയപരിഷ്കാരങ്ങൾ ആരും കൊണ്ടുവരാത്തതിൽ പൊതുജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ടായിരുന്നു.

ഒടുവിൽ ജനം തെരുവിലിറങ്ങിയപ്പോൾ

ഈ അമർഷങ്ങൾ കുമിഞ്ഞു കൂടി ഒടുവിൽ 2019 ഒക്ടോബറിൽ ലെബനനിൽ വലിയൊരു പ്രക്ഷോഭം നടന്നു. ഡോളറുമായി തട്ടിച്ചു നോക്കുമ്പോൾ ലെബനീസ് പൗണ്ട് വല്ലാതെ ഇടിഞ്ഞപ്പോൾ, കരിഞ്ചന്ത വ്യാപാരം വീണ്ടും രാജ്യത്ത് കൊടികുത്തി വാഴാൻ തുടങ്ങിയപ്പോൾ, സഹികെട്ടാണ് ജനം തെരുവിലേക്കിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയത്. അതിനിടെ രാജ്യത്തിന്റെ പടിഞ്ഞാറൻ പർവതപ്രവിശ്യകളിലുണ്ടായ കാട്ടുതീ അണയ്ക്കാൻ അഗ്നിശമന സേനക്ക് കഴിയാതെ പോയതും ജനരോഷമേറ്റി. 

 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സർക്കാർ അതിനെ നേരിടാൻ ശ്രമിച്ചത് പെട്രോളിനും, പുകയിലക്കും, വാട്ട്സ്ആപ്പ് വോയ്‌സ് കോളുകൾക്കും ഒക്കെ പുതിയ നികുതികൾ ഏർപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ കടുത്ത പ്രതിഷേധങ്ങൾ ഉണ്ടായതോടെ അതൊക്കെ ഗവൺമെന്റിന് പിൻവലിക്കേണ്ടി വന്നു. അത്ര വലിയ പ്രക്ഷോഭമാണ് അത്തവണ ലെബനനിൽ നടന്നത്. പതിനായിരങ്ങൾ ബെയ്‌റൂട്ടിന്റെ തെരുവുകളെ മുദ്രാവാക്യങ്ങൾ കൊണ്ട് പ്രകമ്പനം കൊള്ളിച്ചു. അങ്ങനെ ഒടുവിൽ പ്രധാനമന്ത്രി സാദ് ഹാരിരിക്ക് രാജിവെച്ചൊഴിയേണ്ട സാഹചര്യമുണ്ടായി. ഈ പ്രക്ഷോഭങ്ങൾ രാജ്യത്തെ ദിവസങ്ങളോളം നിശ്ചലമാക്കി. 


അതിനിടെയാണ് കൊവിഡ് വരുന്നത്. ആയിരങ്ങൾക്ക് രോഗബാധയും നൂറുകണക്കിന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മാർച്ച് അവസാനത്തോടെ നമ്മളെപ്പോലെ അവരും ലോക്ക് ഡൗണിലേക്ക് പോകാൻ നിർബന്ധിതരായി. ഒരു കണക്കിന് ലോക്ക് ഡൌൺ സർക്കാരിന് ആശ്വാസം പകരുന്ന ഒന്നായിരുന്നു. കാരണം, അതുവരെ തെരുവിൽ ഉണ്ടായിരുന്ന പ്രക്ഷോഭകർ അതോടെ വീടുകളിലൊതുങ്ങി. എന്നാൽ, അല്ലെങ്കിൽ തന്നെ ദാരിദ്ര്യത്തിന്റെ വക്കിൽ നിന്നിരുന്ന ലെബനൻ അതോടെ കൊടിയ പട്ടിണിയിലേക്ക് തള്ളിവിടപ്പെട്ടു. അവരുടെ സാമൂഹിക സംവിധാനത്തിന്റെ അപര്യാപ്തത തുറന്നു കാട്ടുന്ന ഒന്നായി ലോക്ക് ഡൌൺ മാറി. അവശ്യസാധനങ്ങൾ കിട്ടാതെ ജനങ്ങൾ വല്ലാതെ പ്രയാസപ്പെട്ടു. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ മുതലെടുത്ത് വളർന്നു തുടങ്ങിയിരുന്ന കരിഞ്ചന്തക്കാർക്ക് കൊയ്ത്തുകാലമായി കൊറോണക്കാലം മാറി. വിലക്കയറ്റം ആകാശം തൊട്ടപ്പോൾ മാംസവും മത്സ്യവും ഒക്കെ പോട്ടെ, ജീവൻ നിലനിർത്താനുള്ള രണ്ടു നേരം വിശപ്പടക്കാനുള്ള പ്രാഥമികമായ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും ജനത്തിന് പറ്റാതെയായി.  

 

അതിനിടെ ഐഎംഎഫിന്റെ ഒരു ബില്യൺ ഡോളറിന്റെ 'ബെയ്ൽ ഔട്ട് പാക്കേ'ജ്  ലെബനൻ സർക്കാരിനെ തേടിയെത്തിയെങ്കിലും അതും അപര്യാപ്തമായിരുന്നു. രാജ്യത്ത് നടമാടിയിരുന്ന സാമൂഹിക അരക്ഷിതാവസ്ഥയും പട്ടിണിയും കരിഞ്ചന്തയും അഴിമതിയുമൊക്കെ തുടച്ചു നീക്കണമെങ്കിൽ കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തി തന്നെ വേണമായിരുന്നു. ഹാരിരിക്കു പകരം വന്ന പ്രധാനമന്ത്രി ഹസൻ ദിയാബ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ വേണ്ട നയപരിഷ്കാരങ്ങളിൽ മുഴുകിയെങ്കിലും അതിന്റെ ഫലങ്ങൾ ഇനിയും ദൃശ്യമാകാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 

അങ്ങനെ, അല്ലെങ്കിൽ തന്നെ വേണ്ടതിലധികം പ്രശ്നങ്ങളിൽ മുങ്ങിനിൽക്കുന്ന ലെബനനെ ഇപ്പോൾ ഇങ്ങനെ ഒരു വമ്പൻ സ്ഫോടനം കൂടി പിടിച്ചു കുലുക്കിയത് ജനങ്ങളെ ബാധിച്ചേക്കാം. ഇതിൽ നിന്ന് കരകയറാൻ വേണ്ടി ലോകരാഷ്ട്രങ്ങൾ എല്ലാം തന്നെ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സ്ഫോടനം ലബനനിൽ ഉണ്ടാക്കാവുന്ന രാഷ്ട്രീയ തുടർചലനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമായേക്കും.